ഞെട്ടിച്ച് ഫെയ്‌സ്ബുക്ക്, ജൂണ്‍ മുതല്‍ ഈ ഫീച്ചറുകള്‍ ലഭ്യമാകില്ല!

ഫെയ്‌സ്ബുക്കില്‍ കാര്യമായ പുതിയ മാറ്റങ്ങള്‍ക്ക് ചുവടുവെച്ച് മെറ്റ. ജൂണ്‍ മാസം മുതല്‍ ഉപഭോക്താവിന്റെ ലൊക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള നിയര്‍ബൈ ഫ്രണ്ട്സ്, വെതര്‍ അലേര്‍ട്ട്സ്, ലൊക്കേഷന്‍ ഹിസ്റ്ററി ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഫെയ്സ്ബുക്ക് നിര്‍ത്തലാക്കും. ഇതിന് പിന്നിലെ കാരണം കമ്പനി വ്യക്തമാക്കിയിട്ടില്ല.

ഉപഭോക്താക്കളില്‍ നിന്നുള്ള വിവരശേഖരണം പരിമിതപ്പെടുത്താനുള്ള നീക്കത്തിന്റെഭാഗമായാണ് പുതിയ തീരുമാനം എന്നാണ് വിലയിരുത്തല്‍.
ഉപഭോക്താക്കള്‍ നില്‍ക്കുന്ന സ്ഥലത്തിന് സമീപത്തുള്ള സുഹൃത്തുക്കളെ കണ്ടെത്തുന്നതിനും അവരെ ബന്ധപ്പെടുന്നതിനുമായി ഒരുക്കിയ ഫീച്ചറാണ് ‘നിയര്‍ബൈ ഫ്രണ്ട്സ്’.

ഫീച്ചറുകള്‍ നിര്‍ത്തലാക്കാന്‍ പോവുകയാണെന്ന് അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ ഫെയ്സ്ബുക്കിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി എല്ലാ ഉപഭോക്താക്കളേയും കമ്പനി അറിയിക്കും. ഈ ഫീച്ചറുകള്‍ക്ക് വേണ്ടി ഫെയ്സ്ബുക്കിന്റെ സെര്‍വറില്‍ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങള്‍ നീക്കം ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.