'മോദി എന്ന മതഭ്രാന്തൻ കോവിഡ് പ്രതിസന്ധിയെ ഇന്ത്യയുടെ പാരമ്പര്യം തകർക്കാൻ ഉപയോഗിക്കുന്നു'

“ഒരിക്കലും ഒരു നല്ല പ്രതിസന്ധി പാഴായിപ്പോകരുത്,” വിൻസ്റ്റൺ ചർച്ചിൽ ഒരിക്കൽ പ്രഖ്യാപിച്ചു… പ്രതിസന്ധികൾ ക്രൂരമായ സർക്കാരുകൾക്ക് അവരുടെ ഗൂഢമായ ലക്ഷ്യങ്ങൾ മറച്ചുവെയ്ക്കാനുള്ള അവസരം വാഗ്ദാനം ചെയ്യുന്നു.

കോവിഡ് -19 പ്രതിസന്ധിക്കിടെ ഡൽഹിയിലെ സെൻട്രൽ വിസ്റ്റ എന്ന് വിളിക്കപ്പെടുന്ന പുനർവികസന പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള ഇന്ത്യയുടെ ഫാസിസ്റ്റ് സർക്കാരിന്റെ തീരുമാനത്തിൽ അത്തരം ഗൂഢമായ ലക്ഷ്യം മറഞ്ഞിരിക്കുന്നു.

കൂടിയാലോചനകളോ കൃത്യമായ നടപടികളോ ഇല്ലാതെ ഈ ചപലബുദ്ധിയായ പദ്ധതിയുമായി മുന്നോട്ട് പോകാൻ അനുമതി നൽകുന്നതിന് കഴിഞ്ഞ ഏതാനും ആഴ്ച കൊണ്ട് ഇന്ത്യൻ ഹൈക്കോടതി നിർബന്ധിതമായി.1912 നും 1931 നും ഇടയിൽ നിർമ്മിച്ച പാർലമെന്റ് കെട്ടിടങ്ങൾക്കും ഗ്രാൻഡ് അവന്യൂ ഓഫ് ജൻപത്തിനും (പീപ്പിൾസ് റോഡ്) എഡ്വിൻ ല്യൂട്ടെൻസ് നൽകിയ രൂപകൽപ്പനയാണ് സെൻട്രൽ വിസ്റ്റ. ല്യൂട്ടെൻസിന്റെ കെട്ടിടങ്ങൾ വിശാലമായ വഴികളോടു കൂടിയ ഗംഭീരമായ ശൈലിയിൽ സാമ്രാജ്യത്വ കൊളോണിയൽ ശക്തിയുടെ ബ്രിട്ടീഷ് വിചിത്രകല്‍പനക്ക് അനുയോജ്യമായ രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്.

ഡൽഹിയിലെ ചെങ്കോട്ട പോലുള്ള തങ്ങളുടെ കോട്ടകളും കൊട്ടാരങ്ങളും നിർമ്മിക്കാൻ ഇന്ത്യയിലെ മുഗൾ ചക്രവർത്തിമാർ ഉപയോഗിച്ചിരുന്ന ചുവന്ന കല്ല് ഉപയോഗിച്ചാണ് കെട്ടിടങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ല്യൂട്ടൻസും അദ്ദേഹത്തിന്റെ സഹ വാസ്തുശില്‍പികളും കെട്ടിടങ്ങൾ അലങ്കരിക്കാനും ആഡംബരത്തിനും മഹത്വത്തിനും നാടകീയമായ ഒരു അർത്ഥം നൽകാനും ഹിന്ദു ക്ഷേത്രങ്ങൾ, മുഗൾ കോട്ടകൾ, ജൈന, ബുദ്ധമത കെട്ടിടങ്ങൾ തുടങ്ങി ഇന്ത്യയിലെ എല്ലാ വാസ്തുവിദ്യാ ശൈലികളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു. ഗ്രാൻഡ് അവന്യൂവിന്റെ ഏറ്റവും ഉയരത്തിൽ രാജ്യത്തെ അധികാരത്തിന്റെ ക്ഷേത്രം എന്ന സങ്കല്‍പത്തിൽ പാർലമെന്റ് മന്ദിരം ഉൾപ്പെടെ സെൻട്രൽ വിസ്റ്റയെ ഗ്രീക്ക് ശൈലിയിലെ മഹത്വത്തിന്റെ ആചാരപാത പോലെ ല്യൂട്ടൻസ് രൂപപ്പെടുത്തി. നിസ്സംശയമായും ഇത് ല്യൂട്ടന്റെ മാസ്റ്റർപീസ് ആണ്. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സർക്കാരിന്റെ അധികാരത്തിന്റെയും ജനങ്ങളുടെ ഇച്ഛാശക്തിയുടെയും മഹത്തായ ദർശനമാണ് അത്. എന്റെ കാഴ്ചപ്പാടിൽ ഒരുപക്ഷേ ലോകത്തിലെ ഏറ്റവും വലിയ സർക്കാർ കെട്ടിട സമുച്ചയം.

