സുരേഷ് ഗോപി മൂന്നാമതാകും; വടകരയില്‍ ഉള്‍പ്പെടെ യുഡിഎഫ് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു; ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയെന്ന് എംവി ഗോവിന്ദന്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഭൂരിപക്ഷം സീറ്റുകളും എല്‍ഡിഎഫിന് ലഭിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വടകരയില്‍ ഉള്‍പ്പെടെ യുഡിഎഫ് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു. ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കി.

വര്‍ഗീയ ധ്രുവീകരണ ശക്തികള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. ദേശീയതലത്തില്‍ സംഘപരിവാറും ബിജെപിയും നടത്തിക്കൊണ്ടിരിക്കുന്നതിന് സമാനമായ രീതിയില്‍ വടകരയില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് ശ്രമിക്കുകയായിരുന്നു. ഇത് തുറന്നുകാണിക്കാനുള്ള നീക്കം തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടത്തും.

വലിയ തോതിലുള്ള ധ്രുവീകരണ നീക്കത്തിനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. കേരളത്തിലെ ക്ഷേത്രവരുമാനം മുസ്ലീങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നുവെന്ന് ബിജെപി വക്താവ് സഞ്ജു വര്‍മ ചാനലിലൂടെ കള്ളപ്രചാരണം നടത്തി. തികച്ചും തെറ്റായ കാര്യമാണിത്. ഇത്തരം നീക്കങ്ങള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണം.

സിഎഎ, രാമക്ഷേത്ര വിഷയങ്ങള്‍ കൊണ്ട് പോലും രക്ഷയില്ലെന്ന് കണ്ടപ്പോള്‍ മോദി നേരിട്ട് വര്‍ഗീയ പ്രചാരണം ഏറ്റെടുത്തു. കേരളത്തെ അപമാനിക്കാനുള്ള സാധ്യതകളെല്ലാം ബിജെപിയും ആര്‍എസ്എസും പയറ്റുകയാണ്. ഇത്തരം പ്രചാരണങ്ങളെ മറികടന്ന് രാജ്യത്ത് മതനിരപേക്ഷ സര്‍ക്കാര്‍ രൂപംകൊള്ളുമെന്ന സാധ്യതയാണ് വിലയിരുത്തുന്നത്.

കേരളത്തിലെ എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തുക എന്ന അജണ്ടയാണ് ബിജെപിയും കോണ്‍ഗ്രസും സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് രാഹുല്‍ ഗാന്ധി വീണ്ടും വയനാട് വന്ന് മത്സരിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്ന പ്രഭ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കും ഇത്തവണ ഉണ്ടായിരുന്നില്ല. ഇഡിയും ഐടിയും യാതൊരു മറയുമില്ലാതെ തെരഞ്ഞെടുപ്പില്‍ ഇടപെട്ടു. സിപിഐ എമ്മിന്റെ അക്കൗണ്ട് മരവിപ്പിച്ചു. പ്രധാനമന്ത്രി കള്ളപ്രചരണങ്ങള്‍ക്ക് നേതൃത്വം വഹിച്ചു. ഇതൊന്നും ജനങ്ങള്‍ വിശ്വാസത്തില്‍ എടുത്തില്ല.

എല്‍ഡിഎഫ് വിജയം തടയാന്‍ ബിജെപി കൂട്ടുകെട്ട് ഉണ്ടാക്കാന്‍ യുഡിഎഫ് മടിച്ചിട്ടില്ല. വടകരയില്‍ ബിജെപി വോട്ട് യുഡിഎഫിന് നല്‍കാനുള്ള നീക്കം പരസ്യമായി. പാലക്കാട് തിരികെ ഷാഫി ബിജെപിയെ സഹായിക്കാമെന്ന ധാരണയും ഉണ്ടാക്കി. വര്‍ഗീയ ധ്രുവീകരണത്തിനും ശ്രമിച്ചു. ഇതിനെയെല്ലാം ജനങ്ങള്‍ തള്ളി. ഇതെല്ലാം ചെയ്താലും വടകര ജയിക്കും.

തൃശൂരില്‍ ബിജെപിക്ക് മൂന്നാം സ്ഥാനം മാത്രമേ ലഭിക്കൂ. വോട്ടിങ് ശതമാനം കുറഞ്ഞത് ഇടതുമുന്നണിയെ ബാധിക്കില്ല. യുഡിഎഫ് മേഖലകളിലാണ് വോട്ടിങ് കുറഞ്ഞത്. ജൂണ്‍ നാലിന് മാത്രമേ പൂര്‍ണമായി അര്‍ത്ഥത്തില്‍ ജയം സുവ്യക്തമായി പറയാന്‍ കഴിയൂ. കേരളത്തില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷ സീറ്റ് നേടാനാകും എന്നാണ് വിലയിരുത്തുന്നതെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.