മോദിയുടെ "ഇതുവരെ കണ്ടത് വെറും ട്രെയിലർ" പരാമർശം; ബാക്കി സിനിമ ജനങ്ങൾക്ക് കാണേണ്ടെന്ന് കപിൽ സിബൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസിന്റെ (എൻ.ഡി.എ) രണ്ടാം സർക്കാർ 100 ദിവസം പൂർത്തിയാക്കി ഒരാഴ്ച്ച പിന്നിടുമ്പോൾ, രാജ്യത്തെ ഉത്പാദനം മുതൽ ധനകാര്യം വരെ നിരവധി പ്രധാന മേഖലകളെ ബാധിച്ച സാമ്പത്തിക മാന്ദ്യത്തിന്റെ പേരിൽ കേന്ദ്രത്തെ വിമർശിച്ച്‌ കോൺഗ്രസ് എം.പി കപിൽ സിബൽ.

നിലവിലെ സാമ്പത്തിക പ്രവണതകൾ ഉപഭോഗം, വാഹന വിൽപ്പന, നികുതി പിരിവ്, തൊഴിൽ എന്നിവയിലെ തളർച്ചയെ സൂചിപ്പിക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ സമ്പദ്‌വ്യവസ്ഥക്ക് എന്താണ് സംഭവിക്കാൻ ഇരിക്കുന്നതെന്ന് കാണാൻ ആഗ്രഹിക്കുന്നില്ലെന്ന് കപിൽ സിബൽ ട്വീറ്റ് ചെയ്തു.

മിക്ക സാമ്പത്തിക സൂചകങ്ങളും താഴ്ന്നുവെന്നും തൊഴിലില്ലായ്മ മാത്രമാണ് ഉയർന്നതെന്നും സിബൽ പറഞ്ഞു.

ബി.ജെ.പി സർക്കാരിന്റെ ഭരണം നൂറു ദിനങ്ങൾ പിന്നിടുമ്പോൾ ഇതുവരെ കണ്ടത് ട്രെയിലർ മാത്രം ആണെന്നും സിനിമ വരാനിരിക്കുന്നതെ ഉള്ളൂ എന്നും കഴിഞ്ഞ ദിവസം മോദി പറഞ്ഞിരുന്നു ഇതിനെ പരിഹസിച്ചാണ് സിബലിന്റെ കുറിപ്പ് ട്വിറ്ററിൽ വന്നത്.  ജാർഖണ്ഡിലെ റാഞ്ചിയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ വെച്ചാണ് വരും വർഷങ്ങളിൽ പൂർണചിത്രം പുറത്തു വരുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞത്.

സിബലിന്റെ ട്വീറ്റ്:

പ്രധാനമന്ത്രി: 100 ദിവസം വെറും ട്രെയിലർ, സിനിമ ഇനി വരാനിരിക്കുന്നതേ ഉള്ളൂ

താഴേക്ക് പോയത്

1) ജിഡിപി 5%
2) വരുമാന ശേഖരം ഒരു ശതമാനം ഉയർന്നു (കഴിഞ്ഞ വർഷത്തേതിൽ നിന്നും 22 ശതമാനം കുറഞ്ഞു)
3) ഉപഭോഗം
5) വാഹന വിൽപ്പന (തുടർച്ചയായ പത്താം മാസം)
6) ജിഎസ്ടി കളക്ഷനുകൾ
7) നിക്ഷേപം

മുകളിലോട്ട് പോയത്

തൊഴിലില്ലായ്മ: 8.2%

ഞങ്ങൾക്ക് ഇനി ബാക്കി സിനിമ കാണണ്ട!