‘അമ്മ’യിലെ കൂട്ടരാജിക്ക് പിന്നാലെ, ‘അമ്മ’യുടെ അംഗത്വത്തിൽ നിന്നും രാജിവച്ച് നടി ലക്ഷ്‌മിപ്രിയ. ‘അമ്മ’യുടെ ഔദ്യോഗിക വാട്ട്സാപ്പ് ഗ്രൂപ്പിൽ വൈകാരികമായ കുറിപ്പ് പങ്കുവച്ചായിരുന്നു രാജി പ്രഖ്യാപനം. ‘അമ്മ’യുടെ വൈസ് പ്രസിഡന്റായിരുന്ന ലക്ഷ്‌മിപ്രിയ. തനിക്ക് ‘അമ്മ’യുടെ പെൻഷനും ഇൻഷുറൻസും റീത്തും അനുശോചനവും വേണ്ടെന്ന് ലക്ഷ്‌മിപ്രിയ പറയുന്നു.
തന്റെ രാജി മുതിർന്ന അംഗമായ ശ്രീമതി കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവർക്ക് സമർപ്പിക്കുന്നുവെന്നും ലക്ഷ്‌മിപ്രിയ പറയുന്നു. ഈ നടിമാർ ജീവിച്ചിരിക്കുമ്പോഴാണ് താൻ മരിക്കുന്നതെങ്കിൽ തന്റെ ശവം കാണാൻ പോലും ആരും വരരുതെന്നും അവർ സന്ദേശത്തിൽ പറയുന്നു. തന്നെ സ്നേഹിക്കുന്ന ഏതാനും പേരുണ്ട്. ബാക്കി ഉള്ളവർ ഈ പടി കടന്ന് വരരുതെന്നും നടി പറയുന്നു.
ലക്ഷ്‌മിപ്രിയയുടെ കുറിപ്പ്
‘ഞാൻ ‘അമ്മ’ സംഘടനയിലെ അംഗത്വം തന്നെ രാജി വച്ചിരിക്കുന്നു. എന്റെ രാജി മുതിർന്ന അംഗമായ ശ്രീമതി കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവർക്ക് സമർപ്പിക്കുന്നു. ഒരു അഭ്യർഥനയുണ്ട്, നിങ്ങൾ ജീവിച്ചിരിക്കുമ്പോഴാണ് ഞാൻ മരിക്കുന്നത് എങ്കിൽ എൻ്റെ ശവം കാണാൻ പോലും ഒരുത്തരും വരരുത്. 60 വയസ്സ് വരെ ഞാൻ ജീവിച്ചിരുന്നാൽ എനിക്ക് ലഭിച്ചേക്കാവുന്ന പെൻഷൻ എനിക്ക് വേണ്ട. ഇൻഷുറൻസ് വേണ്ട. റീത്ത് വേണ്ട. അനുശോചനം ഒട്ടുമേ വേണ്ട…….. എന്നെ സ്നേഹിക്കുന്ന ഏതാനും പേരുണ്ട്. ബാക്കി ഉള്ളവർ ഈ പടി കടന്ന് വരരുത്. നന്ദി’.
Read more
നേരത്തെ മുൻ ഭരണസമിതിക്കെതിരെയും ‘അമ്മ’യിലെ ഒരു വിഭാഗത്തിനെതിരെയും കടുത്ത ആരോപണങ്ങളുമായി വൈസ് പ്രസിഡന്റായിരുന്ന ലക്ഷ്‌മിപ്രിയ രംഗത്തു വന്നിരുന്നു. ശ്വേതാ മേനോന്റെ രാജി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് താനും സംഘടനയുടെ പ്രാഥമിക അംഗത്വം രാജിവയ്ക്കുകയാണെന്ന് ലക്ഷ്‌മിപ്രിയ മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഒരു വിഭാഗം ആളുകൾ പറയുന്നത് മാത്രമാണ് പലരും വിശ്വസിക്കുന്നതെന്നും സംഘടനയിൽ തങ്ങൾ വേട്ടയാടപ്പെടുകയായിരുന്നു എന്നും ലക്ഷ്‌മിപ്രിയ ആരോപിച്ചു.







