പിണറായിയെ ചൊല്ലി ആര്‍.എസ്.എസും, ബി.ജെ.പിയും രണ്ട് വഴിക്ക്

 

 

കേരളത്തിലെ ആര്‍ എസ് എസും ബി ജെ പിയും രണ്ടുവഴിക്കാണ് എന്നത് പരസ്യമായ രഹസ്യമാണ്. എല്ലാ സംസ്ഥാനങ്ങളിലും ബി ജെ പിയെ നയിക്കുന്നത് ആര്‍ എസ് എസില്‍ നിന്നയക്കുന്ന ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരാണ്. സാക്ഷാല്‍ നരേന്ദ്രമോദി പോലും ഒരു കാലത്ത് ബി ജെ പിയിലെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായിരുന്നു. എന്നാല്‍ കേരളത്തില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്. പ്രത്യയശാസ്ത്രപരമോ താത്വികമോ ആയ പ്രശ്‌നങ്ങള്‍ അല്ല പിണറായി വിജയനെച്ചൊല്ലിയുള്ള ഇടച്ചിലാണ് കേരളത്തിലെ ബി ജെ പിയെയും ആര്‍ എസ് എസിനെയും രണ്ട് വഴിക്കാക്കിയതെന്ന് വിമര്‍ശകര്‍ പറയുന്നു. പിണറായിയുടെ ബി ടീം എന്ന് കേരളത്തിലെ ബി ജെ പിക്കാരെ പലരും ആക്ഷേപിക്കുന്നതില്‍ തെറ്റില്ലന്ന തരത്തിലുള്ള നിലപാടാണ് ആര്‍ എശ് എസ്് നേതൃത്വത്തിലെ ചിലര്‍ക്കെങ്കിലും ഉള്ളത്

സ്വര്‍ണ്ണക്കളളക്കടത്ത് കേസില്‍ പിണറായി വിജയനെ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തൊടുക പോലും ചെയ്യാതെ വിട്ടുകളഞ്ഞതില്‍ ആര്‍ എസ് എസിലെ പ്രബല വിഭാഗത്തിന് എതിര്‍പ്പുണ്ട്്. അതിന്റെ വ്യക്തമായ തെളിവാണ് കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ആര്‍ എസ് എസ് മുഖപത്രമായ കേസരിയില്‍ ബി ജെ പി വക്താവായിരുന്ന പി ആര്‍ ശിവശങ്കരന്‍ എഴുതിയ മാരീചന്‍ വെറുമൊരു മാനല്ല എന്ന മുഖലേഖനം.
കസ്റ്റംസ് ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ പിണറായി വിജയനെതിരായ അന്വേഷണം അട്ടിമറിച്ചു എന്നാണ് അതില്‍ ആരോപിച്ചിരിക്കുന്നത്.

സ്വപ്‌നയുടെ വെളിപ്പെടുത്തലുകളില്‍ തെളിഞ്ഞ എല്ലാവിവരങ്ങളും, എന്ന് വച്ചാല്‍ ബിരിയാണി ചെമ്പും, മുഖ്യമന്ത്രി ദുബായിയിലേക്ക് കൊണ്ട് പോയ ബാഗും ഉള്‍പ്പെടെ സ്വപ്‌ന നേരത്തെ തന്നെ മൊഴിയായി കസ്റ്റംസിന് നല്‍കിയിരുന്നെങ്കിലും കസ്റ്റംസിലെ ഇടതു സഹയാത്രികര്‍ അതെല്ലാം മുക്കുകയായിരുന്നുവെന്നാണ് ഈ ലേഖനത്തില്‍ പറയുന്നത്്. ഇ.ഡി ആവശ്യപ്പെട്ടിട്ടും കസ്റ്റംസ് അവരുടെ കയ്യില്‍ ഇരുന്ന സ്വപ്‌നയുടെ 164 പ്രസ്താവന നല്‍കിയില്ല . മാത്രമല്ല മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന്‍ തന്‍െ പുസ്തകത്തില്‍ കസ്റ്റംസിനെയും ഇ ഡിയെയും കടന്നാക്രമിക്കാത്തതും അന്വേഷണ ഏജന്‍സികളില്‍ നിന്നുണ്ടായ സഹായത്തിനോടുള്ള നന്ദികൊണ്ടാണെന്നും ബി ജെ പി വക്താവിന്റെ ലേഖനത്തില്‍ സൂചിപ്പിക്കുന്നുണ്ട്്.

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടില്ലന്ന് ഇടതു സഹയാത്രികരായ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞതും ഇതിന്റെ സൂചനയാണെന്ന് കേസരിയിലെ ലേഖനം വിലിയിരുത്തുന്നു.

മുഖ്യമന്ത്രിയും യു എ ഇ കോണ്‍സുലേറ്റും തമ്മിലുണ്ടായിരുന്ന ബിരിയാണി നയതന്ത്രത്തിനെതിരായ തെളിവുകള്‍ ചില ഇടതു സഹയാത്രികരായ ഉദ്യോഗസ്ഥന്മാര്‍ ഇല്ലാതാക്കി എന്നു തുറന്ന് പറയുകയാണ് ബി ജെ പി വക്താവ് ഈ ലേഖനത്തിലൂടെ. മുന്‍ ബി ജെ പി നേതാവിനെക്കൊണ്ട് കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ആര്‍ എസ് എസ് മുഖപത്രത്തില്‍ ലേഖനം എഴുതിക്കുന്നതിലൂടെ സംസ്ഥാന ബി ജെ പി നേതൃത്വത്തിനെതിരെയുള്ള തങ്ങളുടെ അസംതൃപ്തിയാണ ്‌സംഘപരിവാര്‍ നേതൃത്വം വെളിപ്പെടുത്തിയതെന്നാണ് പലരും കരുതുന്നത്്്

കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ ബി ജെ പി, അല്ലങ്കില്‍ സുരേന്ദ്രന്‍ മുരളീധരന്‍ വിരുദ്ധരായ ബി ജെ പിക്കാര്‍ പറയുന്നത് പോലെ കെ ജെ പി അഥവാ കേരള ജനതാ പാര്‍ട്ടി പിണറായിയെ നേരിടുന്ന കാര്യത്തില്‍ വലിയ പരാജയമാണെന്നാണ് ആര്‍ എസ് എസ് നേതൃത്വം പറയുന്നത്. കുഴല്‍പ്പണം കടത്ത് അടക്കമുള്ള നിരവധി കേസുകളില്‍ പിണറായി വിജയന്റെ ദാക്ഷണ്യത്തിലാണ് കേരളത്തിലെ ബി ജെ പി നേതൃത്വത്തിലെ ചിലര്‍ കഴിയുന്നതെന്നും ആര്‍ എസ് എസ് നേതൃത്വത്തിലെ പ്രമുഖരില്‍ ചിലര്‍ക്ക് ആക്ഷേപമുണ്ട്. കേരളത്തില്‍ യു ഡി എഫിനെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ പിണറായി വിജയന് ബി ജെ പി സഹായം വേണം. ഒരു പാലം ഇടുമ്പോള്‍ അത് ഏതായാലും അങ്ങോട്ടും ഇങ്ങോട്ടും ഉള്ളതായിരിക്കുമല്ലോ.