കൊറോണ വൈറസ് ഇന്ത്യയുടെ വളർച്ചാ കാഴ്ചപ്പാടിനെ “ഗണ്യമായി മാറ്റിയിരിക്കുന്നു”: റിസർവ് ബാങ്ക്

 

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വീണ്ടെടുക്കലിനെ കുറിച്ചുള്ള കാഴ്ചപ്പാട് വലിയ രീതിയിൽ മാറിമറിഞ്ഞതായി റിസർവ് ബാങ്ക് (ആർ‌ബി‌ഐ) അതിന്റെ ധനകാര്യ നയ റിപ്പോർട്ടിൽ പറഞ്ഞു. ദക്ഷിണേഷ്യയുടെ വളർച്ചാ സംവിധാനത്തിൽ കൊറോണ വൈറസ് പകർച്ചവ്യാധി ആഴത്തിലുള്ള സ്വാധീനം ചെലുത്തുന്നതായി റിസർവ് ബാങ്ക് അടിവരയിട്ടു പറഞ്ഞു.

“കോവിഡ് -19 പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ്, 2020-21 വരെയുള്ള കാഴ്ചപ്പാട് വളർച്ചയെ ഉറ്റു നോക്കുന്നതായിരുന്നു, കോവിഡ്-19 പകർച്ചവ്യാധി ഈ കാഴ്ചപ്പാടിനെ സാരമായി മാറ്റിമറിച്ചു. ആഗോള സമ്പദ്‌വ്യവസ്ഥ 2020- ൽ മാന്ദ്യത്തിലേക്ക് വീഴുമെന്നാണ് കോവിഡ്-19 ന് ശേഷമുള്ള സ്ഥിതിയെ കുറിച്ചുള്ള പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്,” റിസർവ് ബാങ്ക് പറഞ്ഞു.

2019-ലെ അവസാന മൂന്ന് മാസങ്ങളിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വികസനം ആറു വർഷത്തിനിടയിലെ ഏറ്റവും മന്ദഗതിയിലായിരുന്നു, കൂടാതെ മുഴുവൻ വർഷത്തെ വളർച്ച 5 ശതമാനം കൈവരിക്കുമെന്ന് പ്രവചിക്കപ്പെട്ടു, ഇത് ഒരു ദശകത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്.

രാജ്യത്തെ കൊറോണ വൈറസ് ലോക്ക്ഡൗണും, ബാഹ്യ ഡിമാൻഡ് നഷ്ടവും മൂലമുള്ള സാമ്പത്തിക മാന്ദ്യത്തിൽ നിന്നും കരകയറാൻ അന്താരാഷ്ട്ര ക്രൂഡിന്റെ വിലയിൽ ഉണ്ടായ ഇടിവിൽ നിന്നുള്ള വ്യാപാര നേട്ടത്തിനും സാധിക്കില്ലെന്ന് റിസർവ് ബാങ്ക് അറിയിച്ചു.

കഴിഞ്ഞ മാസം നയപ്രസ്താവനയിൽ പറഞ്ഞതു പോലെ, സ്ഥിതിഗതികൾ വളരെ അനിശ്ചിതത്വത്തിലാണെന്നും ജിഡിപി വളർച്ചയെ കുറിച്ച് എന്തെങ്കിലും പ്രവചനങ്ങൾ നൽകുന്നത് ഒഴിവാക്കുകയാണെന്നും റിസർവ് ബാങ്ക് ആവർത്തിച്ചു.

നിലവിലെ പരിസ്ഥിതി വലിയ രീതിയിലുള്ള മാറ്റങ്ങൾക്കു കാരണമായേക്കാവുന്ന ഒന്നായി വിശേഷിപ്പിച്ച റിസർവ് ബാങ്ക്, കോവിഡ്-19 ന്റെ തീവ്രത, വ്യാപനം, ദൈർഘ്യം”എന്നിവ വിലയിരുത്തുകയാണെന്ന് പറഞ്ഞു.