ഈ സെൻട്രൽ വിസ്റ്റ പുനർരൂപകൽപ്പന ചെയ്യാൻ മോദിയും ഫാസിസ്റ്റ് സർക്കാരും ആർക്കിടെക്റ്റ് ബിമൽ പട്ടേലിനെ ചുമതലപ്പെടുത്തി. അതും കൂടിയാലോചനകളോ ല്യൂട്ടൻസ് രൂപകൽപ്പനയുടെ പ്രാധാന്യത്തെ കുറിച്ച് ധാരണയോ പരിഗണനയോ ഇല്ലാതെ. ഇത്തരമൊരു സുപ്രധാന ദൗത്യത്തിനായി ബിമൽ പട്ടേലിന്റെ നിയമനത്തിൽ ഉചിതമായ പ്രക്രിയയെങ്കിലും പലരും പ്രതീക്ഷിച്ചിരുന്നു. ബിമൽ പട്ടേലിന്റെ കഴിവുകൾ ഈ ചുമതലക്ക് മതിയാവില്ല. സബർമതി നദിയുടെ തീരത്ത് നിർമ്മാണം നടത്തി പട്ടേൽ അഹമ്മദാബാദ് നഗരത്തെ നശിപ്പിച്ചു. വാരണാസിയിലൂടെ റോഡുകൾ നിർമ്മിച്ച് അതിനെ കോൺക്രീറ്റ് കൊണ്ട് മൂടി അവിടുത്തെ ആളുകളെയോ ചരിത്രത്തെയോ പരിഗണിക്കാതെ ആ നഗരത്തെ നശിപ്പിക്കുന്ന പ്രക്രിയയിലാണ് ഇപ്പോൾ അദ്ദേഹം. ഇതെല്ലാം തീർച്ചയായും മോദിയുടെ ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം .

വാസ്തുവിദ്യ ഫലപ്രദമായ പ്രചാരണ ഉപകരണമാണ്. ലോകമെമ്പാടും തലസ്ഥാനങ്ങൾ ആ രാജ്യത്തിൻറെ വിജയങ്ങൾ പ്രദര്‍ശിപ്പിക്കുന്നതിനോ ദേശീയ അഭിമാനം കാഴ്ചവെയ്ക്കുന്നതിനോ അല്ലെങ്കിൽ വീരമൃത്യു വരിച്ചവർക്കുള്ള സ്മാരകങ്ങൾ എന്ന് അഭിമാനപൂർവ്വം അവകാശപ്പെടുന്ന കെട്ടിടങ്ങളാലോ അലങ്കരിച്ചിരിക്കുന്നു.

സമീപകാലത്തെ കുറച്ച് ഉദാഹരണങ്ങൾ ഉദ്ധരിച്ചാൽ: പാരീസിലെ പോംപിഡോ സെന്റർ മുതൽ ക്വായ് ബ്രാൻലിയിലെ ജാക്ക് ചിരാക്കിന്റെ മ്യൂസിയം വരെ, ഫ്രഞ്ച് പ്രസിഡന്റുമാർ പ്രതീകാത്മക വാസ്തുവിദ്യ ഉപയോഗിച്ച് രാജ്യത്തിന്റെ മേലുള്ള സാംസ്കാരികവും രാഷ്ട്രീയവുമായ സ്വാധീനം അടയാളപെടുത്തുന്നു. 2008- ലെ ഒളിമ്പിക്സിനായി അവരുടെ ഒളിമ്പിക് സ്റ്റേഡിയം രൂപകൽപ്പന ചെയ്യാൻ സ്വിസ് വാസ്തുവിദ്യാ സമ്പ്രദായത്തിൽ ഹെർസോഗ് & ഡി മ്യൂറോൺ നേടാൻ ചൈനക്കാർക്ക് കഴിഞ്ഞു. അവരുടെ മനുഷ്യാവകാശ ലംഘനങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിന് ഇത് ഫലപ്രദമായി ഉപയോഗിച്ചു. അസർബൈജാനിലെ ബാക്കുവിൽ ഒരു ഷോപീസ് മ്യൂസിയം രൂപകൽപ്പന ചെയ്യാൻ ആർക്കിടെക്റ്റ് സഹ ഹാഡിദിനെ പ്രേരിപ്പിച്ചു. ഇവിടെയും ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന് നല്ല പ്രതിച്ഛായ നൽകാൻ. ഇങ്ങനെ പട്ടിക നീളുന്നു.

