കേരളത്തിലെ ക്ഷേത്രങ്ങള്‍ ആര്‍.എസ്.എസിന്റെ സ്വകാര്യസ്വത്തോ..?; ജ്യോതി വിജയകുമാറിന് എതിരെ സൈബര്‍ ആക്രമണം, അഭിപ്രായസ്വാതന്ത്യം അടിയറ വെയ്ക്കാനില്ലെന്ന് മറുപടി

എന്നു മുതലാണ് കേരളത്തിലെ ക്ഷേത്രങ്ങള്‍ ആര്‍എസ്എസിന്റെ സ്വകാര്യസ്വത്തായതെന്ന് വിമര്‍ശിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തക ജ്യോതി വിജയകുമാറിനെതിരെ സൈബര്‍ ആക്രമണം.

തിരുവോണനാളില്‍ ക്ഷേത്രത്തില്‍ വെച്ച് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അപമര്യാദയായി പെരുമാറിയെന്നുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരെയാണ് വ്യാപകമായി പ്രതിഷേധം ഉയര്‍ന്നത്. സ്വദേശമായ പുലിയൂര്‍ ക്ഷേത്രത്തില്‍ വെച്ചാണ് ദുരനുഭവം ഉണ്ടായതെന്ന് ജ്യോതി പറയുന്നു.

‘ഇത് പറയാതെ വയ്യ, ഈ തിരുവോണദിവസം ഏറെ വേദനയോടെ. ഓണ ദിവസം തുടങ്ങേണ്ടി വന്നത് ഈ രാജ്യത്തെ ക്ഷേത്രങ്ങള്‍ നിങ്ങളുടെ സ്വകാര്യസ്വത്തല്ല എന്ന് കുറെ ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ മുഖത്ത് നോക്കി പറഞ്ഞു കൊണ്ടാണ്. എത്ര മാത്രം ഫാസിസം കേരളത്തിലും പിടിമുറുക്കിയിരിക്കുന്നു എന്ന് ഓര്‍മ്മിപ്പിച്ച ഈ സംഭവം നല്‍കുന്ന ആഘാതം ചെറുതല്ലെന്നും ജ്യോതി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.

ഇതോടെ ഒരു കൂട്ടര്‍ ജ്യോതിക്കെതിരെ രംഗത്തു വരുകയായിരുന്നു. ഇതിനു മറുപടിയുമായി ജ്യോതി വിജയകുമാര്‍ രംഗത്തെത്തി.

‘ഇത്രയും കാലം ജീവിച്ചതും വിവിധ ജീവിതാവസ്ഥകളെ നേരിട്ടതും അത്യാവശ്യം ധൈര്യത്തോടെയും ചങ്കുറപ്പോടെയുമാണെന്ന് വിശ്വസിക്കുന്നു.. ഇനിയും അങ്ങനെ തുടരാനാണ് താത്പര്യം. ഭയപ്പെടാനും സൈബര്‍ ആക്രമണത്തിനു മുമ്പില്‍ തലകുനിച്ച് അഭിപ്രായസ്വാതന്ത്യം ഒന്നിനു മുമ്പിലും അടിയറ വെയ്ക്കാനും അല്‍പം പോലും തയ്യാറല്ല’ എന്ന് അവര്‍ മറുപടി നല്‍കി.

ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധിയുടെ പരിഭാഷക ആയ ജ്യോതിയെ പ്രിയങ്കാ ഗാന്ധി അടക്കമുള്ളവര്‍ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.