ആന്‍ഡ്രോയിഡിനേക്കാള്‍ 60 ശതമാനം അധികം വേഗം; വാവേയ്‌യുടെ ഒഎസ് പരീക്ഷിച്ച് മുന്‍നിര സ്മാര്‍ട്ട്‌ ഫോണ്‍ കമ്പനികളും

വാവേയ് സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പരീക്ഷണം തുടങ്ങിയെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ആന്‍ഡ്രോയിഡിന്റെയും ഐഒഎസിന്റെയും ഒരു മിശ്രണമായിരിക്കും വാവെയുടെ ഓപ്പറേറ്റിംഗ് സിസ്റ്റമെന്നാണ് ആദ്യ സൂചനകളില്‍ നിന്ന് മനസിലാകുന്നത്. പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ മൈക്രോകേണല്‍ അനായാസമായി പ്രവര്‍ത്തിക്കുന്നതും ചടുലതയുള്ളതുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഗൂഗിളിന്റെ ആന്‍ഡ്രോയിഡിനേക്കാള്‍ 60 ശതമാനം അധികം വേഗം നല്‍കുന്നതാണ് വാവേയ്‌യുടെ ഒഎസ് എന്നാണ് ഏറ്റവും പുതിയ വിവരം.

സ്മാര്‍ട്ട്‌ ഫോണ്‍ നിര്‍മ്മാണ കമ്പനികളുടെ റിപ്പോര്‍ട്ടിലാണ് വാവേയ്‌യുടെ ഒഎസിനു ആന്‍ഡ്രോയിഡിനേക്കാള്‍ വേഗമുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. ഒപ്പോ, വിവോ, ടെന്‍സെന്റ് കമ്പനികള്‍ മുതലായവ വാവേയ്‌യുടെ ഒഎസ് പരീക്ഷിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന പത്ത് ലക്ഷം ഫോണുകളാണ് ഒക്ടോബറില്‍ വാവേയ് പുറത്തിറക്കാനൊരുങ്ങുന്നത്.

ചൈനയിലാണ് പുതിയ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകല്‍ വാവേയ് ആദ്യം പുറത്തിറക്കുക. വാവേയ്‌യുടെ ഈ നീക്കം ഗൂഗിളിന്റെ ചങ്കിടിപ്പ് വര്‍ധിപ്പിക്കുന്നതാണ്. വാവേയ് പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം തുടങ്ങി അത് വിജയിച്ചാല്‍ ചൈനീസ് ഫോണ്‍ നിര്‍മ്മാതാക്കളെല്ലാം അതിലേക്കു മാറിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് ഗൂഗിളിന് വന്‍തിരിച്ചടിയാവും നല്‍കുക. ആപ്പിളൊഴികെ എല്ലാ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളും ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഉപയോഗിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു നീങ്ങവേയാണ് വാവേയ്‌യുടെ നിലനില്‍പ്പിനായുള്ള ചടുല നീക്കം.