‘കേരളത്തിലെ ഏറ്റവും വലിയ മത്സ്യത്തൊഴിലാളി ഫ്ളാറ്റ് സമുച്ചയം ആലപ്പുഴയില്‍’

Advertisement

കേരളത്തിലെ ഏറ്റവും വലിയ മത്സ്യത്തൊഴിലാളി ഫ്ളാറ്റ് സമുച്ചയം ആലപ്പുഴയില്‍ തോട്ടപ്പള്ളിക്കടുത്ത് മണ്ണുംപുറത്ത് നിര്‍മ്മിക്കുന്നതായിരിക്കുമെന്നും ഇതിന്റെ പണി ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും മന്ത്രി ജെ മേഴ്‌സികുട്ടി അമ്മ പറഞ്ഞു. പൊതുമരാമത്തു മന്ത്രി ജി സുധാകരന്റെ അധ്യക്ഷതയില്‍ തോട്ടപ്പള്ളി ജംഗ്ഷനില്‍ വെച്ച് നടന്ന പുറക്കാട് ഫ്ളാറ്റ് സമുച്ചയത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 3.58 ഏക്കര്‍ ഭൂമിയില്‍ 2.40 കോടി രൂപയില്‍ 204 വീടുകള്‍ ഉള്‍ക്കൊള്ളുന്ന ഫ്ലാറ്റ് സമുച്ചയമാണ് ഇവിടെ നിര്‍മ്മിക്കുക. ജില്ലയിലെ പുറക്കാട് മേഖലയില്‍ ഭൂരഹിത മല്‍സ്യത്തൊഴിലാളികള്‍കുള്ള ഭവന പുനരധിവാസ പദ്ധതിയുടെ ഭാഗമായാണ് ഫ്ലാറ്റ് നിര്‍മ്മിക്കുന്നത്. കേരള മോഡല്‍ എന്ന രീതിയില്‍ മാതൃകപരമായി തിരുവനന്തപുരത്ത് മല്‍സ്യത്തൊഴിലാളികള്‍ക്കായി നിര്‍മിച്ച ഫ്ലാറ്റ് സമുച്ചയത്തില്‍ എട്ട് വീട് എന്ന കണക്കില്‍ 192 വീട് വെച്ച് പദ്ധതി നേരത്തെ സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കി. അത് വിജയം കണ്ടതിനു പിന്നാലെ കേരളത്തിലെ എല്ലാ ഭവന രഹിതരായ അര്‍ഹതപ്പെട്ട എല്ലാ മത്സ്യതൊഴിലാളികള്‍ക്കും ഇതേ പദ്ധതി യാഥാര്‍ഥ്യമാക്കുക എന്ന ലക്ഷ്യത്തിലാണ് കേരള സര്‍ക്കാര്‍ പ്രവര്‍ത്തിച്ചുവരുന്നത് -മന്ത്രി കൂട്ടി ചേര്‍ത്തു.

മത്സ്യ തൊഴിലാളികള്‍ എന്നും ഏറ്റവും മോശം അവസ്ഥയില്‍ ജീവിക്കേണ്ടവര്‍ ആണെന്ന ധാരണ സര്‍ക്കാര്‍ തിരുത്തും. മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം എന്ന ഏറ്റവും വലിയ പ്രശ്നവും പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ജില്ലയില്‍ മല്‍സ്യത്തൊഴിലാളികള്‍ക്കായി 120 പേര്‍ക്ക് ഒരു വീടിന് 10 ലക്ഷം രൂപ എന്ന രീതിയില്‍ സ്ഥലം വാങ്ങി വീട് വയ്ക്കാന്‍ പദ്ധതി അനുവദിച്ചു. അതില്‍ 86 പേര് സ്ഥലം വാങ്ങി വീട് പണി ആരംഭിച്ചു. പറയുന്ന കാര്യങ്ങള്‍ നടപ്പിലാക്കുവാനുള്ള ഉത്തരവാദിത്വം 1000 ദിവസങ്ങള്‍ കൊണ്ട് തെളിയിച്ച സര്‍ക്കാരാണ് ഇപ്പോഴുള്ളതെന്നും മന്ത്രി പറഞ്ഞു.

രണ്ടു തലമുറയ്ക്ക് താമസിക്കാവുന്ന അരനൂറ്റാണ്ട് നില നില്‍ക്കുന്ന രീതിയിലുള്ള വീടുകളാണ് ഫ്ലാറ്റ് മാതൃകയില്‍ നിര്‍മിക്കുന്നത്. കടലാക്രമണത്തില്‍ വീട് തകര്‍ന്ന് താമസ സൗകര്യം ഇല്ലാതായ 150 കുടുംബങ്ങള്‍ ആലപ്പുഴയില്‍ ഉണ്ട്. 50 മീറ്റര്‍ ദൂരത്തില്‍ ഒന്നാം നിരയില്‍ കടല്‍ കയറാന്‍ സാധ്യതയുള്ള ആളുകളെയാണ് ആദ്യഘട്ടത്തില്‍ മാറ്റിപാര്‍പ്പിക്കുന്നത്. ആരെയും നിര്‍ബന്ധിപ്പിച്ച് മാറ്റില്ലെന്നും മന്ത്രി പറഞ്ഞു. അമ്പലപ്പുഴ മണ്ഡലത്തിലെ പുറക്കാട് മുതല്‍ അമ്പലപ്പുഴ വരെ ഉള്ള കടല്‍ കയറാന്‍ സാധ്യതയുള്ള ആളുകളെയാണ് ആദ്യ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത്. അര്‍ഹതയുടെ അടിസ്ഥാനത്തില്‍ അര്‍ഹതയുള്ള കരങ്ങളിലേക്ക് സുരക്ഷിതമായ താമസ സൗകര്യം എത്തിക്കുക എന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

കടല്‍ കയറ്റം തടയുന്നതിന് 40 വര്‍ഷം ഈട് നില്‍ക്കുന്ന ഫ്രഞ്ച് സംഘത്തിന്റെ സാങ്കേതിക വിദ്യ പരീക്ഷിക്കുകയാണ്. ഇത് പരീക്ഷണാടിസ്ഥാനത്തില്‍ തോട്ടപ്പള്ളിയില്‍ ഒരു കിലോമീറ്റര്‍ നിര്‍മിക്കും. വിജയകരമായി മാറിയാല്‍ ടെന്‍ഡര്‍ നടപടികള്‍ നടത്തി കേരളത്തില്‍ ഉടനീളം ചെയ്യുന്നതിനെപ്പറ്റി ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ 24 ഹാര്‍ബറുകളാണ് ഉള്ളത്. അതില്‍ മൂന്ന് ഹാര്‍ബര്‍ മാത്രമേ നല്ലതായി ഉള്ളു. ഈ ഗവണ്മെന്റ് വന്നതിനു ശേഷം മൂന്നു ഹര്‍ബര്‍ ഉദ്ഘടനം നിര്‍വഹിച്ചു. മൂന്ന് എണ്ണത്തിന്റെ നിര്‍മാണ ഉദ്ഘടനം നടന്നു. എട്ടു ഹാര്‍ബറുകളുടെ രണ്ടാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2019-20 കാലഘട്ടത്തില്‍ ചെയ്ത് തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതില്‍ ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി ഹാര്‍ബറും അര്‍ത്തുങ്കല്‍ ഹാര്‍ബറും ഉള്‍പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടി ചേര്‍ത്തു. കൂടാതെ പുറക്കാട് നിര്‍മിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിന്റെ ലേഔട്ട് മോഡല്‍ മന്ത്രി എല്ലാവര്‍ക്കുമായി നല്‍കി.