“ഭയം മറികടന്ന നഗരം — സൊഹ്റാൻ മംദാനിയുടെ ന്യൂയോർക്കും ട്രംപിന്റെ വെല്ലുവിളിയും”

സൊഹ്റാൻപ്രഭാതത്തിലെ ആദ്യ നക്ഷത്രം. വളരെ ഇരുണ്ടിരിക്കുമ്പോഴും, വെളിച്ചം ഒരുനാൾ വരുമെന്ന് ആകാശം ആദ്യം അറിയിക്കുന്ന ശബ്ദരഹിത സന്ദേശം. ആ പേരിന്റെ അർത്ഥം തന്നെയാണ് തന്റെ ജീവിതയാത്രയിലും സംഭവിക്കുമെന്ന്  അമ്മ മീരാ നായർ ഒരിക്കൽ മകനെ കാണിച്ചുതന്ന സ്വപ്നമായിരുന്നു. ഇന്ന് ആ സ്വപ്നം യാഥാർത്ഥ്യമായി; ന്യൂയോർക്ക് നഗരം തന്റെ ചരിത്രത്തിൽ ആദ്യമായി ഒരു മുസ്ലീം, അതും ഇന്ത്യൻ വംശജനായ ഒരാളെ മേയറാക്കി തിരഞ്ഞെടുക്കുമ്പോൾ ആ പേര് ഒരാഴ്ചയുടെ വാർത്തയല്ല, ഒരു കാലഘട്ടത്തിന്റെ തിരിഞ്ഞുനോട്ടമായിത്തീർന്നുസൊഹ്റാൻ ക്വാമെ മംദാനി.

ഒരു മുസ്ലിം, ഒരു കുടിയേറ്റക്കാരന്റെ മകൻ, ഫലസ്തീനിനെ തുറന്നുപിന്തുണച്ച ഇടതുപക്ഷ സോഷ്യലിസ്റ്റ് പ്രവർത്തകൻ, ട്രംപിനെയും വലതുപക്ഷ കൺസർവേറ്റീവ് രാഷ്ട്രീയത്തെയും തുറന്ന വിമർശിച്ച യുവ രാഷ്ട്രീയപ്രവർത്തകൻ.ഈ എല്ലാ തിരിച്ചറിയലുകളും ചേർന്ന ഒരാളെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള നഗരങ്ങളിൽ ഒന്നായ ന്യൂയോർക്ക് തന്റെ നേതാവായി അംഗീകരിച്ചിരിക്കുന്നു. സാധാരണയായി അമേരിക്കൻ രാഷ്ട്രീയത്തിൽ അംഗീകരണത്തിന് തടസ്സമാകുന്ന ഈ തിരിച്ചറിയലുകളാണ് ന്യൂയോർക്കിലെ ജനങ്ങൾ സാധ്യതയായി കാണുന്നത്. അതുകൊണ്ടുതന്നെ ട്രംപ് അവസാനമായി ഭീഷണി മുഴക്കി“സൊഹ്റാൻ മേയറായാൽ ഞാൻ ന്യൂയോർക്കിന് ഒരു ഡോളർ പോലും നൽകില്ല. നിങ്ങൾക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ആൻഡ്രൂ കൂമോയെയാണ് തിരഞ്ഞെടുക്കേണ്ടത്”ന്നു പറഞ്ഞിട്ടും ആ നഗരജനം അത് വെറും ശബ്ദമായി മാറ്റി. 9/11 ഭീകരാക്രമണം മറക്കരുത് എന്ന് വിളിച്ചുപറഞ്ഞ ഇസ്ലാമോഫോബിയയുടെ ഒച്ചയും, മതവിരുദ്ധ പ്രചാരണങ്ങളും പുകഞ്ഞുയർന്നിട്ടും, ന്യൂയോർക്ക് നഗരത്തിലെ സാധാരണ തൊഴിലാളിയും, കുടിയേറ്റ വാഹനങ്ങളിൽ നിന്നിറങ്ങിയവർ മുതൽ വാൾസ്ട്രീറ്റിന്റെ ചോറുപോലുമുള്ളവർ വരെ, ഭീഷണിക്ക് മറുപടി നൽകിയതു പതിവുപോലെയുള്ള മൗനമല്ല അത് സൊഹ്‌റാൻ്റെ വിജയമായി.

