പുതുവര്‍ഷത്തില്‍ വരിക്കാര്‍ക്ക് ഇരുട്ടടി നല്‍കി ബി.എസ്.എന്‍.എല്‍; ബ്ലാക്ക് ഔട്ട് ഡേ പ്രഖ്യാപിച്ചു

പുതുവത്സരത്തില്‍ ബിഎസ്എന്‍എല്‍ ഫോണുകള്‍ ഉപയോഗിച്ചാല്‍ പണം പോകും. പുതുവര്‍ഷത്തില്‍ രണ്ടു ദിവസമാണ് ബി.എസ്.എന്‍.എല്‍ ബ്ലാക്ക് ഔട്ട് ഡേ പ്രഖ്യാപിച്ചത്. ഡിസംബര്‍ 31, ജനുവരി 1 എന്നീ തിയതികളിലാണ് ബി.എസ്.എന്‍.എല്‍ സൗജന്യ കോള്‍ ഓഫറുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഏറ്റവും കൂടുതല്‍ വരിക്കാര്‍ ഉപയോഗിക്കുന്നതുമായ സൗജന്യ കോള്‍ ഓഫറുകള്‍ക്ക് തുടര്‍ച്ചയായി രണ്ടു ദിവസം വിലക്ക് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത് വരിക്കാര്‍ക്ക് വന്‍ തിരിച്ചടിയായി മാറും. 149,159,187,446 തുടങ്ങിയ എല്ലാ എസ്. ടി.വി ഓഫറുകളിലും ലഭിക്കുന്ന സൗജന്യ കോളുകള്‍ രണ്ടു ദിവസം പ്രവര്‍ത്തിക്കില്ല. എന്നാല്‍,ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന് തടസം ഉണ്ടായിരിക്കില്ല.

പുതുവത്സരം പ്രമാണിച്ച് ഐഡിയ പോലുള്ള സ്വകാര്യ മൊബൈല്‍ കമ്പനികള്‍ 199 രൂപയ്ക്ക് 28 ജിബി ഇന്റര്‍നെറ്റും സൗജന്യ കോളും കസ്റ്റമര്‍ക്ക് നല്‍കുമ്പോള്‍ പൊതു മേഖലാ സ്ഥാപനമായ ബി.എസ്.എന്‍.എല്‍ ഇത്തരത്തില്‍ ഓഫറുകള്‍ നിര്‍ത്തലാക്കുന്നത് സ്വകാര്യ മൊബൈല്‍ കമ്പനികള്‍ക്ക് വേണ്ടിയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.