തെക്ക് കണ്ണെറിഞ്ഞ താമര കണക്കുകൂട്ടല്‍ വോട്ടായി വീഴുമോ?; അമിത് ഷാ പറയുന്ന പോപ്പുലാരിറ്റി തെക്ക് മോദിക്കുണ്ടോ?

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ 102 മണ്ഡലങ്ങള്‍ തങ്ങളുടെ നിയതി രേഖപ്പെടുത്തുമ്പോള്‍ തെക്കുള്ള തമിഴ്‌നാട് മാത്രമാണ് മുഴുവന്‍ മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനം. തെക്കന്‍ സംസ്ഥാനങ്ങളില്‍ കണ്ണുവെച്ചാണ് ബിജെപി ഇക്കുറി തിരഞ്ഞെടുപ്പ് നേരിടാന്‍ ഇറങ്ങിയിരിക്കുന്നത്. നരേന്ദ്ര മോദിയുടെ പോപ്പുലാരിറ്റി തെക്ക് വോട്ടാകുമെന്ന കരുതിയാണ് അടിക്കടി മോദി തമിഴ്‌നാട്ടിലും കേരളത്തിലും തെലങ്കാനയിലും കര്‍ണാടകയിലുമെല്ലാം പ്രകടനവുമായി ഇറങ്ങിയത്. അതിന്റെ ഫലമെന്താണെന്നതിന്റെ ആദ്യ പടിയാണ് ഏപ്രില്‍ 19ന് പോളിംഗ് ബൂത്തില്‍ എത്തിയ മണ്ഡലങ്ങളിലെ വോട്ടര്‍മാരുടെ എണ്ണവും അവര്‍ വിനിയോഗിച്ച സമ്മതിദാന അവകാശവും. 17 സംസ്ഥാനങ്ങളിലെയും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലെയുമായി ആകെ 102 മണ്ഡലങ്ങളാണ് ഇന്ന് പോളിങ് ബൂത്തിലെത്തിയത്. തമിഴ്നാട്ടിലെ ആകെയുള്ള 39 സീറ്റുകളിലും വോട്ടെടുപ്പ് നടന്നു. ഈ സീറ്റുകളില്‍ ചെറുതല്ലാതെ എന്‍ഡിഎ കണ്ണുവെച്ചു കൊണ്ടാണ് തങ്ങളുടെ തുറുപ്പ് ചീട്ടായ ‘മോദിയെ’ മോദി തരംഗമുണ്ടാക്കാന്‍ തമിഴ്‌നാട് തെക്കും വടക്കും ഓടിച്ചത്. കാരണം കഴിഞ്ഞ കുറി ഈ 39ല്‍ 38ഉം ഇന്നത്തെ ഇന്ത്യ മുന്നണിയുടെ ഭാഗമായ ഡിഎംകെ സഖ്യത്തിനായിരുന്നു. ഡിഎംകെ- കോണ്‍ഗ്രസ്- ഇടത് പാര്‍ട്ടികള്‍ 38 സീറ്റും നേടിയപ്പോള്‍ 1 സീറ്റ് അണ്ണാഡിഎംകെ നേടി.

തമിഴ്‌നാട്ടില്‍ 2014ന് ശേഷം ഒരു സീറ്റ് പോലും കിട്ടാത്ത ബിജെപിയ്ക്ക് തമിഴ്‌നാട് നിര്‍ണായകമാകുന്നത് അങ്ങ് വടക്കേ ഇന്ത്യയില്‍ 2019ല്‍ കിട്ടാവുന്നതിന്റെ മാക്‌സിമം കിട്ടിയതിനാല്‍ ഇനി മിഷണ്‍ 400 പൂര്‍ത്തിയാക്കണമെങ്കില്‍ തെക്ക് കനിയണമെന്നത് കൊണ്ടാണ്. 2019ല്‍ മിന്നുന്ന വിജയം നേടി രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴും ഉത്തരേന്ത്യ മോദിക്കും കൂട്ടര്‍ക്കും നല്‍കിയ സ്വീകാര്യത തെക്ക് കിട്ടിയിരുന്നില്ല. കര്‍ണാടകയ്ക്കപ്പുറം തെക്കേ ഇന്ത്യ മോദിയേയും കൂട്ടരേയും തള്ളിക്കളഞ്ഞു. ദക്ഷിണേന്ത്യയിലെ 130 മണ്ഡലങ്ങളില്‍ 2019ല്‍ ബിജെപിയ്ക്ക് കിട്ടിയത് 29 സീറ്റുകള്‍ മാത്രമാണ്. ഇതില്‍ 25ഉം കര്‍ണാടകയില്‍ നിന്ന്, ബാക്കി 4 തെലങ്കാനയില്‍ നിന്ന്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച വിജയം നല്‍കിയ കര്‍ണാടകയും തെലങ്കാനയും ഇക്കുറി എന്തായാലും അതിന്റെ ആവേശം കെട്ടടങ്ങിയ മട്ടിലല്ല. അധികാരത്തിലെത്തി അധികം തികയാത്ത സര്‍ക്കാരുകള്‍ക്കെതിരെ ഭരണവിരുദ്ധ വികാരം ഇല്ലാത്തതിനാല്‍ ഈ രണ്ട് സംസ്ഥാനങ്ങളും ബിജെപിയെ കയ്യയച്ച് സഹായിക്കില്ലെന്നാണ് വിലയിരുത്തല്‍. ഈ ഘട്ടത്തിലാണ് ഇതുവരെ തങ്ങളെ തുണയ്ക്കാത്ത തമിഴ്‌നാടും കേരളവും ബിജെപിയുടെ കണ്ണിലെ നോട്ടപ്പുള്ളികളായത്. ഇതില്‍ തമിഴ്‌നാട് ബിജെപിയ്ക്ക് പ്രിയങ്കരമായത് ലോക്‌സഭാ സീറ്റുകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ദ്രാവിഡ മണ്ണ് ഉത്തര്‍പ്രദേശിനും മഹാരാഷ്ട്രയ്ക്കും പിന്നിലായി അഞ്ചാം സ്ഥാനത്തുള്ളതിനാലാണ്.

