കൊച്ചി വിമാനത്താവളത്തിൽ യൂസഫലി ഏറ്റവും വലിയ രണ്ടാമത്തെ ഓഹരി ഉടമ

കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്റെ (സിയാല്‍) സ്ഥാപക പ്രൊമോട്ടര്‍മാരില്‍ ഒരാളും കമ്പനിയുടെ രണ്ടാമത്തെ ഏറ്റവും വലിയ നിക്ഷേപകനുമായിരുന്ന ജോര്‍ജ്ജ്.വി.നേരെപറമ്പിൽ [എൻ. വി ജോർജ്] 1.21 കോടി ഓഹരികള്‍ വിൽപ്പന നടത്തി . സിയാലില്‍ ജോര്‍ജിന്റെ ഓഹരി പങ്കാളിത്തം 11.96 ശതമാനത്തില്‍ നിന്ന് 8.81 ശതമാനമായി കുറഞ്ഞു. ഇതോടെ ലുലു ഗ്രൂപ്പ് തലവൻ എം.എ യൂസഫലി സിയാലിലെ രണ്ടാമത്തെ വലിയ ഓഹരിയുടമയായി മാറി.

സിയാലിൽ കേരള സര്‍ക്കാരിനാണ് ഏറ്റവും കൂടുതല്‍ ഓഹരികളുള്ളത്,  32.4 ശതമാനം.കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ യൂസഫലി തന്റെ ഓഹരി പങ്കാളിത്തം 7.87 ശതമാനത്തില്‍ നിന്ന് 9.88 ശതമാനമായി ഉയര്‍ത്തി. എം.എ. യൂസഫലിക്കു പുറമേ സിന്തൈറ്റ് ഇന്‍ഡസ്ട്രീസ്, ഹഡ്‌കോ, എസ്ബിഐ, എയര്‍ ഇന്ത്യ, ഫെഡറല്‍ ബാങ്ക് എന്നീ സ്ഥാപനങ്ങള്‍ക്കും സിയാലിൽ വലിയ തോതിലുള്ള ഓഹരി പങ്കാളിത്തമുണ്ട്.

മുഴുവന്‍ ഓഹരികളും വിറ്റഴിക്കാന്‍ എന്‍.വി ജോര്‍ജ് ശ്രമം നടത്തുന്നതായി രണ്ടു വര്‍ഷം മുമ്പു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.സിയാലിന്റെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ പ്രകാരം 2017-18 ല്‍ 96 ലക്ഷം ഓഹരികളും കഴിഞ്ഞ സാമ്പത്തിക വര്‍ഷം 25 ലക്ഷം ഓഹരികളുമാണ് ജോര്‍ജ് കൈമാറ്റം ചെയ്തത്. 2018-19 കാലയളവില്‍ മാത്രം ജോർജ് 20 തവണ ഓഹരികള്‍ വിറ്റഴിച്ചു.  സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്തിട്ടില്ലാത്തതിനാല്‍ വ്യക്തിഗതമായാണ് സിയാല്‍ ഷെയറുകളുടെ വില്‍പ്പന നടക്കുന്നത്. 200 രൂപയ്ക്ക് മുകളിലാണ് ഒരു ഓഹരിയുടെ ഇപ്പോഴത്തെ മാർക്കറ്റ് വില.

മികച്ച പ്രവര്‍ത്തന പാരമ്പര്യമുള്ള കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് പുരോഗതിയുടെ പാത കൂടുതല്‍ വിശാലമാക്കുന്ന സമയത്താണ് ജോര്‍ജ് ഓഹരി പങ്കാളിത്തം കുറിച്ചിരിക്കുന്നത്. ഒരു ദശകത്തിലേറെയായി ലാഭക്കുതിപ്പിന്റെ ബലത്തില്‍ സ്ഥിരമായി ലാഭവിഹിതം നല്‍കിപ്പോരുന്ന കമ്പനിയാണിത്.ഗള്‍ഫ് രാജ്യങ്ങളിലും കേരളത്തിലും വിവിധ മേഖലകളില്‍ ബിസിനസ് നടത്തിപ്പോരുന്ന ജോര്‍ജില്‍ നിന്നും ഓഹരി കൈമാറ്റത്തിന്റെ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

2018-19 സാമ്പത്തിക വര്‍ഷത്തില്‍ 650.34 കോടി രൂപ വിറ്റുവരവോടെ സിയാല്‍ 166.92 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. 27 ശതമാനം ലാഭവിഹിതവും നല്‍കി. 2014 ല്‍ 1: 4 അവകാശ ഓഹരി ഇഷ്യൂ നടത്തിയിരുന്നു.