സൊഹ്റാന്റെ വിജയം വെറും വ്യക്തിപരവുമായ നേട്ടമല്ല, പല തലങ്ങളിൽരാഷ്ട്രീയവ്യവസ്ഥയ്ക്കുള്ള ദാർശനിക തിരിച്ചറിവാണ്. ഈ നഗരത്തിൽ ലോകത്ത് ഏറ്റവും കൂടുതൽ ജൂത വംശജനുകൾ താമസിക്കുന്നു.ഇസ്രായേലിനുശേഷം. അതിനിടയിലും ഫലസ്തീനിയൻ അവകാശങ്ങൾക്ക് വേണ്ടി തുറന്നു നിന്ന ഒരാളെയാണ് അവർ തെരഞ്ഞെടുത്തത്. ലോകം എത്ര ഫാസിസത്തിലേക്കു വഴുതിയാലും, ചരിത്രം അവസാനിപ്പിക്കുന്നത് വെളിച്ചമാണ് എന്ന ഉറപ്പാണ് ഈ തിരഞ്ഞെടുപ്പ് പറഞ്ഞുതന്നത്. അതുപോലെ, ലണ്ടൻ നഗരം വർഷങ്ങളായി ഒരു മുസ്ലീം മേയറായ സാദിഖ് ഖാനെ ചുമന്നു നടക്കുന്നുവെന്ന് കാണുമ്പോൾ, പാശ്ചാത്യ ലോകം മുഴുവനായി മതത്തെയും വംശത്തെയും കീഴടക്കാൻ ശ്രമിക്കുന്നതല്ല, മറിച്ച് നീതി, കരുണ, ജനാധിപത്യബോധം എന്നിവയെ തിരിച്ചുപിടിക്കാനുള്ള പുതിയ ചെറുത്തുനിൽപ്പ് അവിടെ തുടങ്ങുന്നതായി തോന്നുന്നു.

സൊഹ്റാൻ വെറും രാഷ്ട്രീയക്കാരനല്ല; സൂഷ്മ നിലപാട് വഹിക്കുന്ന മനുഷ്യനാണ്. അമ്മ മീരാ നായർ സിനിമകളിലൂടെ ഉപേക്ഷിക്കപ്പെട്ടവരുടെ കഥകൾ ലോകത്തോട് പറഞ്ഞുകൊടുത്തു; പിതാവ് മഹ്മൂദ് മംദാനി യുഗാണ്ടയിൽ നിന്നുയർന്നു ആഫ്രിക്കൻ രാഷ്ട്രീയവും കൊളോണിയൽ ചരിത്രവും പഠിപ്പിച്ച ലോകപ്രശസ്ത ബൗദ്ധികൻ. അദ്ദേഹം എഴുതിയ “Citizen and Subject”, “Good Muslim, Bad Muslim” പോലുള്ള കൃതികളിൽ നിന്ന് സൊഹ്റാൻ പഠിച്ചത്—മതം, രാജ്യം, രാഷ്ട്രത്വം എന്നിവ മനുഷ്യന്റെ അടിസ്ഥാന വ്യക്തിത്വത്തെക്കാൾ ഉയർന്നതാവരുത് എന്ന സത്യം. ഈ രണ്ട് പാരമ്പര്യങ്ങളും ചേർന്നാണ് സൊഹ്റാന്റെ ചിന്ത വളർന്നത്.

മറ്റൊരുവശത്ത്, സൊഹ്റാന്റെ ആശയരക്തത്തിൽ ഒഴുകുന്ന ഒന്നുകൂടി ഉണ്ട് നെഹ്റുവിയൻ സോഷ്യലിസം. Jawaharlal Nehru സ്വപ്നം കണ്ടത് തൊഴിലാളിവർഗത്തിനും കർഷകർക്കും വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമായി പ്രവർത്തിക്കുന്ന ഒരു സർക്കാർ. വിപ്ലവമല്ല, പദ്ധതിപരമായ സാമൂഹ്യനീതി; കടുത്ത ഇടത് ചിന്തയല്ല, നിർവ്വികാര ധാർമ്മികതയും മാനവികതയും. ഈ നെഹ്റുവിയൻ പാരമ്പര്യം തന്നെയാണ് കോൺഗ്രസുകാരനായി തുടങ്ങുന്ന സൊഹ്റാനെ തൊഴിലാളി പാർട്ടിയുടെയും ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്സ് ഓഫ് അമേരിക്കയുടെയും വഴിയിലേക്ക് നയിച്ചത്. “നമുക്ക് പുതിയൊരു ലോകം സൃഷ്ടിക്കാം.പണക്കാരുടെ ഒരു ശതമാനത്തിനുവേണ്ടി അല്ല, ബാക്കി 99 ശതമാനം ജീവിക്കുന്ന ജനങ്ങൾക്കായി”എന്ന നെഹ്റുവിൻറെ ചിന്തങ്ങൾ ഇന്നത് സൊഹ്റാന്റെ വാക്യങ്ങളിൽ മറ്റൊരു ഭാവത്തിൽ ശബ്ദിക്കുന്നു.

