പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളായി മത്സരിക്കും; സഖ്യം ഉറപ്പിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി 

യുഡിഎഫുമായി നേതൃതല ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പേരില്‍ പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളായി മത്സരിക്കും. സംസ്ഥാനത്തെ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കും ഇത്തവണ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥികളുണ്ടാവും.

യുഡിഎഫുമായി ധാരണയുള്ള തദ്ദേശഭരണ സ്ഥാപനങ്ങളില്‍ മുന്നണിയായും അല്ലാത്ത സ്ഥലങ്ങളില്‍ ഒറ്റയ്ക്കും സംസ്ഥാനത്തെ എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കും ഇത്തവണ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥികളുണ്ടാവും. യുഡിഎഫുമായുണ്ടാക്കിയ ഈ നീക്കുപോക്ക് തദ്ദേശഭരണ തിരഞ്ഞെടുപ്പിലേക്ക് മാത്രമുള്ളതാണെന്നും നിയമസഭ തിരഞ്ഞെടുപ്പില്‍ അപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് പാര്‍ട്ടി നിലപാട് എടുക്കുമെന്നും ഹമീദ് വാണിയമ്പലം വ്യക്തമാക്കി.

അതേസമയം  സിപിഎമ്മിൻറെ ഹിന്ദുത്വ നിലപാടു കൊണ്ടാണ് വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ തീവ്രവാദം ആരോപിക്കുന്നതെന്നും ഹമീദ് വാണിയമ്പലം കുറ്റപ്പെടുത്തി. കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ സിപിഎം നേതാക്കളുമായാണ് ചര്‍ച്ച നത്തിയതും ധാരണയുണ്ടാക്കിയതും. അഴിമതിക്കാരെന്ന് പറഞ്ഞവരെ കൂടെ കൂട്ടുന്നു, കൂടെ കൂട്ടിയവരെ തീവ്രവാദികളെന്ന് ആരോപിക്കുന്നു. ഇക്കാര്യത്തിലൊന്നും സത്യസന്ധമായ നിലപാട് സ്വീകരിക്കുന്നവരല്ല സിപിഎം നേതാക്കളെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.