നിങ്ങള്‍ പുകവലി നിര്‍ത്തിയോ? എങ്കില്‍ ആപ്പിളും തക്കാളിയും നിര്‍ബന്ധമായും കഴിക്കണം

ഏറെക്കാലം പുകവലിയെന്ന ദുശീലം കൊണ്ടു നടന്ന് അത് ഉപേക്ഷിച്ച ആളാണോ നിങ്ങള്‍. എങ്കില്‍ നിര്‍ബന്ധമായും ദിവസേനെയുള്ള ഡയറ്റില്‍ തക്കാളികളും ആപ്പിളും ഉള്‍പ്പെടുത്തുക. നിങ്ങള്‍ പുകവലിച്ചിരുന്ന കാലത്ത് ശ്വാസകോശത്തിന് ഏറ്റ പ്രശ്നങ്ങള്‍ നികത്താന്‍ ഇതുകൊണ്ട് സാധിക്കുമത്രെ.

സ്ഥിരമായി രണ്ട് തക്കാളിയും മൂന്ന് പോര്‍ഷന്‍ ആപ്പിളും കഴിക്കുന്ന ആളുകള്‍ക്കിടയിലാണ് പഠനം നടത്തിയത്. ഇങ്ങനെ കഴിക്കാത്തവരെ അപേക്ഷിച്ച് ശ്വാസകോശത്തിന് വരുന്ന പ്രശ്നങ്ങള്‍ ആദ്യ വിഭാഗക്കാരില്‍ കുറയുമത്രെ. ഫ്രഷ് ആപ്പിളും തക്കാളിയും തന്നെ കഴിക്കണം. ആപ്പിള്‍ നീരോ സിഡാറോ ഒന്നും കഴിച്ചിട്ട് കാര്യമില്ല. ജോണ്‍സ് ഹോപ്കിന്‍സ് ബ്ലൂംബര്‍ഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.

പ്രായപൂര്‍ത്തിയായ 650 പേരിലാണ് പരീക്ഷണം നടത്തിയത്. അവരുടെ ഡയറ്റ് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാം ഇവര്‍ പഠിച്ച് മനസിലാക്കി. പുകവലി നിര്‍ത്തിയവരില്‍ ഭക്ഷണ ശീലവും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനവും തമ്മില്‍ സക്രിയമായ ബന്ധമുണ്ടെന്നും പഠനത്തില്‍ കണ്ടെത്തി. പുകവലി നിര്‍ത്തിയവര്‍ ഭക്ഷണത്തില്‍ കൂടുതല്‍ പഴങ്ങള്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. പ്രത്യേകിച്ചും ആപ്പിള്‍. ദിവസത്തില്‍ ഏറ്റവും ചുരുങ്ങിയത് ഒരു ആപ്പിള്‍ എങ്കിലും കഴിക്കാം. ഇങ്ങനെ ശീലിക്കുന്നവരുടെ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഭാവിയില്‍ മികച്ച രീതിയിലായിരിക്കാനാണ് സാധ്യത.