ഡോ. റാം പുനിയാനി 

ഗുജറാത്തിലെ അഹമ്മദാബാദിനടുത്ത് കരക്താൽ ഗ്രാമത്തിൽ മേൽമീശ വെച്ചു എന്ന “കുറ്റ”ത്തിന് ഒരു ദളിത് യുവാവ് മർദ്ദനത്തിനിരയായി. നമ്മുടെ അയൽസംസ്ഥാനമായ കർണാടകയിലെ ചിക്കമംഗലൂരിൽ ഒരു യുവാവിനെ പൊലീസ് ബലം പ്രയോഗിച്ച് മൂത്രം കുടിപ്പിച്ചു എന്ന പരാതി ഉയർന്നിരിക്കുന്നു. ഇതിലും പൈശാചികമായ സംഭവമാണ് മധ്യപ്രദേശിൽ സംഭവിച്ചത്. ഒരു ദളിത് യുവാവ്  മരം മുറിക്കാൻ വിസമ്മതിച്ചതിനെ പേരിൽ അയാളുടെ അഞ്ചുമാസം ഗർഭിണിയായ ഭാര്യ കുട്ടികളുടെ മുൻപിൽ വെച്ച് ബലാൽക്കാരത്തിനിരയായി. ഇതെല്ലാം ഇന്ത്യയിൽ നിരന്തരമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ദളിത് പീഡനങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടവയിൽ ചിലതു മാത്രമാണ്.

ദളിതർക്കു നേരെയുള്ള അക്രമങ്ങൾ ഇന്ത്യയിൽ  ഇതാദ്യമായിട്ടൊന്നുമല്ല. എന്നാൽ ബിജെപി നേതൃത്വം കൊടുക്കുന്ന എൻഡിഎ മുന്നണി അധികാരത്തിലെത്തിയതിനുശേഷം ഈ പ്രവണത വർദ്ധിക്കുകയാണ് ചെയ്തിട്ടുള്ളത്. ഹിന്ദുക്കൾക്കും പാവങ്ങൾക്കും വേണ്ടി നിലനിൽക്കുന്ന പാർട്ടി എന്ന ബിജെപിയുടെ അവകാശവാദത്തിന് നേർ വിപരീതമാണ് പലപ്പോഴും ദൃശ്യമാകുന്നത്. മുസ്ലിങ്ങളും ക്രിസ്ത്യാനികളും മാത്രമല്ല ഇവിടെ അപരവത്കരിക്കപ്പെടുന്നത്. ജാതീയമായ അടിച്ചമർത്തലുകളും അക്രമവും തെളിയിക്കുന്നത് ബ്രാഹ്മണാധിപത്യത്തിനായി ഏതറ്റം വരെയും സംഘപരിവാർ പോകും എന്നാണ്. പരമ്പരാഗത ജാതിശ്രേണിയിൽ ഉയരത്തിൽ വരാത്തവർക്കാണ് വിവേചനത്തെ നേരിടേണ്ടിവരുന്നത്. ദളിതുകളോടും സ്ത്രീകളോടുമുള്ള ബ്രാഹ്മണിക്കൽ നയങ്ങൾ പലപ്പോഴും തിരിച്ചറിയപ്പെടാറില്ല. ഭാരതത്തിന്റെ ആദ്യ നിയമമന്ത്രിയായ ബി ആർ അംബേദ്‌കർ പറഞ്ഞതുപോലെ ” ഹിന്ദുരാഷ്ട്രം ഒരു യാഥാർഥ്യമാകുന്ന പക്ഷം അത് ഈ രാജ്യം നേരിടുന്ന ഏറ്റവും വലിയ നാശമായിരിക്കും.”

