ആത്മഹത്യ തടയാന്‍ എ.ഐ. സാങ്കേതികവിദ്യയുമായി ഫെയ്‌സ്ബുക്ക്‌

എഐ സഹായത്തോടെ ആത്മഹത്യ തടയാനുള്ള ഫെയ്‌സ്ബുക്ക് പദ്ധതി ആഗോള തലത്തിലേക്ക് വ്യാപിപ്പിക്കുന്നു. ആത്മഹത്യാ പ്രവണതയുള്ളവരെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ കണ്ടെത്തി അവരെ അതില്‍നിന്ന് പിന്‍തിരിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. കഴിഞ്ഞ മാര്‍ച്ച് മുതലാണ് ഫെയ്‌സ്ബുക്ക് ഈ സംവിധാനം യുഎസില്‍ ടെസ്റ്റിംഗ് നടത്തിയത്. ഇത് വിജയകരമാണെന്ന് കണ്ടതോടെയാണ് മറ്റ് ഇടങ്ങളിലേക്കും വ്യാപിപ്പിക്കുന്നത്. ആത്മഹത്യയുടെ സൂചനകള്‍ നല്‍കുന്ന പോസ്റ്റുകള്‍, കമന്റുകള്‍ എന്നിവ സ്‌കാന്‍ ചെയ്താണ് ഫെയ്‌സ്ബുക്ക് ഇത് കണ്ടെത്തുന്നത്.

ഈ പദ്ധതിയുടെ സാങ്കേതികവശങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ‘ആര്‍ യു ഒ കെ?’ ‘കാന്‍ ഐ ഹെല്‍പ്? ‘ തുടങ്ങിയ പ്രയോഗങ്ങള്‍ കമ്പനിയുടെ സോഫ്റ്റുവെയര്‍ നിരീക്ഷിക്കും. ആത്മഹത്യാപ്രേരണ ഉള്ളവരെ കണ്ടെത്തിയാല്‍ ഇതില്‍ അനുഭവപരിചയമുള്ള ഫെയ്‌സ്ബുക്ക് ടീമിന് ഈ വിവരങ്ങള്‍ കൈമാറും. പിന്നെ വേണ്ട ഇടപെടലുകള്‍ നടത്തുന്നത് ഈ ടീമായിരിക്കും.

കഴിഞ്ഞ വര്‍ഷം ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോസ് അവതരിപ്പിച്ചതിന് പിന്നാലെ നിരവധി ആളുകളാണ് ലൈവ് വീഡിയോയിലൂടെ ആത്മഹത്യ ചെയ്തതും കൊലപാതകങ്ങള്‍ ഉള്‍പ്പെടെ നടത്തിയതും. ഇത് കമ്പനിക്ക് ചീത്തപ്പേര് ഉണ്ടാക്കിയ സാഹചര്യത്തില്‍ ഇത്തരം വീഡിയോകള്‍ നിരീക്ഷിക്കാനും മറ്റും ഫെയ്‌സ്ബുക്ക് ജീവനക്കാരെ നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ തടയാനുള്ള സംവിധാനം ഫെയ്‌സ്ബുക്ക് അവതരിപ്പിക്കുന്നത്. ഫെയ്‌സ്ബുക്കിന്റെ സൂയിസൈഡ് ഡിറ്റക്ഷന്‍ സോഫ്റ്റുവെയര്‍ ഏതൊക്കെ രാജ്യങ്ങളിലാണ് അവതരിപ്പിക്കുന്നതെന്ന കാര്യം വ്യക്തമല്ല.

ഗൂഗിളിന്റെ ഭാഗത്തുനിന്നും ആത്മഹത്യകളെ നിരുത്സാഹപ്പെടുത്താനുള്ള സംവിധാനങ്ങളുണ്ട്. ചില സെര്‍ച്ച് ക്വയറികള്‍ക്ക് മറുപടിയായി ഗൂഗിള്‍ കാണിക്കുന്നത് സൂയിസൈഡ് പ്രിവെന്‍ഷന്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പരുകളാണ്.