ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടു; ബിഎസ്എന്‍എല്‍ ആ ജനകീയ ഓഫര്‍ പുനസ്ഥാപിച്ചു

ഞായറാഴ്ച്ചകളില്‍ ലാന്‍ഡ് ഫോണില്‍നിന്ന് അണ്‍ലിമിറ്റഡ് ഫ്രീകോള്‍ എന്ന ഓഫര്‍ ബിഎസ്എന്‍എല്‍ പുനസ്ഥാപിച്ചു. കസ്റ്റമേഴ്‌സില്‍നിന്നുള്ള നിരന്തര അഭ്യര്‍ത്ഥന മാനിച്ചാണ് ബിഎസ്എന്‍എല്‍ ഓഫര്‍ പുനസ്ഥാപിച്ചിരിക്കുന്നത്.

മൂന്നു മാസത്തേക്കാണ് ഓഫര്‍ കാലാവധിയായി ബിഎസ്എന്‍എല്‍ പറയുന്നത്. ഇന്ത്യയില്‍ എവിടെയുമുള്ള ഏത് നെറ്റുവര്‍ക്കിലേക്കും ലാന്‍ഡ് ലൈനില്‍നിന്നുള്ള വിളികള്‍ സൗജന്യമായിരിക്കും.

കഴിഞ്ഞ മാസം പകുതിയോടെയാണ് ഫെബ്രുവരി ഒന്നു മുതല്‍ ഞായറാച്ചകളിലെ സൗജന്യ കോള്‍ പദ്ധതി നിര്‍ത്താന്‍ ആവശ്യപ്പെട്ടുകൊണ്ട് ബിഎസ്എന്‍എല്‍ സര്‍ക്കുലര്‍ ഇറക്കിയത്. ഈ ഓഫര്‍ പിന്‍വലിച്ചാല്‍ ഉപയോക്താക്കളുടെ എണ്ണം കുറയുമെന്നുള്ള കേരളം അടക്കമുള്ള സര്‍ക്കിളുകളുടെ അഭിപ്രായം ബിഎസ്എന്‍എല്‍ മാനിക്കുകയായിരുന്നു.

2016 സ്വാതന്ത്ര്യദിന സമ്മാനമായാണ് ബിഎസ്എന്‍എല്‍ ഈ ഓഫര്‍ അവതരിപ്പിച്ചത്. മൊബൈല്‍ ഫോണുകളിലേക്ക് ചേക്കേറിയ ഉപയോക്താക്കളെ തിരികെ കൊണ്ടുവരിക നിലവിലുള്ള ഉപഭോക്താക്കളെ കൈവിടാതിരിക്കുക തുടങ്ങിയവ ആയിരുന്നു ബിഎസ്എന്‍എല്‍ ഫ്രീകോള്‍ പദ്ധതിയുടെ ഉദ്ദേശ്യം. രാത്രികാല സൗജന്യ കോള്‍, ഞായറാഴ്ച്ചകളിലെ സമ്പൂര്‍ണ സൗജന്യ കോള്‍ എന്നിവകൊണ്ട് ബിഎസ്എന്‍എല്ലിന് കൂടുതല്‍ വരിക്കാരെ നേടാന്‍ സാധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓഫര്‍ നിലനിര്‍ത്താന്‍ താല്‍ക്കാലികമായി ബിഎസ്എന്‍എല്‍ തീരുമാനിച്ചിരിക്കുന്നത്.