'ഹത്രാസിലെ പെണ്‍കുട്ടിയ്ക്ക് വേണ്ടി റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നത് ഇത്രവലിയ പാതകമാണോ' യുഎപിഎ ചുമത്തപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ഭാര്യ ചോദിക്കുന്നു

അതുല്യ രാഘവന്‍

രാജ്യവ്യാപക പ്രതിഷേധത്തിനിടയാക്കിയ ഹാത്രാസ് കൂട്ട ബലാത്സംഗവുമായി ബന്ധപ്പെട്ട് വാർത്ത റിപ്പോർട്ട് ചെയ്യാൻ പോയതിനിടയിലാണ്  മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെ രാജ്യദ്രോഹവും യു.എ.പി.എയും ചുമത്തി യു.പി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഒക്ടോബര്‍ അഞ്ചാം തിയതിയാണ് അഴിമുഖം വെബ്‌സൈറ്റിന്റെ ഡല്‍ഹി റിപ്പോര്‍ട്ടറും കെയുഡബ്‌ള്യുജെ ഡല്‍ഹി യൂനിറ്റ് സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.  സിദ്ദിഖ് കാപ്പനെതിരെയുള്ള നടപടി  വ്യാപകമായ വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുകയാണ്. മാധ്യമസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും മേലുള്ള കയ്യേറ്റമാണെന്നാണ് പല കോണുകളിൽ നിന്നും ഉയരുന്ന വിമർശനം. അറസ്റ്റ് ചെയ്യപ്പെട്ടിട്ട്  അഞ്ച് ദിവസങ്ങൾ പിന്നിട്ടിട്ടും കുടുംബത്തിന് അദ്ദേഹവുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല. അറസ്റ്റ് ചെയ്ത വിവരം പോലും അറിയുന്നത് മാധ്യമ വാർത്തകളിൽ നിന്നുമെണെന്ന്  സിദ്ദിഖ് കാപ്പൻറെ ഭാര്യ റെയ്ഹാനത്ത് പറയുന്നു. അന്തര്‍ സംസ്ഥാന അറസ്റ്റാണെങ്കില്‍ കുടുംബാംഗങ്ങളെ അറിയിച്ചിരിക്കണം എന്നുള്ള നിര്‍ദേശം നിലനിൽക്കുമ്പോഴാണ് കാപ്പൻറെ കുടുംബത്തിന് ഇത്തരം ഒരനുഭവം നേരിടേണ്ടി വരുന്നത്.

“”അദ്ദേഹത്തെ അറസ്റ്റ് ചെയ്ത വിവരം ഞങ്ങൾ അറിഞ്ഞിരുന്നില്ല. നാലാം തീയ്യതി സാധാരണ വിളിക്കുന്നത് പോലെ രാത്രി 12 മണിക്ക് സംസാരിച്ച് വച്ചതാണ്. പിറ്റേ ദിവസം വിളിച്ചെങ്കിലും ഫോണില്‍ കിട്ടിയില്ല. അന്ന് പല തവണ വിളിച്ചിരുന്നു.  സാധാരണ അഭിമുഖങ്ങൾക്കൊക്കെ പോകുമ്പോൾ കാൾ എടുക്കാറില്ല. ആദ്യം കരുതിയത് അങ്ങിനെ എന്തെങ്കിലും ആയിരിക്കുമെന്ന്. എന്നാൽ ദിവസം മുഴുവൻ കിട്ടാതായപ്പോൾ അദ്ദേഹം ഒരു പ്രമേഹരോഗിയായതുകൊണ്ട് അതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പറ്റി ഹോസ്പിറ്റലില്‍ ആയതാകും എന്ന് വിചാരിച്ചു. അന്ന് മുഴുവൻ പേടിച്ച് അദ്ദേഹത്തിൻറെ കാളിനായി കാത്തിരുന്നു. പിന്നീട് പുലർച്ചെ 2 മണിക്ക് നോക്കുമ്പോൾ ഞാൻ അയച്ച മെസേജ് ഒക്കെ റീഡ് ചെയ്തിട്ടുള്ളതായി കണ്ടു. എന്നാൽ രാവിലെ അയച്ച മെസേജുകൾ ഒന്നും പിന്നീട് റീഡ് ചെയ്തതായി കണ്ടില്ല. അന്ന് രാവിലെ ഏഷ്യാനെറ്റ് ന്യൂസിലെ വാർത്ത കണ്ടാണ് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടതായി അറിഞ്ഞു. പിന്നീട്  അദ്ദേഹത്തിന്റെ സുഹൃത്ത് പറഞ്ഞപ്പോഴാണ് വിവരങ്ങളെല്ലാം അറിയുന്നത്. അതുവരെ ഞാനൊന്നും അറിഞ്ഞിരുന്നില്ല””- റെയ്ഹാനത് പറയുന്നു.

സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തിട്ട് ആറ് ദിവസങ്ങൾ പിന്നിടുന്നു. ഒരു പൗരന് ലഭിക്കേണ്ട അടിസ്ഥാന അവകാശങ്ങള്‍ പോലും സിദ്ദിഖ് കാപ്പന് ലഭിച്ചിട്ടില്ല. അഭിഭാഷകരേയോ ബന്ധുക്കളേയോ സുഹൃത്തുക്കളേയോ ബന്ധപ്പെടാന്‍ പോലും അദ്ദേഹത്തെ പൊലീസ് അനുവദിക്കുന്നില്ല. അദ്ദേഹത്തോട് സംസാരിക്കാൻ അഭിഭാഷകൻ വഴി ശ്രമിച്ചങ്കിലും നടന്നില്ലെന്ന് റെയ്ഹാനത് പറയുന്നു.

“”അദ്ദേഹവുമായി കൂടിക്കാഴ്ചയ്ക്ക് അനുവാദം നല്‍കിയിട്ടില്ല. അദ്ദേഹത്തിൻറെ അഭിഭാഷകൻ അവിടെയുണ്ട്. അദ്ദേഹം പറയുന്നത് 12-ാം തിയതിയായാലേ ഇനി എന്തെങ്കിലും ചെയ്യാന്‍ സാധിക്കൂ എന്നാണ്. കാണാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവര് സമ്മതിക്കുന്നില്ല. പിന്നെ ആകെയുള്ള ആശ്വാസം ബാവ(സിദ്ധിഖ് കാപ്പൻ) ജുഡീഷ്യൽ കസ്റ്റഡിയിൽ ആണെന്നുള്ളതാണ്. വക്കീലിനെ പോലും കാണാൻ സമ്മതിക്കുന്നില്ല. അതിന് മാത്രം വലിയ തെറ്റാണ് ഒരു പെൺകുട്ടിക്ക് വേണ്ടി റിപ്പോർട്ട് ചെയ്യാൻ പോയതെന്ന് ഇപ്പോഴാണ് മനസിലാകുന്നത്. എങ്ങനെയാണ് ഇത് മുന്നോട്ട് കൊണ്ടുപോവുകയെന്ന് എനിക്കറിയില്ല. പക്ഷേ ഞാൻ വക്കീലിനോട് ബാവയുമായി സംസാരിക്കണമെന്നും കാണണമെന്നും പറഞ്ഞിട്ടുണ്ട്. അതിന് വേണ്ടിയുള്ളതെല്ലാം ചെയ്തിട്ടുണ്ടെന്നും വക്കീൽ പറഞ്ഞു. അദ്ദേഹവുമായി നിരന്തരം സംസാരിക്കുന്നുണ്ട്.12-ാം തിയതി കഴിഞ്ഞാലെ എന്തെങ്കിലും വഴിയൊള്ളു എന്നാണ് അദ്ദേഹവും പറയുന്നത്””.

യുഎപിഎ നിയമത്തിലെ 15, 17 വകുപ്പുകള്‍, സെഡിഷന്‍, ഐടി ആക്റ്റിലെ വകുപ്പുകള്‍ എന്നിവയാണ് സിദ്ദിഖ് കാപ്പനെതിരെ ചുമത്തിയിട്ടുള്ളത്. ജാതീയവും വര്‍ഗീയവുമായ കലാപത്തിന് ആസൂത്രണം ചെയ്യുകയും അതിന് വേണ്ടിയുള്ള ഫണ്ട് ശേഖരിക്കുകയും ചെയ്തു എന്നും അതിനായി ഗൂഢാലോചന നടത്തുന്നതായി യുപി സര്‍ക്കാര്‍ ആരോപിക്കുന്ന ജസ്റ്റിസ്‌ഫോര്‍ഹത്രസ് വിക്റ്റിം എന്ന കാര്‍ഡ്.കോ ഡൊമെയ്‌നിലുള്ള വെബ്‌സൈറ്റുമായി ബന്ധമുണ്ടെന്നുമാണ് ഇവര്‍ക്കെതിരെയുള്ള എഫ്‌ഐആര്‍. എന്നാല്‍ ഈ വെബ്‌സൈറ്റ് ‘ബ്ലാക്ക് ലൈവ്‌സ് മാറ്റര്‍’ മുന്നേറ്റവുമായി ബന്ധപ്പെട്ട നിരവധി പരാമര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. പോപ്പുലര്‍ ഫ്രണ്ടുമായും ക്യാംപസ് ഫ്രണ്ടുമായും സിദ്ദിഖ് കാപ്പന് ബന്ധമുണ്ടെന്നാണ് പൊലീസ് ആരോപിക്കുന്നത്. എന്നാൽ ഭാര്യ റെയ്ഹാനത്ത് ഈ വാദത്തെ തള്ളിക്കളയുകയാണ്.