മതേതര ഇന്ത്യ എന്ന നെഹ്‌റുവിന്റെ പാരമ്പര്യം തകർക്കുക എന്നതാണ് മോദിയുടെ അജണ്ട. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളുടെ പുതിയ തലസ്ഥാനമായ ചണ്ഡിഗഡ് നിർമ്മിക്കാൻ നെഹ്‌റു 1950- ൽ കോർബ്യൂസിയറെ ചുമതലപ്പെടുത്തി. ഇന്ത്യയുടെ ആധുനികതയുടെ ഒരു ചിഹ്നമായും കൊളോണിയലിസത്തിന്റെയും ഇന്ത്യയുടെയും പാകിസ്ഥാന്റെയും വിഭജനത്തിന്റെ ഭീകരതയുടെ മുറിവുകളെ പ്രതീകാത്മകമായി സുഖപ്പെടുത്തുന്ന ഒന്നായും ഇതിനെ കാണുന്നു. ഇന്ന് മോദി നെഹറുവിനെ അപകീർത്തിപ്പെടുത്താൻ എല്ലാ അവസരങ്ങളും ഉപയോഗിക്കുന്നു. ഒരു ഇന്ത്യൻ വാസ്തുശില്‍പി രൂപകൽപ്പന ചെയ്ത പുതിയ പാർലമെന്റ് തന്റെ ഹിന്ദു ഇന്ത്യ അജണ്ടയെ കൂടുതൽ മുന്നോട്ട് കൊണ്ടുപോകുമെന്നും നെഹ്‌റുവിന്റെ മതേതര ഇന്ത്യയിൽ നിന്ന് ഒരുപടി അകന്നുപോകുമെന്നും മോദി പൂർണമായി മനസ്സിലാക്കുന്നു.

ഒരുപക്ഷെ ഇന്ത്യയുടെ 1.4 ബില്യൺ ജനങ്ങളെ പ്രതിനിധീകരിക്കുന്നതിന് ഒരു ആധുനിക പാർലമെന്റ് കെട്ടിടത്തിന്റെ യഥാർത്ഥ ആവശ്യമുണ്ടായിരിക്കാം, പക്ഷേ ശരിയായ പ്രക്രിയയില്ലാതെ മുന്നോട്ട് പോകാനുള്ള ഈ ശ്രമം ലജ്ജാകരമാണ്. കൂടാതെ പട്ടേലിന് ഈ ജോലി നൽകുന്നത് ഇന്ന് ഇന്ത്യയിൽ ജോലി ചെയ്യുന്ന ആർക്കിടെക്റ്റുകളെ വില കുറച്ച് കാണുന്നതിന് തുല്യമാണ്. ഡൽഹി പ്രതിസന്ധി നേരിടുന്ന ഒരു നഗരമാണ് – ഇത് ലോകത്തിലെ ഏറ്റവും മലിനമായ നഗരമാണ്. ഇന്ത്യൻ അധികാരത്തിന്റെ കേന്ദ്രത്തെ പുനർവിചിന്തനം ചെയ്യുന്നത് വാസ്തുവിദ്യാ ഭാവനയുടെ ശക്തി ഏറ്റെടുക്കാനും ആധുനിക ഇന്ത്യയുടെ തലസ്ഥാനമായി ഡൽഹിയെ പുനർവിചിന്തനം ചെയ്യാനുമുള്ള അവസരമായി എടുക്കണം. ല്യൂട്ടെൻസ് ഡൽഹിയുടെ നശീകരണം എന്നത് വഴിതെറ്റിയ ഒന്നാണ്, അത് മോദിയുടെ രാഷ്ട്രീയ മതഭ്രാന്തിൽ നിന്ന് വരുന്നതാണ്. ഇത് കെട്ടിടങ്ങളുടെ പുനർരൂപകൽപ്പനയല്ല, പകരം ഒരു പുതിയ ഹിന്ദു ഇന്ത്യയുടെ നിർമ്മാതാവെന്ന നിലയിൽ മോദി സ്വയം അതിന്റെ കേന്ദ്രത്തിൽ പ്രതിഷ്ഠിച്ച്‌ അദ്ദേഹത്തിന്റെ പാരമ്പര്യത്തെ ഉറപ്പിക്കാനുള്ള ഒരു മാർഗ്ഗമാണ്.

വാസ്തുവിദ്യ, നമ്മെ ഓർമ്മപ്പെടുത്തുന്നു, കല്ലിലെ ശക്തി. ഇവ കെട്ടിടങ്ങൾ മാത്രമല്ല, അവ നമ്മുടെ ആത്മാക്കളുടെ ഭവനമാണ്.

(ദി ഗാർഡിയനിൽ പ്രസിദ്ധീകരിച്ച അനിഷ് കപൂർ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. ഇൻസ്റ്റലേഷൻ ആർട്ട്, കൺസെപ്ച്വൽ ആർട്ട് എന്നിവയിൽ ആഗോള പ്രശസ്തി നേടിയ ബ്രിട്ടീഷ് ഇന്ത്യൻ ശില്‍പിയാണ് അനിഷ് കപൂർ)