ഇന്ത്യയുടെ വളർച്ചാനിരക്ക് പെരുപ്പിച്ചു കാട്ടിയെന്ന് മുൻ സാമ്പത്തിക ഉപദേഷ്ടാവ്

2011-12 സാമ്പത്തിക വർഷം മുതല്‍ 2016-17 വരെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് 2.5 ശതമാനം പെരുപ്പിച്ച് കാട്ടിയെന്ന് പ്രധാനമന്ത്രിയുടെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍. ജിഡിപി വളര്‍ച്ചാനിരക്ക് സര്‍ക്കാര്‍ പെരുപ്പിച്ച് കാട്ടിയെന്ന ആരോപണം ശരിവെയ്ക്കുകയാണ് മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്. 4.5 ശതമാനമായിരുന്ന വളര്‍ച്ചാനിരക്ക് ഏഴ് ശതമാനമായി ഉയര്‍ത്തിക്കാട്ടി. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ റിസര്‍ച്ച് പേപ്പറിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

Read more

2011- നും 2016- നുമിടയ്ക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വളര്‍ച്ചാനിരക്ക് 6.9 ശതമാനമാണ്. അതേസമയം ഇത് യഥാര്‍ത്ഥത്തില്‍ 3.5 ശതമാനത്തിനും 5.5 ശതമാനത്തിനും ഇടയില്‍ മാത്രമാണ്. 17 പ്രധാന സാമ്പത്തിക സൂചികകളെ ആധാരമാക്കിയാണ് അരവിന്ദ് സുബ്രഹ്മണ്യന്റെ വിശകലനം. ഇത് ജിഡിപി വളര്‍ച്ചാനിരക്കുമായി വലിയ തോതില്‍ ബന്ധപ്പെട്ടിരിക്കുന്നു.വളര്‍ച്ചാനിരക്ക് പെരുപ്പിച്ച് കാട്ടിയ മേഖലകളില്‍ പ്രധാനപ്പെട്ട ഒന്ന് മാനുഫാക്ച്വറിംഗ് ആണ്. ഓട്ടോമൊബൈല്‍ മേഖലയുമായി ബന്ധപ്പെട്ട ഇന്ത്യന്‍ നയം തെറ്റാണ് എന്നും അരവിന്ദ് സുബ്രഹ്മണ്യന്‍ പറഞ്ഞു. ഇന്ത്യയുടെ ജിഡിപി കണക്കാക്കല്‍ രീതിയില്‍ സമഗ്രമായ മാറ്റം വേണമെന്ന് ഇന്ത്യന്‍ എക്സ്പ്രസ്സ് ദിനപത്രത്തിലെ ലേഖനത്തില്‍ അരവിന്ദ് സുബ്രഹ്മണ്യന്‍ പറയുന്നു. ഉയര്‍ന്ന വളര്‍ച്ചാനിരക്ക് വീണ്ടും നേടുക എന്നത് ലക്ഷ്യമിട്ടുള്ള നയമാണ് വേണ്ടത് – അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മോദി സർക്കാരിന്റെ അവസാന ഘട്ടത്തിൽ രാജി വെച്ചൊഴിയുകയായിരുന്നു അദ്ദേഹം.