ഈ വിജയത്തിന് പിന്നാലെ മുന്നോട്ട് വന്ന ഏറ്റവും ശക്തമായ ശബ്ദം ബേർണി സാൻഡേഴ്സിന്റേതായിരുന്നു: “പോൾ ഫലത്തിൽ വെറും 1% മുതൽ തുടങ്ങിയ സൊഹ്റാൻ മംദാനി, ആധുനിക അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ അപ്രതീക്ഷിത വിജയങ്ങളിൽ ഒന്നാണ് നേടിയത്. തൊഴിലാളികൾക്കായി പ്രവർത്തിക്കുന്ന ഒരു നഗരം നമുക്ക് നിർമ്മിക്കാനാകും അതുകൊണ്ടാണ് ഞാൻ അവനൊപ്പം  നടക്കുന്നത്.” സാൻഡേഴ്സിന്റെ ഈ വാക്കുകൾ സഭയിൽ നിന്നോ കൂട്ടായ്മയിൽ നിന്നോ പറച്ചിൽ മാത്രമല്ല; അത് അമേരിക്കയുടെ രാഷ്ട്രീയ ആത്മാവിന്റെ മറ്റൊരു ഉണർവാണ്.

പക്ഷേ, ഈ വിജയം സൊഹ്റാന്റെ മാത്രമല്ല. ഇത് നാളുകളായി പീഡിപ്പിക്കപ്പെട്ടവരുടെ വിജയം. മതം കൊണ്ട് തരംതിരിക്കപ്പെട്ടവരുടെ, “തിരഞ്ഞെടുത്തവരുടേയും ബാക്കിയാക്കിയവരുടേയും” ഇടയിലെ പൊറാട്ടുനാടകം തകർക്കാനാഗ്രഹിക്കുന്നവരുടെ വിജയമാണ്. ലോകം എത്ര അനീതിയിലേക്ക് വഴുതിയാലും, മനുഷ്യൻ എന്ന നിലയിൽ ഒരാൾ മറ്റൊരാളോട് പറയുന്നതിൽ ഒടുവിൽ അർത്ഥമുള്ളത് ഇതു മാത്രമാണ് “ഞാൻ നിന്നെ കാണുന്നു. നിന്റെ വേദന കാണുന്നു.” ഈ കാണലാണ് രാഷ്ട്രീയമാകുന്നത്; അതാണ് സൊഹ്റാൻ മംദാനിയുടെ വിജയം പറയുന്നത്.

അവന്റെ പേര് സൂചിപ്പിക്കുന്നതുപോലെ സൊഹ്റാൻ ഒരു പ്രഭാതനക്ഷത്രമാണ്. അന്ധകാരം പടരുന്ന സമയത്ത്, വെളിച്ചം വരുമെന്നു പറഞ്ഞു ആദ്യം തെളിയുന്ന നക്ഷത്രം. ഒരു പേരിൽ തുടങ്ങിയ കഥ, ഇന്ന് ഒരു നഗരത്തിന്റെ ഹൃദയമിടിപ്പായിത്തീർന്നിരിക്കുന്നു. ലോകം ഫാസിസത്തിന്റെയും ദ്വേഷത്തിന്റെയും ഞരമ്പുകളിൽ പിടഞ്ഞുനില്ക്കുന്ന സമയം, ഈ ഒരൊറ്റ കഥ നമ്മോടു ചൂണ്ടിക്കാണിക്കുന്ന സത്യം ഇതാണ് പ്രഭാതം വൈകിയേക്കാം, പക്ഷേ വരാതിരിക്കില്ല.