ഇന്ത്യയിൽ ഒരു ദ്വിമുഖപ്രക്രിയ നടമാടിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ദളിതരുടെ സാമൂഹ്യപദവിയിൽ ഇടിവ് വന്നിരിക്കുന്നു. ഇത് അവർക്കെതിരെ നടക്കുന്ന വിവേചനത്തിന്റെ ഏറ്റവും വലിയ തെളിവാണ്. പല ദളിത് സമുദായങ്ങളും സാമ്പത്തിക തകർച്ചയിലാണ്. കാരണം, ബദൽ വരുമാനമാർഗ്ഗങ്ങൾ സൃഷ്ടിക്കാതെ അവരുടെ പല വരുമാനസ്രോതസ്സുകളിൽ നിന്നും അവരെ അകറ്റി നിർത്തുന്നു.  “ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾ നേരിടുന്ന ഭരണഘടനാപരവും നിയമപരവുമായ വെല്ലുവിളികൾ”,എന്ന പേരിൽ   യുണൈറ്റഡ് നേഷൻസ് കമ്മീഷൻ ഓൺ  ഇന്റർനാഷണൽ റിലീജ്യസ് ഫ്രീഡ (USCIRF) ത്തിന്റെ റിപ്പോർട്ട് പ്രകാരം  2014 നു ശേഷം വർദ്ധിച്ച രീതിയിൽ മതന്യൂനപക്ഷങ്ങളും ദളിതുകളും വിവേചനങ്ങളും അക്രമങ്ങളും നേരിടുന്നു. വിദ്വേഷകുറ്റകൃത്യങ്ങൾ, സമൂഹഭ്രഷ്ട്, കയ്യേറ്റം എന്നിവ വർദ്ധിച്ചു.

ദളിത്, പാർശ്വവത്കരിക്കപ്പെട്ട മറ്റ് ഗ്രൂപ്പുകൾ എന്നിവരുടെ സാമൂഹിക സാമ്പത്തിക സ്ഥിതി വഷളായിക്കൊണ്ടിരിക്കുമ്പോൾ ഈ അവസ്ഥയെ പരിഹരിക്കുന്നതിന്  സർക്കാർ കാര്യമായൊന്നും ചെയ്തിട്ടില്ല. പട്ടികജാതിക്കാർക്കും പട്ടികവർഗ്ഗക്കാർക്കുമുള്ള സംവരണത്തിലൂടെയുള്ള ഉന്നമനശ്രമങ്ങൾ  മുൻപേ നിലവിലുണ്ടായിരുന്നുവെങ്കിലും നയം ഒരിക്കലും ശരിയായി നടപ്പാക്കിയില്ല. തത്ഫലമായി നിരവധി ദളിത് സമുദായങ്ങൾക്ക് വിദ്യാഭ്യാസത്തിന്റെ ജോലികളിലോ പ്രാതിനിധ്യം നേടാൻ കഴിഞ്ഞിട്ടില്ല. ഇപ്പോൾ കേന്ദ്രത്തിലും പല സംസ്ഥാനങ്ങളിലും അധികാരത്തിലിരിക്കുന്ന ബിജെപി സംവരണത്തിന്റെ അടിസ്ഥാനം തന്നെ ദുർബലമാക്കുകയാണ്. ചരിത്രപരമായ ഘടകങ്ങൾ ഉദ്ധാരണനടപടിയുടെ മാനദണ്ഡമായി കണക്കാക്കുന്നതിനുപകരം, റിസർവേഷനുകൾക്കുള്ള യോഗ്യത നിർണ്ണയിക്കാൻ സാമ്പത്തിക മാനദണ്ഡം സർക്കാർ ആഗ്രഹിക്കുന്നു. സാമ്പത്തിക മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ റിസർവേഷൻ ക്വാട്ടയിൽ യോഗ്യത നേടുന്നതിനുള്ള വെട്ടിക്കുറവ് വളരെ ഉദാരമായതിനാൽ വരേണ്യ ജാതിയിലെ നല്ല വിഭാഗങ്ങൾ ഈ ക്വാട്ട എളുപ്പത്തിൽ പിടിച്ചെടുക്കും. അതിനാൽ, സാമ്പത്തിക സംവരണം നിലവിൽ വന്നാൽപോലും, താഴ്ന്ന അല്ലെങ്കിൽ ദരിദ്രരെക്കാൾ ഉയർന്ന ജാതി സമൂഹത്തിന്റെ താത്പര്യങ്ങൾ  നിറവേറ്റുന്നതായിരിക്കും ബിജെപിയുടെ പദ്ധതി എന്ന് ആരോപിക്കപ്പെടുന്നു.

