മള്‍ട്ടി പ്ലാറ്റ്‌ഫോം സംവിധാനം ഉള്‍പ്പടെ അഞ്ച് പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ് ആപ്പ്

അഞ്ച് പുത്തന്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ് ആപ്. ഉപയോക്താക്കള്‍ ഏറെ നാളായി കാത്തിരുന്ന പല ഫീച്ചറുകളുമുണ്ടിതില്‍.

മള്‍ട്ടി പ്ലാറ്റ്‌ഫോം

ഒറ്റ നമ്പറില്‍ രജിസ്ട്രര്‍ ചെയ്യുന്ന വാട്ട്‌സ്ആപ്പ് അക്കൗണ്ട് വിവിധ പ്ലാറ്റ്‌ഫോമുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന സംവിധാനമാണിത്. ഇപ്പോള്‍ ഒന്നിലേറെ ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ എല്ലാ ഫോണിലും വാട്ട്‌സ്ആപ്പ് ഉപയോഗിക്കാന്‍ ഈ നമ്പറുകളിലെല്ലാം വ്യത്യസ്ത വാട്ട്‌സ്ആപ്പ് അക്കൗണ്ടുകള്‍ വേണം. എന്നാല്‍ പുതിയ സംവിധാനത്തില്‍ ഇത് ആവശ്യമില്ല.

വിന്‍ഡോസ്, മാക് എന്നിവയുള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിലും ഫോണിലെ വാട്ട്‌സ്ആപ്പ് ലോഗൗട്ട് ചെയ്യാതെ തന്നെ ഉപയോഗിക്കാനാവുന്ന രീതിയിലാണ് പുതിയ പരിഷ്‌കാരം എന്നാണ് റിപ്പോര്‍ട്ട്. ആന്‍ഡ്രോയ്ഡിനും ഐഫോണിനും വ്യത്യസ്ത അക്കൗണ്ടുകളും വേണ്ടി വരില്ല. ജിയോ ഫോണ്‍ പ്രവര്‍ത്തിക്കുന്ന കയ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് വേണ്ടി കഴിഞ്ഞ വാരം വാട്ട്‌സ്ആപ്പ് പുതിയ ആപ്പ് അവതരിപ്പിച്ചിരുന്നു. ജിയോ ഫോണില്‍ നേരത്തെ തന്നെ വാട്‌സാപ് ലഭ്യമാണെങ്കിലും കയ് സ്റ്റോറില്‍ കഴിഞ്ഞ ദിവസമാണ് എത്തിയത്.

ഫോര്‍വേഡ് മെസ്സേജിന് പുതിയ ലേബല്‍

ഫോര്‍വേഡ് മെസ്സേജിന് ഇനി മുതല്‍ സ്‌പെഷ്യല്‍ ഡബിള്‍ ആരോ മാര്‍ക്ക് ആയിരിക്കും വരുക.

പ്രിവ്യൂ നോട്ടിഫിക്കേഷനില്‍ നിന്ന് വോയ്‌സ് മെസ്സേജ് പ്ലേ ചെയ്യാനുള്ള സംവിധാനം

വാട്‌സ് ആപ് ഉപയോക്താക്കള്‍ ഏറെനാളായി കാത്തിരുന്ന ഫീച്ചറുകളിലൊന്ന്. നിലവില്‍ ഐഫോണില്‍ മാത്രമാണ് ഈ സംവിധാനമുള്ളത്. അധികം വൈകാതെ ഇത് മറ്റു ഫോണുകളിലേക്കും എത്തിക്കാന്‍ കഴിയുമെന്നാണ് വാട്‌സ് ആപിന്റെ പ്രതീക്ഷ.

ഗ്രൂപ്പ് ഇന്‍വിറ്റേഷന്‍

സമ്മതമില്ലാതെ ഗ്രൂപ്പുകളില്‍ അംഗമാക്കുന്നതില്‍ നിന്ന് മറ്റുള്ളവരെ വിലക്കാന്‍ കഴിയുന്ന സംവിധാനം. ഇതിനായി ഗ്രൂപ്പ് സെറ്റിംഗ്‌സില്‍ നോബഡി, എവരി വണ്‍, അല്ലെങ്കില്‍ മൈ കോണ്‍ടാക്ട്‌സ് എന്ന് മാറ്റം വരുത്തിയാല്‍ മതി.

ഡാര്‍ക്ക് മോഡ്

വെളിച്ചക്കുറവുള്ള സമയത്ത് നിറങ്ങള്‍ ക്രമീകരിച്ച് കണ്ണിന്റെ ആയാസം കുറയ്ക്കുന്ന സംവിധാനമാണിത്. നിലവില്‍ ആന്‍ഡ്രോയ്ഡും ഐഒഎസും ഡാര്‍ക്ക് മോഡ് സംവിധാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. വാട്‌സ് ആപും ഡാര്‍ക്ക് മോഡിലേക്ക് എത്തുമെന്നാണ് പുതിയ വിവരങ്ങള്‍.