ന്യൂയോർക്ക് നഗരം വീണ്ടും ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്നത് ഒരു വ്യക്തിയുടെ വിജയത്താൽ മാത്രം അല്ല, ഒരു ആശയത്തിന്റെ പുനർജ്ജനത്താലാണ്. സൊഹ്റാൻ മംദാനി മേയറായി തിരഞ്ഞെടുക്കപ്പെട്ട നിമിഷം മുതൽ, അതൊരു ഭരണപരിവർത്തനമെന്നതിലുപരി, രാഷ്ട്രീയ ധൈര്യത്തിന്റെ, ജനങ്ങളുടെ ബോധവത്കരണത്തിന്റെ തെളിവായി മാറുന്നു. അദ്ദേഹത്തിന്റെ വിജയം സാധാരണ രാഷ്ട്രീയത്തിന്റെ ഘടനകളെ മറികടന്ന ഒന്നാണ് ‘ഇന്ത്യൻ വംശജനായ, മുസ്ലിം മതസ്ഥനായ, ഫലസ്തീനെ തുറന്നുപിന്തുണച്ച ഒരു സോഷ്യലിസ്റ്റിനെ ന്യൂയോർക്ക് നഗരത്തിന്റെ ജനങ്ങൾ നേതാവായി തിരഞ്ഞെടുത്തു. ഈ നഗരം ഭയത്തേക്കാൾ പ്രതീക്ഷയെ, ഭീഷണിയേക്കാൾ സ്വാതന്ത്ര്യബോധത്തെ തിരഞ്ഞെടുത്തു എന്നതാണ് ഈ വിജയത്തിന്റെ പ്രഥമ വാചകം. സൊഹ്റാൻ അധികാരത്തിൽ എത്തിയതോടെ ന്യൂയോർക്ക് നഗരം മുൻപിലേതു പോലെ മാത്രം ഭരണകഴിവിന്റെ കേന്ദ്രമല്ല; തൊഴിലാളികൾക്കും വാടകക്കു വീട്ടിൽ കഴിയാൻ ബുദ്ധിമുട്ടുന്ന സാധാരണ നിവാസികൾക്കും കുടിയേറ്റക്കാരനും ശബ്ദമാകുന്ന ഒരു നഗരമായി മാറാനുള്ള സാധ്യതയാണ് ജനങ്ങൾക്ക് മുന്നിൽ തുറക്കുന്നത്. വൻകിട റിയൽ എസ്റ്റേറ്റ് കമ്പനികൾക്കും കോടീശ്വര നിക്ഷേപകർക്കും വേണ്ടി രൂപകൽപ്പന ചെയ്ത നയങ്ങളിൽ നിന്ന് മാറി, വാടക നിയന്ത്രണം, കിടപ്പാടം ലഭ്യമാക്കൽ, പൊതുഗതാഗതം സൗജന്യമാക്കൽ, സംരക്ഷിത സമൂഹങ്ങൾക്ക് സുരക്ഷിതത്വം നൽകൽ എന്നിവയാണ് നഗരം പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ. എന്നാൽ ഈ സ്വപ്നങ്ങൾക്ക് മുന്നിൽ കടുത്ത പ്രതിരോധങ്ങൾ ഇല്ല എന്നാണ് പറയാനാവില്ല. ട്രംപ് പോലുള്ള വലതുപക്ഷ നേതാക്കൾ ഇതിനകം തന്നെ സൊഹ്റാനെതിരായി ചുമത്തുന്ന രാഷ്ട്രീയ ഭീഷണികൾ ഉണ്ട്.“സൊഹ്റാൻ മേയറായാൽ ന്യൂയോർക്കിന് ഒരു ഡോളറും ലഭിക്കില്ല” എന്ന പ്രഖ്യാപനം അതിന്റെ ഭാഗമാണ്. ഫെഡറൽ ഫണ്ടുകൾ തടയാനുള്ള ശ്രമം ഉണ്ടാകാം; പ്രത്യേകിച്ച് ഗതാഗതം, സുരക്ഷ, അടിയന്തര സഹായങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ധനസഹായങ്ങളിൽ കുറവുണ്ടാകാൻ സാധ്യതയുണ്ട്. ഈ രാഷ്ട്രീയ തടസ്സങ്ങൾ സൊഹ്റാന്റെ ഭരണത്തെ മന്ദഗതിയിലാക്കാൻ സാദ്ധ്യതയുണ്ടെങ്കിലും, അവ ജനങ്ങളുടെ മനസ്സിൽ ഭയം വിതയ്ക്കുമോ എന്നത് ചോദ്യം തന്നെയാണ്. കാരണം ഈ ജനത ഇതിനോടകം തന്നെ 9/11 ഭയം, ഇസ്ലാമോഫോബിയ, കുടിയേറ്റ വിരോധം എല്ലാം മറികടന്ന് അദ്ദേഹം തന്നെയാണ് വേണ്ടത് എന്ന് തെളിയിച്ചിരിക്കുകയാണ്. ട്രംപിന്റെ എതിർപ്പ് വാക്കുകളിൽഒതുങ്ങില്ല; നിയമപരമായും മാധ്യമപരമായും ഇത് ആഴത്തിൽ ആസൂത്രണം ചെയ്തൊരു പ്രതിരോധമായിരിക്കും. ഫോക്സ് ന്യൂസ് മുതൽ റിപ്പബ്ലിക്കൻ നേതാക്കൾ വരെയുള്ളവർ സൊഹ്റാനെ “റാഡിക്കൽ മുസ്ലിം സോഷ്യലിസ്റ്റ്” എന്ന ലേബലിൽ പൂട്ടാൻ ശ്രമിക്കും. എന്നാൽ അത് അദ്ദേഹത്തോടൊപ്പം നിലകൊള്ളുന്ന പ്രോഗ്രസീവ് വിഭാഗങ്ങളെ കൂടുതൽ ഏകീകരിക്കാനും ഇടയാക്കാം.

