‘സ്റ്റാര്‍ട്ടപ്പ് മിഷന്‍ ടെക്സ്റ്റാര്‍സ് സ്റ്റാര്‍ട്ടപ്പ് വീക്കെന്‍ഡ്’ ജനുവരി 19 മുതല്‍

കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ഗൂഗിള്‍ ഫോര്‍ എന്റര്‍പ്രനേഴ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന ടെക്സ്റ്റാര്‍സ് സ്റ്റാര്‍ട്ടപ്പ് വീക്കെന്‍ഡിന്റെ ആദ്യ പതിപ്പ് ജനുവരി 19 മുതല്‍ 21 വരെ കൊച്ചിയിൽ നടക്കും. സാങ്കേതിക- സാങ്കേതികേതര രംഗങ്ങളിലെ സംരംഭകര്‍ക്ക് മികവുറ്റ അനുഭവ പരിജ്ഞാനം നല്‍കുന്നതിനായി തയ്യാറാക്കിയ പരിപാടികള്‍ കിന്‍ഫ്ര ഹൈ-ടെക് പാര്‍ക്കിലെ കേരള ടെക്‌നോളജി സോണിലാണ് നടക്കുക.

പ്രവൃത്തി, നൂതനത, വിദ്യാഭ്യാസം എന്നിവയില്‍ കേന്ദ്രീകരിച്ചിരിക്കുന്ന വാരാന്ത്യ പരിപാടികള്‍ വ്യവസായ മാതൃക വികസനം, മൂലമാതൃക സൃഷ്ടിയുടെ അടിസ്ഥാനപാഠങ്ങള്‍, നിക്ഷേപകരും പ്രാദേശിക സംരംഭകരും അടങ്ങിയ പാനലിനു മുമ്പിലെ അവതരണം എന്നിവ ചര്‍ച്ച ചെയ്യും. പരിപാടി കാലയളവിനുള്ളില്‍ പ്രവര്‍ത്തനസജ്ജമായ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങുക എന്നതായിരിക്കും പങ്കെടുക്കുന്നവര്‍ക്ക് മുന്നിലുള്ള ലക്ഷ്യം. സമാനരീതിയില്‍ ചിന്തിക്കുന്നവരുമായി ഇടപഴകാനുള്ള അവസരവും പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കും.

ഇതില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ക്ക് https://in. explara.com/e/swkochi2017 എന്ന വെബ്‌പേജിലൂടെ ജനുവരി 10 നകം രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ 6435 രൂപയാണ് പ്രവേശന ഫീസായി നല്‍കേണ്ടത്. വിദ്യാര്‍ഥികള്‍ക്ക് 3250 രൂപ അടച്ചാല്‍ മതിയാകും. KSUM60 എന്ന ഡിസ്‌കൗണ്ട് കോഡ് ഉപയോഗിക്കുന്നവര്‍ക്ക് 60 ശതമാനം ഇളവ് ലഭ്യമാകും.

പ്രവൃത്തിയിലൂടെ പഠനം എന്നതാണ് ടെക്സ്റ്റാര്‍സ് സ്റ്റാര്‍ട്ടപ്പ് വീക്കെന്‍ഡിന്റെ ഉദ്ദേശലക്ഷ്യം. പങ്കെടുക്കുന്നവര്‍ക്ക് തങ്ങളുടെ ഉത്പ്പന്നമോ സേവനമോ സദസിനും വിദഗ്ദരുടെ പാനലിനും മുന്‍പില്‍ അവതരിപ്പിക്കാന്‍ അവസരമുണ്ട്.