കെഎല്‍എഫ് വെളിച്ചെണ്ണയ്ക്കെതിരെ വ്യാജപ്രചരണം; രണ്ട് ഗള്‍ഫ് മലയാളികള്‍ കുറ്റക്കാരെന്ന് കോടതി

കെഎല്‍എഫ് നിര്‍മല്‍ വെളിച്ചെണ്ണയ്ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചരണം നടത്തിയ കേസില്‍ രണ്ട് ഗള്‍ഫ് മലയാളികള്‍ കുറ്റക്കാരാണെന്ന് എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി കണ്ടെത്തി. ആലുവ ഇടയപ്പുറം ചാവര്‍ക്കാട് പെരുമ്പിള്ളി അന്‍സാരി സി. എ., തൃശൂര്‍ ജില്ലയിലെ കുണ്ടലിയൂര്‍ പടമാട്ടുമ്മല്‍ ഷിജു ചന്ദ്രബോസ് എന്നിവരെയാണ് കുറ്റക്കാരായി കോടതി വിധിച്ചത്. ഇറക്കുമതി ചെയ്യുന്ന ഭക്ഷണസാധനങ്ങള്‍ക്ക് കര്‍ശനമായ പരിശോധനകള്‍ നിലവിലുള്ള യുഎഇയില്‍ നിന്നു വാങ്ങിയ കെഎല്‍ഫ് വെളിച്ചെണ്ണയില്‍ പാരഫിന്‍ വാക്സ് കലര്‍ന്നിട്ടുണ്ടെന്ന വ്യാജവിഡിയോ നിര്‍മിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്.

കെഎല്‍എഫ് നിര്‍മല്‍ ഇന്‍ഡസ്ട്രീസ് നല്‍കിയ ക്രിമിനല്‍ മാനനഷ്ടക്കേസിലാണ് കോടതിയുടെ വിധി. ശുദ്ധമായ വെളിച്ചെണ്ണ നിര്‍മാതാക്കളെന്നു പേരു കേട്ട കെഎല്‍എഫിന്റെ വില്‍പ്പനയില്‍ ഇക്കാരണത്താല്‍ ഗണ്യമായ ഇടിവുണ്ടായെന്നു ചൂണ്ടിക്കാട്ടിയാണ് കമ്പനി നിയമനടപടികള്‍ സ്വീകരിച്ചിരിച്ചത്. ഫാറ്റി ആസിഡുകളുടെ തന്മാത്രകളാണ് വെളിച്ചെണ്ണയുടെ ഉള്ളടക്കം. താപനില 25 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് താഴേയ്ക്കു പോകുമ്പോള്‍ ഈ ഫാറ്റി ആസിഡുകള്‍ കട്ട പിടിയ്ക്കാന്‍ തുടങ്ങുന്നു. പിന്നീട് ഇവ ചെറിയ ഗോളങ്ങളായി (ഗ്രാന്യൂള്‍സ്) താഴേയ്ക്കടിയുന്നു. ഇങ്ങനെ രൂപപ്പെട്ട ഖരവസ്തുവിനെയാണ് മേല്‍പ്പറഞ്ഞവര്‍ പാരഫിന്‍ വാക്സ് എന്നു കാണിച്ച് വ്യാജപ്രചരണം നടത്തിയതെന്ന് കെഎല്‍എഫ് നിര്‍മല്‍ ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ പോള്‍ ഫ്രാന്‍സിസ് പറഞ്ഞു.

Read more

കേരോല്‍പ്പന്നങ്ങളുടെ മേഖലയില്‍ 75-ലേറെ വര്‍ഷത്തെ പാരമ്പര്യമുള്ളവരും അക്കാരണത്താല്‍ത്തന്നെ ഉത്തരവാദിത്തത്തോടെ ബിസിനസ് ചെയ്തു വരുന്നവരുമാണ് തങ്ങളെന്നും പോള്‍ ഫ്രാന്‍സിസ് പറഞ്ഞു. സോഷ്യല്‍ മീഡിയയുടെ പിന്‍ബലത്തില്‍ തികച്ചും വാസ്തവ വിരുദ്ധമായ സംഗതികള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ഇതൊരു പാഠമാകണമെന്നാണ് തങ്ങളാഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതു കണക്കിലെടുത്ത് ഇന്ത്യന്‍ ശിക്ഷാ നിയമം 499, 500 വകുപ്പുകള്‍ പ്രകാരമുള്ള ക്രിമിനല്‍ മാനനഷ്ടക്കേസിലാണ് ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റിന്റെ ഉത്തരവ്.