ടാറ്റയുടെ ത്രിത്വവും പൊളിക്കുമോ? മരടിലെ അഞ്ച് ഫ്ലാറ്റുകൾ പൊളിച്ചാൽ തീരുമോ നിയമം ലംഘിച്ച ഫ്ലാറ്റുകളുടെ എണ്ണം: ഹരീഷ് വാസുദേവൻ

 

 

മരടിലെ അഞ്ച് ഫ്ലാറ്റുകൾ പൊളിച്ചാൽ തീരുന്നതല്ല കേരളത്തിൽ നിയമം ലംഘിച്ചു പണിത ഫ്ലാറ്റുകളുടെ എണ്ണം എന്ന് പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും അഭിഭാഷകനുമായ ഹരീഷ് വാസുദേവൻ. എറണാകുളം ഗോശ്രീ പാലത്തിനു അടുത്തുള്ള ടാറ്റയുടെ ‘ത്രിത്വം’ എന്ന ഫ്‌ളാറ്റ് സമുച്ചയം പാരിസ്ഥിതികാനുമതി ലഭ്യമാക്കുന്നതിന് മുമ്പാണ് നിർമ്മിച്ചത് എന്നും ഈ ഫ്ലാറ്റ് പൊളിക്കാൻ അധികാരികൾ തയ്യാറാകുമോ എന്നും ഹരീഷ് വാസുദേവൻ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഹരീഷ് വാസുദേവന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ടാറ്റയുടെ ത്രിത്വവും പൊളിക്കുമോ?

മരടിലെ 5 ഫ്ലാറ്റുകൾ പൊളിക്കാനാണ് കോടതിവിധി. എന്നാൽ അതുകൊണ്ട് തീരുന്നില്ല നിയമം ലംഘിച്ചു പണിത ഫ്ലാറ്റുകളുടെ എണ്ണം.

എറണാകുളം ഗോശ്രീ പാലത്തിനു അടുത്തുള്ള ടാറ്റയുടെ ‘ത്രിത്വം’ എന്ന ഫ്‌ളാറ്റ് സമുച്ചയത്തിനു പാരിസ്ഥിതികാനുമതി ലഭ്യമാക്കുന്നതിന് മുമ്പാണ് കെട്ടിടം നിർമ്മിച്ചത്. 2015- ൽ പാരിസ്ഥിതികാനുമതി നൽകിയപ്പോൾ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം വ്യക്തമായ രണ്ട് നിബന്ധനകളോടെയാണ് Environment Clearance നൽകിയത്.

കായലിൽ നിന്ന് 150 മീറ്റർ വിട്ടിട്ടേ ഏതൊരു നിർമ്മാണവും നടത്താവൂ.
60 മീറ്റർ ഉയരം മാത്രമേ പാടുള്ളൂ.

ത്രിത്വത്തിന്റെ മുമ്പിലൂടെ പോകുന്ന ആർക്കും ഒരുകാര്യം വ്യക്തമാകും. കായലിൽ നിന്ന് 50 മീറ്റർ പോലും വിട്ടിട്ടല്ല നിർമ്മാണം നടത്തിയത്. 150 മീറ്ററിൽ നിർമ്മാണം പാടില്ലെങ്കിൽ ആ നിബന്ധന ലംഘിച്ചു പണിത മൂന്ന് ടവർ എങ്കിലും ത്രിത്വത്തിൽ ഉണ്ട്.
ഉയരമോ? 60 മീറ്ററിലും എത്രയോ കൂടുതൽ. 2010- നും 2015- നും ഇടയിൽ കൊച്ചി കോർപ്പറേഷൻ ഭരിച്ചവരും ജില്ലാ കളക്ടർമാരും ടൌൺ പ്ലാനർമാരും ഈ നിയമലംഘനം കണ്ടില്ലെന്നു നടിച്ചു ഇതിന് കൂട്ടു നിന്നു.

നാളെ കോടതി പറഞ്ഞാൽ ഇതും പൊളിക്കേണ്ടി വരില്ലേ? ഇന്ന് എല്ലാ പത്രത്തിലും ഫുൾ പേജ് പരസ്യമുണ്ട് ത്രിത്വത്തിന്റെ. വാങ്ങുന്നവരെ ഇതൊക്കെ ബോദ്ധ്യപ്പെടുത്തി വേണ്ടേ ഫ്ലാറ്റ് വിൽക്കാൻ?? പാരിസ്ഥിതികാനുമതി ഒക്കെ വായിച്ചു നോക്കിയിട്ട് ഫ്ലാറ്റ് വാങ്ങിക്കാൻ മലയാളി ഇനിയെങ്കിലും പഠിക്കുമോ?

അഡ്വ. ഹരീഷ് വാസുദേവൻ.

 

ടാറ്റയുടെ ത്രിത്വവും പൊളിക്കുമോ?മരടിലെ 5 ഫ്ലാറ്റുകൾ പൊളിക്കാനാണ് കോടതിവിധി. എന്നാൽ അതുകൊണ്ട് തീരുന്നില്ല നിയമം…

Posted by Harish Vasudevan Sreedevi on Sunday, 15 September 2019