തമിഴ്‌നാട്ടില്‍ നിന്നെത്തിയ ചെങ്കോല്‍ പുതിയ പാര്‍ലമെന്റില്‍ വെച്ചതും പെട്ടെന്നുണ്ടാക്കിയെടുത്ത കച്ചതീവ് കോണ്‍ഗ്രസ് ഭരണം ശ്രീലങ്കയ്ക്ക് മുന്നില്‍ അടിയറവെച്ചുവെന്നുള്ള പ്രചാരണവുമെല്ലാം തമിഴ്‌നാട് ഇളക്കാന്‍ ബിജെപി കണ്ടെത്തിയ ചില കൂടുകളായിരുന്നു. ഒപ്പം മോദിയുടെ റാലികളും അണ്ണാമലൈയുടെ തീപ്പൊരി പ്രസംഗവും തമിഴ്‌നാട്ടില്‍ കാലുറപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ ബിജെപിയ്ക്ക് നല്‍കുന്നുണ്ട്. എന്‍ മണ്‍ എന്‍ മക്കള്‍ യാത്രയുമായി അണ്ണാമലൈയുടെ ആറ്മാസം നീണ്ട കാല്‍നടയാത്ര തമിഴ്‌നാട്ടില്‍ ചലനമുണ്ടാക്കിയോ ഇല്ലയോ എന്ന് ഇന്നത്തെ പോളിംഗിലറിയാം.

വടക്ക് മാക്‌സിമത്തില്‍ നിന്ന് കുറയാനുള്ള സാധ്യത കൂടുതലായതിനാല്‍ തെക്ക് മോദിയുടെ പോപ്പുലാരിറ്റി വിറ്റു വോട്ടാക്കാനായിരുന്നു തങ്ങളുടെ ശ്രമമെന്ന് അമിത് ഷാ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്‍ഡിടിവിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അമിത് ഷാ തുറന്നു പറയുന്നുണ്ട് മോദിയുടെ പോപ്പുലാരിറ്റിയാണ് തെക്ക് ബിജെപിയ്ക്ക് വോട്ടായി മാറുകയെന്ന്. ഈ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയിലെ എക്കാലത്തെയും മികച്ച പ്രകടനമാണ് ബിജെപി പ്രതീക്ഷിക്കുന്നതെന്നാണ് ഷാ പറയുന്നത്.

‘തമിഴ്നാട്, തെലങ്കാന, കേരളം, ആന്ധ്ര (പ്രദേശ്), കര്‍ണാടക, ഈ സംസ്ഥാനങ്ങളിലെല്ലാം ഞങ്ങള്‍ ശക്തമായി പ്രകടനം തന്നെ നടത്തും. ദക്ഷിണേന്ത്യയില്‍ പ്രധാനമന്ത്രി മോദിയുടെ ജനപ്രീതി ബിജെപിയ്ക്കനുകൂലമായി മാറുന്ന ഘട്ടത്തിലെത്തുന്നത് ഇതാദ്യമാണ്.

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 2014ലെയും 2019ലെയും പൊതുതിരഞ്ഞെടുപ്പുകളില്‍ ദക്ഷിണേന്ത്യയില്‍ ബിജെപി വോട്ട് വിഹിതം മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും പക്ഷേ സീറ്റുകള്‍ നേടുന്ന നിലയിലേക്ക് തങ്ങള്‍ എത്തിയിരുന്നില്ല എന്നും അമിത് ഷാ തുറന്നു സമ്മതിക്കുന്നു. പക്ഷേ ഇത്തവണ സ്ഥിതി മറിച്ചാകുമെന്നാണ് അമിത് ഷാ പറയുന്നത്. 2014ലെ തിരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ 5.5 ശതമാനം വോട്ടുകളാണ് ബിജെപി നേടിയത്. 2019-ല്‍ ഇത് 3.7-ല്‍ താഴെയായി കുറയുകയും ചെയ്തു. കേരളത്തില്‍ ബിജെപിയ്ക്ക് 2014-ല്‍ 10 ശതമാനത്തിലധികം വോട്ടുകള്‍ ലഭിച്ചു, അത് അഞ്ച് വര്‍ഷത്തിന് ശേഷം 2019 ആയപ്പോള്‍ 12.93 ശതമാനമായി ഉയര്‍ന്നു. ഇതാണ് സീറ്റിലേക്ക് മാറുമെന്ന് ബിജെപി കണക്കുകൂട്ടുന്നത്.

