ഹാഗിയ സോഫിയയ്‌ക്ക്‌ പിന്നാലെ ചോറ മ്യൂസിയവും മുസ്ലിം പള്ളിയാക്കി എര്‍ദോഗാന്‍

ഹാഗിയ സോഫിയക്ക് പിന്നാലെ തുര്‍ക്കിയിലെ പ്രശസ്തമായ ചോറ മ്യൂസിയവും മുസ്ലിം പള്ളിയാക്കി എര്‍ദോഗാന്‍ ഭരണകൂടം. ഹാഗിയ സോഫിയക്ക് സമാനമായി ക്രിസ്ത്യന്‍ പള്ളിയായി നിര്‍മ്മിക്കുകയും 1453-ല്‍ ഓട്ടോമന്‍ സാമ്രാജ്യം മുസ്ലിം പള്ളിയായും പിന്നീട് മ്യൂസിയമായും പരിവര്‍ത്തിച്ചതാണ് വീണ്ടും മുസ്ലിം പള്ളിയാക്കി മാറ്റിയത്. കോണ്‍സ്റ്റാന്റിനോപ്പിളിലെ നഗരമതിലുകള്‍ക്ക് സമീപത്തെ ചോറ മ്യൂസിയം പ്രശസ്തമാണ്.

വെള്ളിയാഴ്ചയാണ് മ്യൂസിയം പള്ളിയാക്കി മാറ്റിയ ഉത്തരവില്‍ എര്‍ദോഗാന്‍ ഒപ്പ് വെച്ചത്. മ്യൂസിയം വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനക്കായി തുറന്ന് കൊടുത്തു. നാലാം നൂറ്റാണ്ടിലാണ് ക്രിസ്ത്യന്‍ പള്ളി നിര്‍മ്മാണം തുടങ്ങിയത്. ഇപ്പോള്‍ കാണുന്ന കെട്ടിടത്തിന്റെ ഏറിയ പങ്കും നിര്‍മ്മിച്ചത് 11ാം നൂറ്റാണ്ടിലാണ്. പിന്നീട് 200 വര്‍ഷത്തിന് ശേഷം ഭൂചലനത്തില്‍ കേടുപാട് വന്നതിനെ തുടര്‍ന്ന് പുതുക്കി നിര്‍മ്മിച്ചു.

പ്രശസ്തമായ ഹാഗിയ സോഫിയ മ്യൂസിയം മുസ്ലിം പള്ളിയാക്കി മാറ്റിയതില്‍ ലോകവ്യാപക പ്രതിഷേധയമുയര്‍ന്നെങ്കിലും തീരുമാനം നടപ്പാക്കുകയയിരുന്നു. തൊട്ടുപിന്നാലെ, ഒരുമാസത്തിന് ശേഷമാണ് ചോറ മ്യൂസിയവും ആരാധനാലയമാക്കുന്നത്. മ്യൂസിയത്തിനകത്തെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബൈബിള്‍ കഥകളെ ആസ്പദമാക്കി വരച്ച ചുമര്‍ ചിത്രങ്ങള്‍ നിലനിര്‍ത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

കഴിഞ്ഞ നവംബറിലാണ് ചോറ മ്യൂസിയം മുസ്‌ലിം പള്ളിയാക്കി മാറ്റണമെന്ന് രാജ്യത്തെ ഉന്നത കോടതി ഉത്തരവിട്ടത്. 1000 വര്‍ഷത്തോളം പഴക്കമുള്ള ഈ ചരിത്ര സ്‌മാരകം നേരത്തെ മുസ്ലിം പള്ളിയാക്കി മാറ്റിയ ഹാഗിയ സോഫിയയെ പോലെ തന്നെ ക്രിസ്ത്യന്‍ ചരിത്ര പശ്ചാത്തലത്തില്‍ വരുന്നതാണ്.

Read more

12ാം നൂറ്റാണ്ടില്‍ ഭൂമികുലുക്കത്തില്‍ ഭാഗികമായി തകര്‍ന്ന ഈ പള്ളി 1077-81 കാലഘട്ടത്തില്‍ പുനരുദ്ധീകരിച്ചിരുന്നു. 1453- ല്‍ ഓട്ടോമന്‍ സേന ഇന്നത്തെ ഇസ്‌താബൂള്‍ പിടിച്ചടക്കിയതിനു ശേഷം ഇത് മുസ്ലിം പള്ളിയാക്കുകയായിരുന്നു. ഇസ്‌താബൂളിലെ ഫാത്തിഹ് ജില്ലയിലാണ് ഈ ചരിത്രസ്‌മാരകം സ്ഥിതി ചെയ്യുന്നത്.