പകർച്ചവ്യാധി പ്രതിരോധം പാളിയത് നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം; മുഹമ്മദ് റിയാസിന് പാളിച്ച പറ്റിയെന്ന് ആരോഗ്യ മന്ത്രി, എല്ലാ കാര്യത്തിലും മുൻകരുതൽ സ്വീകരിച്ചിട്ടുണ്ടെന്ന് മറുപടി

പകർച്ചവ്യാധി പ്രതിരോധം പാളിയത് നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ഷിഗെല്ല, നിപ്പാ, എബോള, കുരങ്ങുപനി, എന്നിവ പടർന്നു പിടിച്ച് മരണങ്ങൾ വ്യാപിക്കുന്നുവെന്നും മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പാളിയത് പകർച്ചവ്യാധി വ്യാപനത്തിന് കാരണമായി എന്നും മുഹമ്മദ് റിയാസ് പറഞ്ഞു. നോട്ടീസിൽ പറഞ്ഞത് തെറ്റാണെന്നും മുഹമ്മദ് റിയാസിന് പാളിച്ച പറ്റി എന്നും ആരോഗ്യ മന്ത്രി കെ മുരളീധരൻ മറുപടി നൽകി. ഇന്ത്യയിൽ എവിടെയും എബോള സ്ഥിരീകരിച്ചിട്ടില്ലെന്നും കെ മുരളീധരൻ പറഞ്ഞു.

സുഡാനിൽ നിർത്തി കോട്ടയത്ത് നിരീക്ഷണത്തിലുണ്ടായിരുന്ന യുവതിക്ക് എബോള സ്ഥിരീകരിച്ചിരുന്നില്ല എന്ന് കെ മുരളീധരൻ പറഞ്ഞു. കേരളത്തിൽ സ്ഥിരീകരിച്ചത് ആശങ്ക ഉണ്ടാക്കിയെന്നത് ശരിയല്ല. പകർച്ചവ്യാധികൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ,രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് ആരോഗ്യവകുപ്പ് പുതിയ ദിശാബോധവും,പ്രവർത്തനങ്ങളും ആവിഷ്കരിച്ചിട്ടുണ്ട്. രോഗം വന്നിട്ട് നോക്കുന്നതിനേക്കാൾ വരാതിരിക്കാനാണ് നോക്കുന്നത്. വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കിയിരിക്കുകയാണ്. നിരീക്ഷണം ശക്തിപ്പെടുത്തിയിരിക്കുകയാണ്.

ആശുപത്രി തലത്തിലും സർക്കാർ തലത്തിലും പ്രതിരോധ നടപടികൾ സ്വീകരിച്ചു വരുന്നു. ഡെങ്കിപ്പനി പ്രതിരോധത്തിന് ഡ്രൈ ഡേ ക്യാമ്പയിൻ ആവിഷ്കരിച്ചിട്ടുണ്ട്. ആഴ്ചയിൽ മൂന്നുദിവസം ഡ്രൈ ഡേ ആചരിക്കുന്നതിനുള്ള കലണ്ടർ പുറത്തിറക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് രോഗപ്രതിരോധത്തിന് വിവിധ വകുപ്പുകളുമായി ഏകോപനത്തിലാണ്. ഡെങ്കിപ്പനി ഉറവിട നശീകരണ പ്രവർത്തനങ്ങൾക്ക് പ്രത്യേക പ്രാധാന്യം നൽകി. എല്ലാ വെള്ളിയാഴ്ചകളിൽ വിദ്യാലയങ്ങളിലും ശനിയാഴ്ചകളിൽ സർക്കാർ ഓഫീസുകളിലും ഞായറാഴ്ച വീടുകളിലും ഡ്രൈ ഡേ ആചരിക്കാൻ കലണ്ടർ പുറത്തിറക്കി. കൊതുകുകളുടെ പ്രചനന കേന്ദ്രങ്ങൾ ഇല്ലാതാക്കും. കുടിവെള്ള സ്രോതസ്സുകൾ ഹോട്ടലുകൾ തട്ടുകടകൾ കുടി വെള്ള നിർമ്മാണശാലകൾ എന്നിവിടങ്ങളിൽ പരിശോധന നടക്കും. രോഗ വിവരങ്ങൾ മറച്ച് വെക്കുക എന്നതല്ല ഈ സർക്കാരിൻ്റ സമീപനം എന്നും കെ മുരളീധരൻ പറഞ്ഞു.

രോഗപ്രതിരോധ സംവിധാനത്തിൽ പൊതുജന പങ്കാളിത്തം വർധിപ്പിക്കാൻ വ്യാപക പ്രചാരണം നടത്തും. ആശുപത്രി കെട്ടിടങ്ങളുടെ സുരക്ഷിതത്വവും കാര്യക്ഷമതയും പരിശോധിക്കും. വിദഗ്ധ ഡോക്ടർമാരുടെ നിയമനം ഉറപ്പാക്കാൻ മുൻഗണന നൽകും. വിതരണ ശൃംഖല ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കും. മറ്റ് ആശുപത്രികളിലെ സൗകര്യങ്ങൾ ശക്തിപ്പെടുത്തി മെഡിക്കൽ കോളേജിന്റെ ഭാരം കുറയ്ക്കാനുള്ള നടപടി സ്വീകരിക്കും. നിലവിൽ ഭയപ്പെടേണ്ട സാഹചര്യം ഇല്ല. ഭക്ഷ്യ സുരക്ഷാ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി പരിശോധനകൾ വ്യാപിച്ചു. കാലാവസ്ഥകൾ മനസ്സിലാക്കി എപ്പിഡമിക് കലണ്ടർ രൂപീകരിക്കും. രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിൽ ബോധവൽക്കരണങ്ങൾ നടക്കുന്നുവെന്നും കെ മുരളീധരൻ പറഞ്ഞു.

Read more

വ്യാപകമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. രോഗങ്ങൾ മറച്ചുവെച്ച് എല്ലാം ശരിയാണെന്ന് പറയുന്നതല്ല സർക്കാരിൻ്റ നയം. രോഗ വിവരങ്ങൾ മറച്ചുവയ്ക്കാതെ പരസ്യമായി പങ്കുവയ്ക്കുന്ന സമീപനമാണ് സർക്കാരിന്റേത്. കായകൽപ്പം പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത് അതാണ്. ആരോഗ്യമന്ത്രി തന്നെ നേരിട്ട് ജീവനക്കാരെ കാണും. ആശുപത്രികളിൽ രോഗികളെ നിലത്തു കിടത്തേണ്ട സാഹചര്യം ഒഴിവാക്കും. തസ്തികൾ കണ്ടെത്തുന്നതിനും കൂടുതൽ നിയമനങ്ങൾ നടത്തുന്നതിനും പദ്ധതി തയ്യാറാക്കുന്നു. എല്ലാ കാര്യത്തിലും മുൻകരുതൽ സ്വീകരിച്ചിട്ടുണ്ട്. ഇപ്പോൾ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കെ മുരളീധരൻ വ്യക്തമാക്കി.