എണ്ണവില കുത്തനെ കൂടി; ബാരലിന് 70 ഡോളര്‍

ആഗോള വിപണയില്‍ എണ്ണവില കുത്തനെ ഉയര്‍ന്നു. സൗദി അറേബ്യയിലെ ആരാംകോയില്‍ എണ്ണ ഉത്പാദന കേന്ദ്രത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് എണ്ണ ഉത്പാദനം പകുതിയായതോടെയാണ് ഇന്ധനവില ഉയരുന്നത്.

അസംസ്‌കൃത എണ്ണവില 20 ശതമാനം കൂടിയിട്ടുണ്ട്. ബാരലിന് 70 ഡോളര്‍ വരെ എത്തി. 80 ഡോളര്‍ വരെ വില വര്‍ദ്ധിക്കാനാണ് സാദ്ധ്യത. 28 വര്‍ഷത്തിനിടെ ഒറ്റ ദിവസം കൊണ്ടുണ്ടാകുന്ന ഏറ്റവും വലിയ വര്‍ദ്ധനയാണിത്.

വിപണി ഇന്ന് തുറന്നതോടെ എണ്ണ വില 60 ഡോളറില്‍ നിന്നും 71-ലേക്കെത്തി. ഇന്നത്തെ മാത്രം വര്‍ദ്ധന 11.73 ഡോളറാണ്. വിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. സൗദിയുടെ ഉത്പാദനം കുറഞ്ഞത് ഇന്ത്യയെ സാരമായി ബാധിക്കും.

പ്രതിദിനം 50 ലക്ഷം ബാരല്‍ എണ്ണ പമ്പു ചെയ്യുന്ന 1200 കിലോമീറ്റര്‍ നീളമുള്ള പ്രധാന പൈപ്പ്‌ ലൈനിനു നേരെയായിരുന്നു ആക്രമണമുണ്ടായത്. ഇക്കാരണത്താല്‍ ഇതിലൂടെയുള്ള എണ്ണ പംമ്പിംഗ് താത്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്.

ദിവസേന ഏഴു ദശലക്ഷം ബാരല്‍ എണ്ണ ഉത്പാദിപ്പിക്കാനുള്ള ശേഷി പ്ലാന്റിനുണ്ട്. അപകടത്തോടെ ഇത് അഞ്ചു ദശലക്ഷം ബാരലായി കുറയും. ഇതിനെ തുടര്‍ന്നാണ് സൗദിയുടെ എണ്ണ ഉത്പാദനം പകുതിയോളം മുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചത്. അരാംകോയുടെ അബ്‌ഖൈഖ്, ഖുറൈസ് എന്നിവിടങ്ങളിലെ സംസ്‌കരണ പ്ലാന്റില്‍ നിന്നുള്ള എണ്ണ ഉത്പാദനം താത്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്