ഗ്ലാമര്‍ ഷോകള്‍ക്ക് പകരം എപ്പോഴാണ് അഭിനയിക്കാന്‍ തുടങ്ങുക? മറുപടിയുമായി മാളവിക

അപമാനിക്കുന്ന തരത്തില്‍ ചോദ്യം ചെയ്ത ആരാധകര്‍ക്ക് മറുപടി നല്‍കി നടി മാളവിക മോഹനന്‍. കഴിഞ്ഞ ദിവസം എക്‌സില്‍ താരം ഒരു ചോദ്യോത്തര സെഷന്‍ സംഘടിപ്പിച്ചിരുന്നു. ഇതിനിടെയാണ് ‘ഗ്ലാമര്‍ ഷോകള്‍ക്ക് പകരം എപ്പോഴാണ് അഭിനയിക്കാന്‍ തുടങ്ങുക?’ എന്ന ചോദ്യം എത്തിയത്.

ഇതിന് കുറിക്കുകൊള്ളുന്ന മറുപടിയാണ് മാളവിക നല്‍കിയത്. ‘ഒരിക്കലുമില്ല, അതിലെന്തെങ്കിലും കുഴപ്പമുണ്ടോ’ എന്നായിരുന്നു മാളവികയുടെ പ്രതികരണം. ‘എന്നാണ് അഭിനയം പഠിക്കാന്‍ ക്ലാസില്‍ പോകുന്നത്’ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം.

‘നിങ്ങള്‍ ഈ സമൂഹത്തില്‍ ഏതെങ്കിലും രൂപത്തില്‍ പ്രസക്തമാകുന്ന സമയത്ത് ഞാന്‍ അഭിനയം പഠിക്കാന്‍ പോകും. അപ്പോള്‍ ഈ ചോദ്യം വീണ്ടും ചോദിക്കണം’ എന്നാണ് മാളവിക മറുപടി നല്‍കിയത്. അതേസമയം, ‘തങ്കലാന്‍’ ആണ് മാളവികയുടെതായി ഇനി റിലീസിന് ഒരുങ്ങുന്ന ചിത്രം.

ചിത്രത്തെ കുറിച്ചും താരം പ്രതികരിച്ചു. തങ്കലാന് വേണ്ടി സ്വന്തം ശബ്ദത്തിലാണ് ഡബ്ബ് ചെയ്തത്. പ്രേക്ഷകര്‍ അത് എങ്ങനെ സ്വീകരിക്കുമെന്ന് അറിയാന്‍ ആകാംക്ഷയുണ്ട്. ആക്ഷനില്‍ ഒരുകൈ നോക്കണമെന്ന് കുറേ നാളായി ആഗ്രഹിക്കുന്നതാണ്. തങ്കലാനിലൂടെ അത് സാധിച്ചു.

നല്ലൊരു പ്രണയകഥ ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ഒരു ലേഡി ഗ്യാങ്സ്റ്റര്‍ വേഷം ചെയ്യാന്‍ ഇഷ്ടമാണ്, പക്ഷേ കാണാനല്ല. തങ്കലാനെ കുറിച്ച് ഒരു കാര്യം കൂടി പറയാന്‍ ആഗ്രഹിക്കുന്നു. കണ്ണഞ്ചിപ്പിക്കുന്ന ആക്ഷന്‍ ചിത്രമല്ല തങ്കലാന്‍. അതിനപ്പുറം കഥയിലൂന്നിക്കൊണ്ട് സഞ്ചരിക്കുന്ന സിനിമയാണിത് എന്നാണ് മാളവിക പറയുന്നത്.

Read more