വേനൽകാലത്ത് പൊതുവെ എല്ലാരും ചായ, കോഫി എന്നിവയെല്ലാം ഒഴിവാക്കി തണുത്ത പാനീയങ്ങളാണ് കൂടുതലായും കുടിക്കാറുള്ളത്. ഇതിനോടൊപ്പം തന്നെ ക്ഷീണം തോന്നുമ്പോൾ ചിലർ എനർജി ഡ്രിങ്കുകളും കുടിക്കാറുണ്ട്. ഇതൊരു ശീലമാക്കിയവർ വരെ നമുക്ക് ചുറ്റുമുണ്ട്. ഇതിൽ എനർജി ഡ്രിങ്കുകളോട് അമിത ആസക്തിയുള്ളവരുമുണ്ട്. എന്നാൽ ഇവയുടെ അപകട വശങ്ങൾ തിരിച്ചറിയാറില്ല ആരും തിരിച്ചറിയാറില്ല എന്നതാണ് സത്യം.
ഹൃദ്രോഗങ്ങൾ, വൃക്കരോഗങ്ങൾ എന്നിവയുടെ സാധ്യത വർധിപ്പിക്കുന്നതിൽ എനർജി ഡ്രിങ്കിന് പങ്കുണ്ടെന്ന് വിശദമാക്കുന്ന നിരവധി പഠനങ്ങൾ ഇതിനകം തന്നെ പുറത്തു വന്നിട്ടുണ്ട്. എന്നാൽ ഇവയെക്കൂടാതെ മറ്റു ചില രോഗങ്ങൾക്ക് കൂടി എനർജി ഡ്രിങ്കുകൾ കാരണമാകുന്നുണ്ട് എന്നും ഇവയെല്ലാം കരുതലോടെ കൈകാര്യം ചെയ്യണമെന്നും വ്യക്തമാക്കുകയാണ് നോർത്ത് യോക്ഷെയറിൽ രജിസ്റ്റേർഡ് ഡയറ്റീഷ്യനായ അനബെൽ ഗിപ്പ്. ഉത്കണ്ഠാരോഗം, ഉറക്കക്കുറവ്, അമിത രക്തസമ്മർദം, കടുത്ത തലവേദന, ഗ്യാസ്ട്രിക് രോഗങ്ങൾ എന്നിവയ്ക്കും എനർജി ഡ്രിങ്കുകൾ കാരണമാകും എന്നാണ് അനബെൽ പറയുന്നത്.
എനർജി ഡ്രിങ്ക്സിൽ കഫീന്റെ അളവ് കൂടുതലാണ്. ഇവ ഗുരുതരമായ പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു എന്നാണ് അനബെൽ പറയുന്നത്. കൗമാരക്കാരെ കൂടാതെ കുട്ടികളിലും ഇതിന്റെ വ്യാപകമായ ഉപയോഗമുണ്ട്. രക്തസമ്മർദത്തിന്റെ തോത് കൂടാനും ഉറക്കം തടസ്സപ്പെടാനും കടുത്ത തലവേദനയ്ക്കും വയറിന് അസ്വസ്ഥകൾക്കും ഇവ കാരണമാകുന്നു എന്നും ഇതുമായി ബന്ധപ്പെട്ട കുട്ടികളിൽ ഹൈപ്പർ ആക്ടിവിറ്റിയും അനുബന്ധ പെരുമാറ്റ പ്രശ്നങ്ങളും കണ്ടു വരുന്നുണ്ടെന്നും അനബെൽ പറയുന്നു. ഇവയോടൊപ്പം ദീർഘകാല പ്രത്യാഘാതങ്ങളേക്കുറിച്ചും അനബെൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
അസ്ഥിയുടെ വളർച്ച നിർണായകമായ പ്രായക്കാരാണ് കൗമാരത്തിലുള്ളവർ. കഫീന്റെ ഉപയോഗം കൂടുമ്പോൾ ശരീരത്തിൽ കാൽസ്യത്തിന്റെ ആഗിരണം തടസ്സപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് അസ്ഥികളുടെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് അനബെൽ പറയുന്നത്
ഇനി എങ്ങനെയാണ് എനർജി ഡ്രിങ്കുകൾ വില്ലനാകുന്നത് എന്നു നോക്കാം… വളരെ കുറഞ്ഞ അളവിൽ വിറ്റാമിനുകൾ, രുചിയും നിറവും ലഭിക്കുന്നതിനുള്ള രാസവസ്തുക്കൾ, ധാരാളം കൃത്രിമ വസ്തുക്കൾ, ഉന്മേഷം പ്രദാനം ചെയ്യാൻ ഉയർന്ന തോതിൽ കഫീൻ എന്നിവയെല്ലാം അടങ്ങിയ പാനീയങ്ങളാണ് എനർജി ഡ്രിങ്കുകൾ. കുടിക്കുന്ന സമയത്ത് വളെരയധികം ഊർജവും ഉന്മേഷവും തോന്നും എന്നതൊഴിച്ചാൽ ദീർഘകാല ഉപയോഗത്തിലൂടെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാവുക.
