ബിറ്റ്‌കോയിൻ മൂല്യത്തിൽ വീണ്ടും കുതിപ്പ്, ഒരു കോയിന്റെ വില ഏഴു ലക്ഷം രൂപക്ക് മുകളിൽ

Advertisement

ലോകത്തെ ഏറ്റവും പ്രമുഖ ഡിജിറ്റൽ കറൻസിയായ ബിറ്റ്‌കോയിന്റെ വില കുതിച്ചുയർന്നു. ഒരു ബിറ്റ്‌കോയിന്റെ മൂല്യം 10,000 ഡോളർ എന്ന മാർക്ക് [ഏകദേശം 7 ലക്ഷം രൂപ]  വീണ്ടും മറികടന്നു. കഴിഞ്ഞ 15 മാസത്തിനിടയിൽ ഇതാദ്യമായാണ് ബിറ്റ്‌കോയിന്റെ മൂല്യം 10,000 ഡോളർ മറി കടന്ന് മുന്നേറുന്നത്. കഴിഞ്ഞ ദിവസം ബിറ്റ്‌കോയിന്റെ മൂല്യം അഞ്ച് ശതമാനം ഉയർന്ന് 10,500 ഡോളറിലേക്കെത്തി.

2017 ഒടുവിൽ ബിറ്റ്‌കോയിന്റെ മൂല്യത്തിൽ അഭൂതപൂർവമായ മുന്നേറ്റം പ്രകടമായിരുന്നു. അന്ന് ഒരു നാണയത്തിന്റെ മൂല്യം 20,000 ഡോളറിന് അടുത്ത് വരെ ഉയർന്നിരുന്നു. ധാരാളം ആളുകൾ ബിറ്റ്‌കോയിൻ ഉൾപ്പടെയുള്ള ക്രിപ്റ്റോകറൻസികളിൽ നിക്ഷേപം നടത്താൻ ഈ ഘട്ടത്തിൽ മുന്നോട്ട് വന്നിരുന്നു. എന്നാൽ പിന്നീട് പൊടുന്നനെ ഇതിന്റെ വില ഇടിയുന്നതാണ് കണ്ടത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ബിറ്റ്‌കോയിൻ വീണ്ടും തകർപ്പൻ മുന്നേറ്റ പാതയിൽ തിരിച്ചെത്തിയിരിക്കുകയാണ്.

2017 ഡിസംബറിലാണ് ബിറ്റ്‌കോയിൻ വില സർവകാല റെക്കോർഡ് ഭേദിച്ചത്. അന്ന് മൂല്യം 19,511 ഡോളർ വരെയെത്തിരയിരുന്നു. എന്നാൽ 2018 ഡിസംബറായപ്പോൾ ഇതിന്റെ മൂല്യം 3100 ഡോളറിലേക്ക് കൂപ്പു കുത്തി. കഴിഞ്ഞ ഏതാനും മാസമായി 3300 – 4100 ഡോളർ റേഞ്ചിലാണ് ഇത് നീങ്ങിയിരുന്നത്. ഇപ്പോൾ വീണ്ടും വില കൂടി വരികയാണ്. അതിനിടെ ഫേസ്‌ബുക്ക് ‘ലിബ്ര’  എന്ന പേരിൽ പുതിയ ഡിജിറ്റൽ കറൻസി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.