സാമൂഹിക വിരുദ്ധർ പിന്തുടർന്ന് വന്ന് ശല്യപ്പെടുത്തി, ബൈക്കിൽ നിന്ന് വീണ് യുവതി മരിച്ചു

തിങ്കളാഴ്ച (ഓഗസ്റ്റ് 10) നടന്ന ദാരുണമായ സംഭവത്തിൽ ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ നഗറിൽ നിന്നുള്ള സുദിക്ഷ എന്ന പെൺകുട്ടി  ബൈക്കിൽ നിന്ന് വീണു മരിച്ചു. സിക്കന്ദ്രബാദിലുള്ള ബന്ധുക്കളെ കാണാൻ അമ്മാവൻ മനോജ് ഭാട്ടിക്കൊപ്പം പോകുന്നതിനിടെ സുദിക്ഷയെ സാമൂഹിക വിരുദ്ധർ പിന്തുടർന്ന് വന്ന് ശല്യപ്പെടുത്തിയതിനെ തുടർന്നാണ് അപകടം ഉണ്ടായത്. സുദിക്ഷക്ക് ഈ അടുത്ത് യു.എസിൽ ഉപരി പഠനത്തിനായി 3.83 കോടി രൂപ സ്‌കോളർഷിപ്പ് ലഭിച്ചിരുന്നു.

സുദിക്ഷ സഞ്ചരിച്ചിരുന്ന ബൈക്കിന് പുറകെ വന്ന ചെറുപ്പക്കാർ ബൈക്ക് സ്റ്റണ്ട് ചെയ്യാൻ തുടങ്ങി, ഇത് ബൈക്ക് ഓടിച്ചിരുന്ന അമ്മാവന് ബുദ്ധിമുട്ട് നേരിടുകയും ബാലൻസ് തെറ്റുകയും ചെയ്തു. റോഡിൽ തലകീഴായി വീണ സുദിക്ഷ സംഭവസ്ഥലത്തു വെച്ചുതന്നെ മരിക്കുകയുമായിരുന്നു.

യു.പിയിലെ ദാദ്രിയിൽ സ്ഥിതി ചെയ്യുന്ന ബുലന്ദ്ശഹറിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നുള്ളയാളാണ് സുദിക്ഷ ഭാട്ടി. പഠനത്തിലെ മികവിനെ തുടർന്ന് അമേരിക്കയിലെ ബോക്സൺ കോളജിൽ നിന്ന് സ്കോളർഷിപ്പ് നേടിയ സുദിക്ഷ വാർത്തകളിൽ ഇടം നേടിയിരുന്നു.

കൊറോണ വൈറസ് ലോക്ക്ഡൗൺ കാരണം ജൂണിൽ സുദിക്ഷ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിയിരുന്നു. ഓഗസ്റ്റ് 20- ന് യു.എസിലേക്ക് മടങ്ങാൻ ഇരിക്കുകയായിരുന്നു. എച്ച്സിഎൽ ഫൗണ്ടേഷന്റെ സ്കൂളിൽ പഠിച്ച സുദിക്ഷ 2018- ലെ സിബിഎസ്ഇ ബോർഡ് പരീക്ഷയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കിയിരുന്നു.

ബോക്‌സൺ കോളജിൽ നിന്ന് ബിരുദവും ഇന്റേൺഷിപ്പും ചെയ്യുകയായിരുന്നു സുദിക്ഷ. ഓഗസ്റ്റ് 2018- ലാണ് സുദിക്ഷ അമേരിക്കയിലേക്ക് പഠനത്തിനായി പോയത്.