ഹിന്ദി,ഹിന്ദു,ഹിന്ദുത്വം എന്നിവയേക്കാള്‍ വലുതാണ് ഇന്ത്യ; അമിത് ഷായ്ക്ക് മറുപടിയുമായി ഒവൈസി

ഹിന്ദി,ഹിന്ദു,ഹിന്ദുത്വം എന്നിവയേക്കാള്‍ വലുതാണ് ഇന്ത്യയെന്ന് അമിത് ഷായ്ക്ക് മറുപടിയുമായി എ.ഐ.എം.ഐ.എം അധ്യക്ഷനും ലോക്സഭാ എം.പിയുമായ അസദുദ്ദീന്‍ ഒവൈസി.രാജ്യത്തെ ഒന്നായി നിലനിര്‍ത്താന്‍ ഹിന്ദി ഭാഷയ്ക്ക് സാധിക്കുമെന്നും മാതൃഭാഷയ്‌ക്കൊപ്പം ഹിന്ദി ഉപയോഗിക്കുന്നത് വര്‍ധിപ്പിക്കണമെന്നും അമിത് ഷാ പറഞ്ഞതിന് പിന്നാലെയാണ് ഒവൈസിയുടെ പ്രതികരണം

‘ഹിന്ദി എല്ലാ ഇന്ത്യക്കാരന്റെയും ‘മാതൃഭാഷ’ അല്ല. . ഈ ദേശത്തെ അനേകം മാതൃഭാഷകളുടെ വൈവിധ്യവും സൗന്ദര്യവും അനുമോദിക്കാന് നിങ്ങള്‍ക്ക് ശ്രമിക്കാമോ? ആര്‍ട്ടിക്കിള്‍ 29 ഓരോ ഇന്ത്യക്കാരനും വ്യത്യസ്തമായ ഭാഷ, ലിപി, സംസ്‌കാരം എന്നിവ ഉപയോഗിക്കാനുള്ള അവകാശം നല്‍കുന്നു. ഹിന്ദി, ഹിന്ദു, ഹിന്ദുത്വത്തേക്കാള്‍ വളരെ വലുതാണ് ഇന്ത്യ’ ഒവൈസി ട്വീറ്റ് ചെയ്തു.

ഇന്ത്യയെ ഐക്യപ്പെടുത്താന്‍ കഴിയുന്ന ഭാഷയാണ് ഹിന്ദി. ഇന്ത്യ വിവിധ ഭാഷകളുള്ള രാജ്യമാണ്, ഓരോ ഭാഷയ്ക്കും അതിന്റേതായ പ്രാധാന്യമുണ്ട്, എന്നാല്‍ ലോകത്ത് ഇന്ത്യയുടെ സ്വത്വമായി മാറേണ്ട ഒരു ഭാഷ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഒരു ഭാഷയ്ക്ക് ഇന്ന് ഇന്ത്യയെ ഒന്നിപ്പിക്കാന്‍ കഴിയുമെങ്കില്‍ അത് വ്യാപകമായി സംസാരിക്കുന്ന ഹിന്ദിയാണെന്നും അദ്ദേഹം തന്റെ ട്വീറ്റില്‍ കുറിച്ചിരുന്നു.
മഹാത്മാഗാന്ധിയുടെയും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെയും സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഹിന്ദി ഭാഷയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കണമെന്നും ആഭ്യന്തരമന്ത്രി  ട്വീറ്റില്‍ പറഞ്ഞിരുന്നു.