അമേരിക്കയിൽ മാത്രമല്ല നമ്മുടെ തൊട്ടടുത്തും മനുഷ്യർ ശ്വാസംമുട്ടി മരിക്കുന്നുണ്ട്

 

രേവതി സമ്പത്ത്

അമേരിക്കയിൽ ജോർജ്ജ് ഫ്ലോയിഡ് എന്ന കറുത്തവംശജനെ വെള്ളക്കാരനായ പൊലീസുകാരൻ കഴുത്തിൽ കാൽമുട്ടമർത്തി ശ്വാസം മുട്ടിച്ചു കൊന്നതിനെതിരെ ലോകത്ത് വലിയ പ്രക്ഷോഭങ്ങൾ നടക്കുന്നതിനിടയിലാണ് ഇന്ത്യയിലും ഇത്തരത്തിൽ ഒരു സംഭവം നടക്കുന്നത്. കോവിഡ് കാലത്ത് മനുഷ്യർ മരിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട പൊലീസുകാരാണ് ഇത്തരത്തിൽ മനുഷ്യരെ കൊല്ലുന്നതെന്നത് വല്ലാതെ ഭയപ്പെടുത്തുന്നു. ഇന്ത്യയിലെ ആദിവാസികളോടും ദളിതരോടും മുസ്ലിമുകളോടുമെല്ലാമുള്ള ഭരണകൂടത്തിൻ്റെ സമീപനം പൊലീസിൽ പ്രതിഫലിക്കുന്നുണ്ട്. ആസിഫയെ ബലാത്സംഗം ചെയ്തു കൊന്നതിൻ്റെയും നജീബിനെ കാണാതാവുന്നതിൻ്റെയും സജീവ് ഭട്ടിനെയും ആനന്ദ് ടെൽ‌തുമ്പ്‌ഡെയെയും എല്ലാം അകാരണമായി അറസ്റ്റ് ചെയ്യുന്നതിലുമെല്ലാം ഭരണകൂടത്തിൻ്റെ ഉപകരണമായ പൊലീസിൻ്റെ സാന്നിദ്ധ്യമുണ്ട്.

തമിഴ്നാട്ടിലെ കോവിഡ് പോസിറ്റീവ് കേസുകൾ ദിനംപ്രതി ഇരട്ടിയിലധികമായി ഉയരുന്ന അവസ്ഥയിലാണിപ്പോൾ. ഒരുവശത്ത് ഒരു ദേശം മുഴുവൻ ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയെ അഭിമുഖീകരിക്കുമ്പോൾ, മറുവശത്ത് കൊറോണ പ്രതിരോധ നടപടിയിലൂടെ തമിഴ് നാട്ടിലെ ജനങ്ങളെ രക്ഷിക്കാന്‍ നിയമിക്കപ്പെട്ട തമിഴ് നാട് പൊലീസ്, പ്രതിരോധ നടപടിയുടെ പേരില്‍ ജനങ്ങളുടെ മേൽ അതിക്രമം നടത്തുന്നു. മുഴുവൻ പൊലീസ് ഡിപ്പാർട്ട്മെന്റിനും എതിരായുള്ള കുറ്റംചാർത്തൽ അല്ല ഇത് എന്നിരിക്കെ സംസ്ഥാനത്തെ ക്രമസമാധാന പരിപാലനസേന ആയ പൊലീസ് വിഭാഗത്തിൽ നിന്നും അടിയ്ക്കടി ഇങ്ങനെ ഉള്ള മനുഷ്യരഹിതവും നിഷ്ഠൂരവുമായ പ്രവൃത്തികൾ ഉണ്ടാകുമ്പോൾ ജനങ്ങൾക്ക് സംരക്ഷകരുടെ മേലുള്ള വിശ്വാസം ആണ് ചോദ്യംചെയ്യപ്പെടുന്നത്.

തൂത്തുക്കുടിയിൽ സാത്തൻകുളം ഉഡങ്ങുടി സ്വദേശികളായ തടി വ്യവസായിയായ പി. ജയരാജും, അദ്ദേഹത്തിന്റെ മകൻ മൊബൈൽ ഷോപ്പ് ഉടമയായ ഫെനിക്‌സും ചെയ്ത തെറ്റ് എന്താണ്…? ലോക്ക്ഡൗൺ സമയപരിധി ലംഘിച്ച് കട തുറന്ന് പ്രവർത്തിച്ചു എന്നാരോപിച്ചാണ് ജയരാജിനെ അറസ്റ്റ് ചെയ്‌തത്‌. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് മറ്റ് ദിവസങ്ങളിൽ അദ്ദേഹം തൊഴിലിൽ ഏർപ്പെട്ടു കൊണ്ടിരുന്നത്. പതിവിൽ നിന്നും 15മിനിറ്റ് കൂടുതൽ എടുത്തിരുന്നതായും, എന്നാൽ അടയ്ക്കാൻ നിർദേശം കിട്ടിയ ഉടൻ അത് പാലിച്ചനുസരിച്ചതായും ആണ് റിപ്പോർട്ടുകൾ. അറസ്റ്റ് ചെയ്ത ജയരാജിനെ കാണാൻ കുതിച്ചെത്തിയ മകനായ ഫെനിക്സ് സ്വന്തം അച്ഛന്റെ ശരീരത്തിലെ മുറിവുകൾ കാണാൻ ഇടയായതിനെ തുടർന്ന് അച്ഛനെ ദേഹോപദ്രവം ചെയ്യരുതെന്ന് ആവശ്യപ്പെടുകയുണ്ടായി. അതിന് ഫെനിക്സിനെയും അറസ്റ്റ് ചെയ്തു. സെക്ഷൻ 188, 353, 269, 506 ഐ.പി.സി ചുമത്തി അവരെ കുറ്റക്കാരാക്കേണ്ട അനാവശ്യം എന്തിനായിരുന്നു? സ്വന്തം അച്ഛനെ ഉപദ്രവിക്കരുത് എന്ന് പറയുന്നതിൽ എന്താണ് ഇത്ര ഹീനമായിരിക്കുന്നത്?

