വാട്ട്സ്ആപ്പിലെ ‘നടുവിരല്‍ ഇമോജി’ പലരുടെയും ഉറക്കം കെടുത്തുന്നു

വാട്‌സാപ്പില്‍ നിന്നും നടുവിരള്‍ ഇമോജി നീക്കണെമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ അഭിഭാഷകന്റെ നോട്ടീസ്. ന്യൂഡല്‍ഹിയിലെ മജിസ്‌ട്രേറ്റ് കോടതികളില്‍ അഭിഭാഷകനായി പ്രവര്‍ത്തിക്കുന്ന ഗുര്‍മീത് സിംഗാണ് വാട്‌സ്ആപ്പിന് എതിരെ പരാതിയുമായി രംഗത്തെത്തിയത്. 15 ദിവസത്തിനുള്ളില്‍ ഇമോജി മാറ്റണമെന്നാണ് ആവശ്യം.

കലാപത്തിന് കാരണമായേക്കാവുന്ന ഇമോജിയാണിതെന്ന് വാദിച്ച അഭിഭാഷകന്‍ ഇത് തീര്‍ത്തും അശ്ലീലമാണെന്നും ആഭാസം നിറഞ്ഞ ശരീരചേഷ്ടയാണെന്നും നോട്ടീസില്‍ കുറ്റപ്പെടുത്തുന്നു.

ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 509, 354 വകുപ്പുകളും, ക്രിമിനല്‍ ജസ്റ്റിസ് നിയമത്തിലെ ആറാം വകുപ്പും പരാമര്‍ശിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇമോജി സ്ഥാപിച്ചത് വഴി പരസ്യമായി കുറ്റകൃത്യം ചെയ്യാന്‍ വാട്‌സ്ആപ്പ് പ്രേരിപ്പിച്ചു എന്നും ഗുര്‍മീത് സിംഗ് ആരോപിച്ചു. 15 ദിവസത്തിനുള്ളില്‍ ഇമോജി പിന്‍വലിച്ചില്ലെങ്കില്‍ സിവില്‍-ക്രിമിനല്‍ കേസുകള്‍ നല്‍കുമെന്നും നോട്ടീസില്‍ പറയുന്നു.