ദളിതരെ ഒഴിവാക്കി നിർത്തുകയും പാർശ്വവത്കരിക്കുകയും ചെയ്യുന്നതോടൊപ്പം അവരുടെ മുറിവിൽ ഉപ്പുതേക്കുന്ന നടപടിയാണ് പശുവിനെ വിശുദ്ധമായി കാണിക്കാൻ ആർഎസ്എസും അനുബന്ധ സ്ഥാപനങ്ങളും നടത്തുന്ന ശ്രമങ്ങൾ. കന്നുകാലികളെ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന വിപണിയെ ആണ് ഇത് അസ്വസ്ഥമാക്കിയത്. ഇത് കർഷകരെയും പ്രത്യേകിച്ചും ദളിതരെയും പ്രതികൂലമായി ബാധിക്കുന്ന ഒന്നാണ് കാരണം തുകൽ സംസ്കരണവുമായി അവർക്കുള്ള ബന്ധമാണ്. ഉപഭോക്തൃ-വ്യവസായത്തിനുള്ള സംസ്കൃത വസ്തുവാണ് തുകൽ.  ഒരു മൃഗത്തിനുവേണ്ടിയുള്ള വൈകാരിക  അക്രമങ്ങളിൽ നിരവധി ദളിതരും ഇരകളായിട്ടുണ്ട്. ഹിമാചൽ പ്രദേശിലെ ഉന ഗ്രാമത്തിൽ ഏഴു ദളിതുകളെ നഗ്നരാക്കുകയും ചമ്മട്ടിക്കടിക്കുകയും  ചെയ്ത സംഭവം ഭയപ്പെടുത്തുന്ന സന്ദേശമാണ് സമൂഹത്തിന് നൽകിയത്. തുകലിന്റെ കച്ചവടം മാറ്റിനിർത്തിയാലും പോത്ത്‌, ആട് ഇവയുടെ കച്ചവടം പോലും “നിതാന്തജാഗ്രതക്കാർ” മൂലം അവതാളത്തിലായിരിക്കുകയാണ്.

തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി മുതലെടുത്തതിനു ശേഷവും  സാമൂഹ്യ സാമ്പത്തിക രംഗത്ത് ദലിതരെ ആസൂത്രിതമായി പാർശ്വവൽക്കരിക്കുക എന്നതാണ് നാം സാക്ഷ്യം വഹിക്കുന്നത്. ചില സോഷ്യൽ എഞ്ചിനീയറിംഗ് മാർഗ്ഗങ്ങളിലൂടെയും മറ്റു സംവിധാനങ്ങളിലൂടെയും നിരവധി പട്ടികജാതി -ആദിവാസി-ഒബിസി നിയോജകമണ്ഡലങ്ങളിൽ ബിജെപി  നേട്ടമുണ്ടാക്കിയിട്ടുണ്ട്. പട്ടികജാതി സ്ഥാനാർത്ഥികൾക്കായി നീക്കിവച്ചിരിക്കുന്ന 84 ലോക്സഭാ സീറ്റുകളിൽ 2014 ൽ 40 സീറ്റുകൾ ബിജെപി നേടിയിട്ടുണ്ടെന്ന് സെന്റർ ഫോർ സ്റ്റഡി ഓഫ് ഡവലപ്പിംഗ് സൊസൈറ്റീസ് പഠനത്തിൽ പറയുന്നു. സമാജിക് സമരസ്ത മഞ്ച്, വാൻവാസി കല്യാൺ ആശ്രമം, വിശ്വഹിന്ദുപരിഷത്ത് തുടങ്ങിയ അനുബന്ധ സംഘടനകൾ ഈ പ്രദേശങ്ങളിൽ താമസിക്കുന്നവരെ സജീവമായി ഹിന്ദുവൽക്കരിക്കുന്നതിനാൽ ഇത് സംഭവിക്കാം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ബിജെപിയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളും ഈ മേഖലകളിൽ ബ്രാഹ്മണമതത്തെ പരിപോഷിപ്പിക്കുകയാണ് ചെയ്യുന്നത്.