എന്തായാലും തമിഴ്‌നാട് പോളിംഗ് ബൂത്തില്‍ നില്‍ക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിട്ട് ഹിന്ദു വികാരം ഇളക്കാനുള്ള ശ്രമമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. ഈ വര്‍ഷമാദ്യം ഗുജറാത്തിലെ ദ്വാരകയില്‍ വെള്ളത്തിനടിയില്‍ നടത്തിയ പ്രാര്‍ത്ഥനയെ കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി പരിഹസിച്ചത് രാഹുലിന്റെ വോട്ട് ബാങ്കിന് വേണ്ടിയാണെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ഉത്തര്‍പ്രദേശിലെ അംറോഹയില്‍ തിരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്യവെയാണ് കോണ്‍ഗ്രസിന്റെ ഷെഹ്സാദ തന്റെ വിശ്വാസങ്ങളെ തള്ളിക്കളഞ്ഞെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞത്. അതില്‍ രാഹുലിന്റെ ‘വോട്ട് ബാങ്ക്’ എന്ന് മോദി ഉത്തര്‍പ്രദേശില്‍ ഉദ്ദേശിച്ചതെന്തെന്ന് വ്യക്തമാണ്. വയനാട് പച്ചക്കൊടി കണ്ട് പാകിസ്താനിലാണ് രാഹുലിന്റെ പ്രചാരണമെന്ന തരത്തില്‍ യുപിയില്‍ കഴിഞ്ഞ കുറി പ്രചാരണം നടത്തിയതിന്റെ അതേ ചുവടുപിടിച്ചാണ് മോദി ഇക്കുറിയും പ്രചാരണം നടത്തുന്നതെന്ന് വ്യക്തം. ന്യൂനപക്ഷ വോട്ടുകളാണ് രാഹുല്‍ ഗാന്ധിയ്ക്കുള്ളതെന്നും അയാള്‍ തന്റെ വിശ്വാസങ്ങളെ പരിഹസിച്ചത് ആ വോട്ട് ബാങ്ക് ഉറപ്പിച്ചു നിര്‍ത്താനാണെന്നുമുള്ള ധ്രൂവീകരണ തന്ത്രമാണ് യുപിയില്‍ മോദി പുറത്തെടുത്തത്. ഒപ്പം ‘കോണ്‍ഗ്രസിന്റെ ഷെഹസാദ’ എന്ന പ്രയോഗവും താന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് ഭൂരിപക്ഷ സമുദായത്തിന് വ്യക്തമാക്കാനുള്ള തന്ത്രമായിരുന്നു. പേര്‍ഷ്യന്‍ വാക്ക് മുഗള്‍ കാലഘട്ടത്തിനോ അതിന് മുമ്പോ ഇന്ത്യയില്‍ ഉപയോഗിക്കപ്പെട്ടത് മുസ്ലീം സാമ്രാജ്യങ്ങളുടെ കാലത്താണെന്നതില്‍ തര്‍ക്കമില്ല. അനന്തരാവാകാശി എന്നതിന് ഉപയോഗിക്കുന്ന പദമാണത്. ഭഗവാന്‍ കൃഷ്ണന് വേണ്ടിയുള്ള എന്റെ ദ്വാരകയിലെ പൂജയെ ‘കോണ്‍ഗ്രസിന്റെ ഷെഹസാദ’ പരിഹസിച്ചത് അയാളുടെ വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യമിട്ടാണെന്നാണ് മോദി പറഞ്ഞത്. ആ വാചകത്തിലൂണ്ട് യുപിയില്‍ മോദിയും കൂട്ടരും ഉദ്ദേശിക്കുന്നതെന്താണെന്ന്.

അതേ കണ്ണോടെയാണ് തെക്കും ബിജെപി കാണുന്നത്. അത്തരത്തിലൊരു സാമുദായിക ധ്രൂവീകരണം ലക്ഷ്യമിട്ട് തന്നെയാണ് കൃഷ്ണനേയും രാമനേയും കൂട്ടുപിടിച്ച് തെക്കും മോദിയും കൂട്ടരും പ്രചാരണം നടത്തിയത്. തമിഴ്‌നാട്ടില്‍ 23 സീറ്റില്‍ മല്‍സരിക്കുന്ന ബിജെപിയ്‌ക്കൊപ്പം കുഞ്ഞുപാര്‍ട്ടികളുടെ സഖ്യവുമുണ്ട്. മോദിയുടെ പ്രചാരണം മോദിയുടെ പോപ്പുലാരിറ്റി ദ്രാവിഡ മണ്ണില്‍ അമിത് ഷാ പറഞ്ഞ രീതിയില്‍ ഉയര്‍ന്നോ എന്ന് അറിയാന്‍ ജൂണ്‍ നാല് വരെ കാത്തിരിക്കണം.

Read more