എനർജി ഡ്രിങ്കുകളിൽ ഉയർന്ന തോതിൽ കഫീനും മറ്റ് രാസവസ്തുക്കളും അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയമിടിപ്പും രക്തസമ്മർദത്തിന്റെ തോതും എളുപ്പത്തിൽ കൂട്ടുന്നു. ഇവ രണ്ടും ഹൃദയാരോഗ്യം വളരെ പെട്ടെന്ന് മോശമാക്കുന്നു. ഒരാൾ ദിവസവും കുടിക്കുന്ന കാപ്പിയിൽ ഉള്ളതിനേക്കാൾ എത്രയോ മടങ്ങ് കൂടുതൽ കഫീനാണ് ഇവയിൽ അടങ്ങിയിരിക്കുന്നത്. കഫീൻ മാത്രം അടങ്ങിയിരിക്കുന്ന പാനീയങ്ങളേക്കാൾ ഉയർന്ന അളവിലാണ് എനർജി ഡ്രിങ്കുകൾ മൂലമുള്ള രക്തസമ്മർദത്തിന്റെ തോത് എന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ജേർണൽ പുറത്തു വിട്ട ലേഖനത്തിൽ വ്യക്തമാക്കുന്നുമുണ്ട്.
രക്തസമ്മർദ്ദം, ഹൃദ്രോഗം എന്നിവയ്ക്ക് പുറമെ പ്രമേഹനില വർധിക്കുന്നതിനും എനർജി ഡ്രിങ്കുകൾ കാരണമാകും. എനർജി ഡ്രിങ്കുകളിൽ ഉയർന്ന തോതിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയാണ് ഇതിന് കാരണക്കാരൻ. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും ഇൻസുലിൻ പ്രതിരോധത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ഇത് ടൈപ്പ് 2 ഡയബറ്റിസിന് വഴിയൊരുക്കുന്നു. രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുന്നതിലൂടെ അമിതവണ്ണത്തിനുള്ള സാധ്യതയും കൂടുതലാണ് എന്നാണ് പറയുന്നത്. എനർജി ഡ്രിങ്കുകളിലെ കൂടിയ കലോറിയുടെ അളവും പൊണ്ണത്തടിക്ക് കാരണമാകും. മാത്രമല്ല, പല്ലിന് തേയ്മാനം വരാനുള്ള സാധ്യതയുമുണ്ട്.
എനർജി ഡ്രിങ്കുകൾക്ക് മാനസികാരോഗ്യം മോശമാകുന്നതിലും വലിയ പങ്കുണ്ടെന്ന് നിരവധി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഓരോ ദിവസവും 250 മില്ലിയിൽ കൂടുതൽ എനർജി ഡ്രിങ്കുകൾ ശരീരത്തിലെത്തുന്ന യുവാക്കളുടെ മാനസികാരോഗ്യം തകരാറിലാകും. ഇത് ക്രമേണ വിഷാദം, അമിത ഉത്കണ്ഠ എന്നിവയ്ക്കും കാരണമാകുമെന്നും പഠനങ്ങൾ പറയുന്നു.