ഷോപ്പിംഗിന് കാര്‍ഡ് ഉപയോഗിച്ച് പണമടച്ചാല്‍ നികുതി ഇളവ് ലഭിക്കും

ഷോപ്പിങ് ഇടപാടുകള്‍ക്ക് ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുകളോ ഇ വാലേറ്റുകളോ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് ജിഎസ്ടി നിരക്കില്‍ ഇളവ് ലഭിച്ചേക്കും. രണ്ട് ശതമാനം വരെ ഇളവാണ് അനുവദിച്ചേക്കുക. പണ ഇടപാടുകള്‍ ഡിജിറ്റല്‍ സാങ്കേതികയുടെ കീഴില്‍ കൊണ്ടു വരുന്നതിന് പ്രോത്സാഹനം നല്‍കുന്നതിനാണ് ഇത്തരമൊരു നീക്കം. ഈ നടപടി ജിഎസ്ടി കൗണ്‍സിലിന്റെ അടുത്ത യോഗത്തിലെ തീരുമാനമായോ ഡിജിറ്റൈസേഷന് ഊന്നല്‍ നല്‍കുന്ന ബജറ്റ് നിര്‍ദേശങ്ങളുടെ ഭാഗമായോ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

ഉപഭോക്താക്കള്‍ ഡെബിറ്റ് കാര്‍ഡ്, ഭീം ആപ്, ആധാര്‍ പേ എന്നിവ ഉപയോഗിച്ചു 2000 രൂപ വരെയുള്ള ഇടപാടുകള്‍ നടത്തുമ്പോള്‍ അതിന്മേല്‍ വ്യാപാരികള്‍ ബാങ്കുകള്‍ക്കു നല്‍കേണ്ടതും മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് എന്നറിയപ്പെടുന്നതുമായ ഫീസ് രണ്ടു വര്‍ഷത്തേക്കു സര്‍ക്കാര്‍ വഹിക്കുമെന്ന തീരുമാനം പുതുവര്‍ഷത്തിന്റെ ആദ്യ ദിനത്തില്‍ നടപ്പില്‍വന്നു കഴിഞ്ഞു. 2019 ഡിസംബര്‍ 31 വരെ ഈ സംവിധാനം പ്രാബല്യത്തിലുണ്ടായിരിക്കും. ഈ കാലയളവില്‍ ഉപഭോക്താക്കളില്‍നിന്നു വ്യാപാരികള്‍ എംഡിആര്‍ ഈടാക്കില്ല. ബാങ്കുകള്‍ക്ക് ഈ ഇനത്തില്‍ ലഭിക്കേണ്ട തുക സര്‍ക്കാരില്‍നിന്ന് അനുവദിക്കും. സര്‍ക്കാരിന് ഈ ഇനത്തില്‍ 2512 കോടി രൂപയുടേതാണു ബാധ്യത.

ഓരോ ഇടപാടിനും അനുവദിക്കുന്ന നികുതി ഇളവിനു പരിധിയുണ്ടായിരിക്കും. ഇതു 100 രൂപ എന്നു നിശ്ചയിച്ചേക്കുമെന്നാണ് അറിയുന്നത്. നോട്ടു നിരോധനം നടപ്പില്‍ വന്ന കാലയളവിലാണ് ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ഊന്നല്‍ നല്കുന്ന പരിപാടിക്കു തുടക്കമായത്. അതിനാല്‍ തന്നെ ഇത് ഡിജിറ്റല്‍ ഇടപാടുകളില്‍ വന്‍ കുതിപ്പുണ്ടാക്കുകയും ചെയ്തു. കറന്‍ ക്ഷാമമാണ് കാര്‍ഡ് ഉപയോഗത്തെ ഇപ്പോഴത്തെ നിലവാരത്തിലെത്തിച്ചതെന്നാണ് എസ്ബിഐ പറയുന്നത്. അല്ലാത്ത പക്ഷം ഇത്തരമൊരു മുന്നേറ്റത്തിന് മൂന്നു വര്‍ഷം വേണ്ടി വരുമായിരുന്നു എന്നാണ് എസ്ബിഐയുടെ വിലയിരുത്തല്‍.