ജയിലിൽ അവരനുഭവിച്ച പീഡനങ്ങൾ അങ്ങേയറ്റം ഭയം ജനിപ്പിക്കുന്നതാകുന്നു.
കാൽമുട്ടുകളിലെ എല്ലുകൾ തകർത്തും, കഴുത്തിനു ചേർത്ത് പിടിച്ചു ഭിത്തിയിൽ ആഞ്ഞമർത്തുകയും, പൂർണമായി നഗ്നരാക്കിയും ആണ് ജയിലിൽ അടച്ചത്.ദിവസവും മാറ്റാൻ കൊടുത്തിരുന്ന വസ്ത്രങ്ങളിൽ മുഴുവൻ രക്തക്കറ കൊണ്ട് നിറഞ്ഞിരുന്നു. മലദ്വാരത്തിലൂടെ ലാത്തി ഉന്തിത്തള്ളിച്ചെലുത്തി ശാരീരികമായി പീഡിപ്പിച്ചു. മലാശയത്തിൽ നിന്ന് നിർത്താതെയുള്ള രക്തസ്രാവം. ജനനേന്ദ്രിയങ്ങളിലും പരിക്കുകൾ ധാരാളം. 22-ജൂണില്‍ ഫെനിക്സ് മരിയ്ക്കുന്നു, തുടർന്ന്, രാവിലെ ജയരാജും വിട പറഞ്ഞു. ശാന്തൻകുളം സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ  ബാലകൃഷ്ണൻ, പി. രഖു ഗണേഷ് എന്നിവരെ തൂത്തുക്കുടി പൊലീസ് സ്റ്റേഷൻ സസ്‌പെൻഡ് ചെയ്തതും, ഇൻസ്‌പെക്ടർ ശ്രീധറിനെ ട്രാൻസ്ഫർ ചെയ്തതും, കോൺസ്റ്റബിളുകള്‍ ആയ മുത്തുരാജിനും മുരുഗനുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതൊന്നുമല്ല നീതി. ശക്തമായ നടപടികൾ എടുക്കണം കുറ്റവാളികൾക്കെതിരെ. സാധുക്കളായവർ അനുഭവിച്ച പീഢനങ്ങളുടെ വേദന പ്രതികൾക്കും ലഭിക്കേണ്ടതുണ്ട്. താത്കാലികമായ ഒരു സസ്പെൻഷനിൽ തീരേണ്ടതല്ല അവർക്കുള്ള ശിക്ഷ. അവർക്കു ലഭിക്കുന്ന ശിക്ഷ ഒരു വ്യവസ്ഥിതിക്കെതിരെയുള്ള ചൂണ്ടുവിരലാണ്.

തമിഴ്നാട് സർക്കാരും ഡി.എം.കെ അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും കുടുംബത്തിന് ലക്ഷങ്ങൾ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ മരണത്തിനും വിലയിടുന്ന രീതിയാണ് ഇപ്പോൾ. മരണത്തിന് കാരണമാകുന്ന വ്യവസ്ഥിതിയെ തൊടാൻ ഇവർ തയ്യാറാകുന്നില്ല. ഇത് ഓരോ ജീവൻ പൊലിയുമ്പോഴും മാത്രം ഉണരേണ്ട ജാഗ്രതയല്ല. നീതി കൃത്യമായി ഇരകൾക്ക് ലഭിക്കേണ്ടതുണ്ട്.

നിയമവ്യവസ്ഥയെ പോലും എത്രയധികം അട്ടിമറിക്കുന്നുണ്ടെന്ന് ഈ കേസിൽ കാണാനാകും. മജിസ്ട്രേറ്റ് റിമാൻഡ് നിയമങ്ങൾ പോലും കൃത്യമായി പാലിച്ചിട്ടില്ല. റിമാന്‍ഡിനു മുമ്പ് പരിശോധിക്കാനോ അവർക്ക് ശാരീരികമായ പീഡനങ്ങൾ നേരിട്ടിട്ടുണ്ടോ അവകാശങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്നറിയാനോ മജിസ്ട്രേറ്റ് തയ്യാറാക്കാതെയാണ് റിമാൻഡിലേക്ക് അവരെ വിട്ടത്. പൊലീസിനൊപ്പം നിയമ സ്ഥാപനങ്ങളും നിധിനിഷേധത്തിൻ്റെ ഇടങ്ങളാവുകയാണ് ഇവിടെ. തൊട്ടടുത്തുള്ള ശാന്തൻകുളം എന്ന സ്ഥലത്തിനടുത്ത് പെരുറാണി ജില്ലാ ജയിൽ ഉണ്ടായിട്ടും എന്തിനാണ് ഇവരെ കോവിൽപ്പെട്ടിയിലേക്ക് കൊണ്ടു പോയതെന്നതടക്കം സംശയിക്കപ്പെടേണ്ട കാര്യങ്ങളാണ്.

ഇനി ഉത്തരങ്ങൾ പറയാതെ നിങ്ങൾക്ക് രക്ഷപ്പെടാനാകില്ല. ഈ ചോദ്യങ്ങളെല്ലാം ജീവിക്കാനുള്ള അവകാശത്തിൻ്റെ ശബ്ദങ്ങളാണ്. ഉത്തരവും നീതിയും കിട്ടിയേ മതിയാകൂ…