രാജാ സുഹാൽ ദേവിനെപ്പോലുള്ള ദളിത്-ബഹുജന പ്രാദേശിക നേതാക്കളെ നായകവത്കരിക്കുന്നതോടൊപ്പം അവരെ മുസ്ലിം വിരുദ്ധരായി വാഴ്ത്തുന്നതും സംഘപരിവാർ തന്ത്രമാണ്. ദളിതരെ വശത്താക്കാൻ വേണ്ടി അംബേദ്കറെയും പുകഴ്‌ത്താൻ അവർക്ക് മടിയില്ല, അദ്ദേഹം ഉയർത്തിപ്പിടിച്ച തുല്യതയെയും ബഹുസ്വരതയെയും വൈവിധ്യങ്ങളെയും നഖശിഖാന്തം എതിർക്കുമ്പോത്തന്നെ. ചില പ്രീണനപരിപാടികളിൽക്കൂടി ഏതാനും ദളിത് നേതാക്കളെ വരെ ബിജെപിക്ക് വശത്താക്കാൻ സാധിച്ചിട്ടുണ്ട്. ആർ എൽ എസ് പി നേതാവ് രാം വിലാസ് പാസ്വാൻ, ആർ പി ഐ നേതാവും മഹാരാഷ്ട്രാ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ രാംദാസ് അതാവാലെ ഇവരൊക്കെ ഉദാഹരണങ്ങളാണ്. ഇത്തരക്കാരെ ആനന്ദ് തെൽമുണ്ടെ വിശേഷിപ്പിച്ചത് ഹിന്ദു ദേശീയരാഷ്ട്രീയത്തിലെ “ഹനുമാന്മാർ” എന്നാണ്. രാംവിലാസ് പാസ്വാന്റെ മകനായ ചിരാഗ് പാസ്വാൻ അഭിമാനത്തോടെ  സ്വയം പറഞ്ഞതും “ഞാൻ മോദിജിയുടെ ഹനുമാനാണ്” എന്നാണ്.

ഇപ്പോൾ പുതിയ ദളിത് തലമുറ സമീപകാല ദുരിതങ്ങളിലും തങ്ങളുടെ സ്ത്രീകൾക്കെതിരെ നടന്നിട്ടുള്ള അക്രമങ്ങൾക്കുമെല്ലാമെതിരെ ഹിന്ദുരാഷ്ട്രീയ വത്കരണത്തിനെതിരെ രംഗത്തു വന്നുതുടങ്ങിയിട്ടുണ്ട്. സമയംപോകെ അവർ ബ്രഹ്മണാധിപത്യ ശ്രമങ്ങൾക്കെതിരെ നിൽക്കുകതന്നെ ചെയ്യും. ജിഗ്നേഷ് മേവാനിയെയും ചന്ദ്രശേഖർ ആസാദിനെയും പോലുള്ള പുതുതലമുറ നേതാക്കൾ ശക്തരായി പ്രതിരോധിച്ചുകൊണ്ട് മുന്നിലുണ്ട്. തങ്ങളെ തളച്ചിട്ടിരിക്കുന്ന ആർഎസ്എസ് -ബിജെപി മയക്കുവിദ്യയിൽനിന്നും ആ ജനത എപ്പോഴാണ് പുറത്തുവരുന്നതെന്ന് പ്രവചിക്കാൻ സാധിക്കില്ല എങ്കിലും വർദ്ധിച്ചുവരുന്ന അക്രമങ്ങൾക്കും സാമ്പത്തിക പരാധീനപ്പെടുത്തലിനുമുള്ള കാരണം തങ്ങളെ എക്കാലവും കൽക്കീഴിലാക്കി ഭരിക്കാമെന്നുള്ള വരേണ്യരുടെ മോഹമാണെന്ന് അവർ തീർച്ചയായും തിരിച്ചറിയും.

(ഐഐടി മുംബൈയിലെ മുൻ സീനിയർ മെഡിക്കൽ ഓഫീസറും മനുഷ്യാവകാശപ്രവർത്തകനുമായ ലേഖകൻ നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്. ) 
—————————————————
സ്വതന്ത്രവിവർത്തനം: സാലിഹ് റാവുത്തർ