സോഷ്യൽ മീഡിയ ഭീമനായ ഫെയ്സ്ബുക്ക് പ്രതിസന്ധിയിൽ; കുത്തക നിലനിര്‍ത്തുന്നതിന് എതിരെ നടപടി ആവശ്യപ്പെട്ട് ഹർജി

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് മേഖലയില്‍ ഫേസ്ബുക്ക് കുത്തക നിലനിര്‍ത്തുന്നതിനെതിരെ നടപടി ആവശ്യപ്പെട്ട് അമേരിക്കയില്‍ ഹർജി. അമേരിക്കയില്‍ ഫെഡറല്‍ ട്രെയ്ഡ് കമ്മീഷനും (എഫിടിസി) 48 സ്റ്റേറ്റ്‌സുമാണ് ഫെയ്സ്ബുക്കിനെതിരെ നിയമനടപടി ശിപാര്‍ശ ചെയ്ത് ഹര്‍ജി സമര്‍പ്പിച്ചത്. ഇതോടെ ഫെയ്സ്ബുക്കിന്റെ ഷെയറുകള്‍ ഇടിഞ്ഞു.

ടെക്നോളജി കമ്പനികളുടെ കൊമ്പു മുറിച്ചില്ലെങ്കില്‍ അത് ഭാവിയില്‍ ദോഷം ചെയ്യുമെന്ന തിരിച്ചറിവിലാണ് അമേരിക്കയും ചൈനയുമടക്കമുള്ള രാജ്യങ്ങള്‍. ന്യൂയോര്‍ക് അറ്റോര്‍ണി ജനറല്‍ ലെറ്റീഷ്യ ജെയിംസിന്റെ നേതൃത്വത്തിലുളള കൂട്ടായ്മയാണ് കമ്പനിക്കെതിരെയുള്ള സംയുക്ത നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്. വളരെ ചിട്ടയോടെയുള്ള പ്രവര്‍ത്തനത്തിലൂടെ സമൂഹ മാധ്യമ രംഗത്ത് തങ്ങള്‍ക്ക് എതിരാളികള്‍ വളരുന്നില്ല എന്ന് ഫെയ്സ്ബുക് ഉറപ്പാക്കുകയായിരുന്നു എന്നാണ് അവര്‍ ഉയര്‍ത്തുന്ന കടുത്ത ആരോപണം. തങ്ങള്‍ക്ക് ഭാവിയില്‍ ഭീഷണിയായേക്കുമോ എന്ന സംശയത്തിന്റെ പേരില്‍ 2012- ല്‍ വാങ്ങിയ ഇന്‍സ്റ്റഗ്രാം, 2104 വാങ്ങിയ തത്സമയ മെസേജിംഗ് സംവിധാനമായ വാട്സാപ് തുടങ്ങിയവയടക്കമുള്ള കാര്യങ്ങളാണ് ഇപ്പോള്‍ കമ്പനിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്. ഗൂഗിള്‍, ആമസോണ്‍, ആപ്പിള്‍ തുടങ്ങിയ കമ്പനികള്‍ക്കെതിരെയും നടപടി ഉണ്ടായേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.

സങ്കീര്‍ണമായി നിയമനടപടികള്‍, പ്രത്യേകിച്ചും ഒരു രാജ്യം ഏകദേശം മുഴുവനായി തന്നെ എതിര്‍ക്കുന്ന സമയത്ത്, ഒഴിവാക്കാനായി വാട്സാപ്പും ഇന്‍സ്റ്റഗ്രാമും വില്‍ക്കാന്‍ സക്കര്‍ബര്‍ഗ് തയ്യാറായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്‍സ്റ്റഗ്രാമിനെയും വാട്സാപ്പിനെയും മൂന്നു കമ്പനികളായി അവയുടെ മേധാവി മാര്‍ക് സക്കര്‍ബര്‍ഗിന്റെ കീഴില്‍ തുടരാന്‍ അനുവദിച്ചേക്കും എന്നാണ് കേട്ടുവന്നത്. എന്നാല്‍, ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇതിന് സാദ്ധ്യതയില്ല.

അതേസമയം,  ഇപ്പോൾ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ കോടതിയില്‍ തെളിയിക്കാനായാല്‍ ഫെയ്സ്ബുക്ക് വാട്സാപ്പും, ഇന്‍സ്റ്റഗ്രാമും വില്‍ക്കേണ്ടതായി വന്നേക്കാമെന്നാണ് ചില നിരീക്ഷകര്‍ കരുതുന്നത്.