മദ്യനികുതിയ്ക്ക് പിന്നില്‍ കര്‍ണാടക മദ്യലോബി, ഇതിന് എത്ര പണം കിട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് എം ബി രാജേഷ്

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതിലൂടെ നാട്ടില്‍ മുഴുവന്‍ മദ്യമൊഴുക്കാനാണ് യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനമെന്ന് മുന്‍ മന്ത്രി എംബി രാജേഷ്. പിന്നില്‍ കര്‍ണാടക മദ്യലോബിയാണെന്നും ഇതിനായി എത്ര പണം കിട്ടിയെന്ന് വി ഡി സതീശന്‍ വ്യക്തമാക്കണമെന്നും എം ബി രാജേഷ് പറഞ്ഞു. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതിലൂടെ നാട്ടില്‍ മുഴുവന്‍ മദ്യമൊഴുക്കാനുള്ള നീക്കമാണ് നടക്കുന്നത്. കേരളത്തില്‍ മദ്യം ഒഴുക്കി, നികുതിയിളവിലൂടെ സര്‍ക്കാരിന് വലിയ വരുമാനനഷ്ടമുണ്ടാക്കുന്നതിന് പിന്നിലെ താല്‍പര്യമെന്താണെന്ന് എംബി രാജേഷ് ചോദിച്ചു. കര്‍ണാടക മദ്യലോബിയാണ് ഇതിന് പിന്നിലുളളതെന്നും ഇതിന് എത്ര കിട്ടിയെന്ന് വി.ഡി സതീശന്‍ മറുപടി പറയണമെന്നും എംബി രാജേഷ് ആവശ്യപ്പെട്ടു.

പഴവര്‍ഗങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം നിര്‍മ്മിക്കുന്നതായിരുന്നു എല്‍ഡിഫ് നല്‍കിയ അനുമതി. യുഡിഎഫ് സ്പിരിറ്റ് ഉപയോഗിച്ച് വീര്യം കുറഞ്ഞ മദ്യം നിര്‍മ്മിക്കാനാണ് അനുമതി നല്‍കുന്നതെന്നും എം ബി രാജേഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇതുവഴി സമൂഹത്തോടുള്ള അന്യായത്തിനും അഴിമതിക്കുമുള്ള കളമൊരുക്കയാണെന്നും എംബി രാജേഷ് ആരോപിച്ചു. മദ്യത്തിന് എതിരായി വലിയ പ്രസംഗം നടത്തിയവര്‍ മദ്യം സുലഭമാക്കുകയാണ്. കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് സഹായം ചെയ്തുകൊടുക്കുകയാണ്. എല്‍ഡിഎഫ് നിഷേധിച്ച നികുതിയിളവാണ് യുഡിഎഫ് അനുവദിച്ചത്. ഭീമന്‍ വരുമാനനഷ്ടമാണ് നികുതിയിളവിലൂടെ യുഡിഎഫ് നടത്തുന്നത്. ഇതിന് പിന്നില്‍ അഴിമതിയുണ്ടെന്നും എം ബി രാജേഷ് പറഞ്ഞു.

‘എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പച്ചക്കറികളും പഴങ്ങളും ഉപയോഗിച്ച് വീര്യം കുറഞ്ഞ മദ്യം നിര്‍മിക്കാന്‍ അനുമതി നല്‍കിയിരുന്നു. അത് കൃഷിക്കാരെ സഹായിക്കാനാണ്. അതിന് വൈനിന്റെ അതേ നികുതിയാണ് നിശ്ചയിച്ചിരുന്നത്. വൈനിന് നിലവിലുള്ള നികുതിയാണ് ഹോര്‍ട്ടി വൈനിനും ഏര്‍പ്പെടുത്തിയത്. കൃഷിക്കാരുടെ ഉത്പന്നത്തിന് വിപണി കിട്ടാനാണ് ആ തീരുമാനം എടുത്തത്. എന്നാല്‍ സ്പിരിറ്റ് ഉപയോഗിച്ച് ഉണ്ടാക്കുന്ന മദ്യത്തിനാണ് പത്ത് ശതമാനം വരെ വീര്യമുള്ള മദ്യത്തിന്120% ശതമാനമായി നികുതി കുറച്ചു. 20% ശതമാനം വീര്യമുള്ളതിന് 175 ശതമാനം നികുതി കുറച്ചു. ഒറ്റ കോര്‍പ്പറേറ്റ് കമ്പനിയാണ് ഈ ആവശ്യം നേരത്തെ മുന്നോട്ടുവച്ചത്. ഈ കമ്പനിക്ക് വലിയ വിപണി കിട്ടാന്‍ സഹായിക്കുന്ന തീരുമാനമാണിത്. ഒരൊറ്റ കമ്പനിയുടെ ആവശ്യമായിരുന്നു അത്. ഇതേ ആവശ്യമുന്നയിച്ച് ആ കമ്പനി എല്‍ഡിഎഫ് സര്‍ക്കാരിനേയും സമീപിച്ചിരുന്നു. എന്നാല്‍ അന്ന് സര്‍ക്കാര്‍ അതിന് വഴങ്ങിയില്ല. നികുതി കുറച്ചത് ഈ കമ്പനിക്ക് വലിയ വിപണി കിട്ടാന്‍ സഹായിക്കും. അതിനുള്ള സഹായമാണ് സര്‍ക്കാര്‍ നല്‍കിയത്.

Read more

ഇത് റെഡി ടു ഡ്രിങ്ക് പാനീയമാണ്. നികുതി കുറയ്ക്കുമ്പോള്‍ അത് വ്യാപകമാവും, സുലഭമാവും. ശീതളപാനീയം പോലെ കുട്ടികളും യുവജനങ്ങളും അത് ഉപയോഗിക്കാനുള്ള സാധ്യതയുണ്ട്. മദ്യത്തിനെതിരേ വലിയ പ്രചാരണം നടത്തിയവരാണ് ഇത്തരം തീരുമാനത്തിലേക്ക് കടന്നിരിക്കുന്നതെന്നും എംബി രാജേഷ് ചൂണ്ടിക്കാട്ടി. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇതേ ആവശ്യം വന്നപ്പോള്‍ അതിന്റെ ദോഷവശങ്ങള്‍ ആലോചിച്ച് ആ തീരുമാനത്തില്‍ നിന്ന് പിന്മാറിയിരുന്നു. വലിയ സാമ്പത്തിക പ്രതിസന്ധിയെ കുറച്ച് പറയുന്ന ധനകാര്യമന്ത്രി കൂടിയായ മുഖ്യമന്ത്രിയാണ് നികുതിയിളവിലൂടെ കുറഞ്ഞത് 600 കോടി രൂപയുടെ നഷ്ടം സര്‍ക്കാരിനുണ്ടാക്കുന്നത്. ഈ ത്യാഗം സഹിക്കാനുണ്ടായ കൊടുക്കല്‍ വാങ്ങല്‍ എന്താണെന്ന് പുറത്തുവരണം. സംസ്ഥാനത്ത് മദ്യമൊഴുക്കാനുള്ള വിസ്മയമാണോ ഇതെന്നും എംബി രാജേഷ് ചോദിച്ചു. കേരളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇരുട്ടടി നല്‍കുന്ന ബജറ്റാണ് മുഖ്യമന്ത്രി അവതരിപ്പിച്ചതെന്നും എബി രാജേഷ് ആരോപിച്ചു. 1534 കോടി രൂപ ബജറ്റില്‍ വെട്ടിക്കുറച്ചു. തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ ലംഘനമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.