“”അദ്ദേഹത്തിന് പാർട്ടി അംഗത്വമോ പ്രവർത്തനമൊ ഇല്ല. ഡൽഹിയിൽ നിന്ന് വീട്ടില്‍ വന്നാലും ഇവിടിരുന്ന് ജോലി ചെയ്യുമായിരുന്നു. വീട്ടിൽ നിന്നും പുറത്തിറങ്ങാത്ത ആൾക്ക് എന്ത് പാർട്ടി പ്രവർത്തനമാണ്. നാട്ടിൽ അദ്ദഹത്തിനെതിരെ ഒരു പെറ്റി കേസ് പോലും ഇല്ല. ആ കാര്യം എസ്. പി ഓഫീസിൽ നിന്ന് വന്ന് അന്വേഷിച്ച് പോയതുമാണ്. അവര് പറഞ്ഞത് അദ്ദേഹത്തിനെതിരെ മോശപ്പെട്ട ഒന്നും തന്നെ കേൾക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ്. അദ്ദേഹത്തെ അടുത്തറിയുന്നവർക്ക് അറിയാം സിദ്ദീഖ് കാപ്പൻ എങ്ങിനെയാണെന്ന്. ഒന്നിനും പോകാത്ത ആളാണ് . ഈ ആരോപണങ്ങളില്‍ ഏതെങ്കിലും അവര്‍ക്ക് തെളിയിക്കാന്‍ പറ്റുമോ? തെറ്റ് ചെയ്യാതെ ശിക്ഷിക്കാന്‍ പറ്റുമോ?””- റെയ്ഹാനത്ത് ചോദിക്കുന്നു.

“”ഇത് രാഷ്ട്രീയമാണ്. അദ്ദേഹത്തെ കള്ളക്കേസിൽ കുടുക്കിയതാണ്. അവർക്ക് എന്തോ ഒരു ലക്ഷ്യമുണ്ടായിരുന്നു. ആ ലക്ഷ്യത്തിൻറെ ഇരയാണ് എൻറെ ഭർത്താവ്. ആ ഇരയെ എങ്ങനെ കിട്ടി ആരെങ്കിലും ഒറ്റിക്കൊടുത്തതാണൊ എന്നൊന്നും അറിയില്ല. അവിടെ എത്തിയിട്ടല്ലല്ലൊ അറസ്റ്റ് ചെയ്തത്. പോകുന്ന വഴി ടോള്‍ പ്ലാസയ്ക്ക് സമീപത്തുവെച്ചല്ലെ അറസ്റ്റ് ചെയ്യുന്നത്. ഡൽഹിയിൽ നിന്ന് ഇങ്ങനെ ആള് വരുന്നുവെന്ന് എങ്ങിനെ അറിഞ്ഞു. അതിൽ ദുരൂഹത തോന്നുന്നുണ്ട്. സത്യത്തിൻറെ പിന്നാലെ പോകുന്ന ആളാണ് അദ്ദേഹം. എന്തെങ്കിലും എഴുതി വിടുന്നതിനോട് താല്പര്യം ഇല്ല. മാധ്യമപ്രവര്‍ത്തകന്‍ ആണ് എന്ന് അറിഞ്ഞുകൊണ്ട് തന്നെയുള്ള നടപടിയാണ് ഇത് എന്നാണ് ഞങ്ങളുടെ പ്രാഥമിക വിലയിരുത്തല്‍. അതിന്‍റെ അടിസ്ഥാനത്തിലാണ് ഈ കേസില്‍ ഞങ്ങളുടെ നിയമപരമായ നീക്കങ്ങള്‍””- റെയ്ഹാനത്ത്.

Read more

സിദ്ദിഖ് കാപ്പൻറെ അറസ്റ്റ് നടന്നയുടന്‍ കെയുഡബ്‌ള്യുജെ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് പെറ്റിഷന്‍ സമർപ്പിച്ചിരുന്നു. ഒക്ടോബര്‍ 12ന് ഇത്  പരിഗണിക്കുന്നത് കാത്ത് പ്രാർതഥനയോടെ കഴിയുകയാണ് കുടുംബം. തിങ്കളാഴ്ച സുപ്രീം കോടതിയിൽ നിന്നും നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണെന്നും റെയ്ഹാനത്ത് പറയുന്നു.