ഇതിന്റെ നടുവിൽ വലിയൊരു ആശയദ്വന്ദമാണ് നടക്കുന്നത് സമ്പത്ത് സമ്പന്നരുടെ കൈകളിലേക്കു മാത്രം ഒഴുകുന്ന നഗരമോ, തൊഴിൽ ചെയ്യുന്ന സാധാരണക്കാരന്റെ ശ്വാസം കേൾക്കുന്ന നഗരമോ ഏതാണ് തിരഞ്ഞെടുക്കേണ്ടത് എന്ന ചോദ്യം. ബേർണി സാൻഡേഴ്സ് പറഞ്ഞതുപോലെ, “വോട്ടുകളിൽ വെറും 1% മുതൽ തുടങ്ങിയവൻ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ അത്ഭുതങ്ങളിൽ ഒന്നാണ് തെളിയിച്ചത്”ഇത് വെറും പ്രശംസയല്ല, രാഷ്ട്രീയസഹകരണത്തിന്‍റെ പ്രഖ്യാപനവുമാണ്. സാദിഖ് ഖാൻ ലണ്ടനിൽ മേയറായി ഇരിക്കുമ്പോൾ ബ്രിട്ടൻ മുസ്ലീം നേതാക്കൾക്ക് വാതിൽ തുറന്നുവെങ്കിൽ, ഇന്നത്തെ ന്യൂയോർക്ക് നഗരത്തിലൂടെ അമേരിക്കയും അത് ചെയ്യുന്നതാണ്. ജൂത ജനസംഖ്യ ഏറ്റവും കൂടുതലുള്ള നഗരങ്ങളിൽ ഒന്നായിടത്താണ് ഒരു മുസ്ലീം മേയർ തിരഞ്ഞെടുക്കപ്പെടുന്നത്.ഇത് ഒരു യാദൃച്ഛിക രാഷ്ട്രീയസംഭവമല്ല, പകരം “മതത്തിന്റെ പേരിൽ വിദ്വേഷം നട്ടവർക്ക് ജനങ്ങൾ നൽകുന്ന ഉത്തരമാണ്” എന്നുപറയാവുന്നൊരു നിമിഷം.

സൊഹ്റാൻ മംദാനിയുടെ വിജയം ന്യൂയോർക്ക് നഗരത്തിന്റെ ഭാവിയെ മാറ്റാൻ ശേഷിയുള്ളതാണ്; പക്ഷേ ഇതിനൊപ്പം നഗരത്തിന്റെ പരീക്ഷണകാലവും ആകും ഇത്. വിജയത്തിന്റെ വെളിച്ചം തെളിയിച്ചെങ്കിലും, ഭരണത്തിന്റെ യാഥാർത്ഥ്യത്തിൽ വഴിയിൽ തടസ്സങ്ങളും രാഷ്ട്രീയ പ്രതിരോധങ്ങളും ഉയരും. എന്നിരുന്നാലും, ഈ കഥയുടെ മർമ്മം ഒറ്റവാചകത്തിൽ പറയാം ഭയം അവസാനിക്കുമ്പോഴാണ് ജനാധിപത്യം തുടങ്ങുന്നത്, അതിന്റെ തുടക്കം ന്യൂയോർക്ക് തെരുവുകളിൽ നിന്ന് വീണ്ടും ഉയർന്നു. സൊഹ്റാൻ, തന്റെ പേരുപോലെ, ഇപ്പോൾ വെളിച്ചം വാഗ്ദാനം ചെയ്യുന്ന ആദ്യ നക്ഷത്രമായി നിൽക്കുന്നു.

ന്യൂയോർക്കിന്റെ ജനക്കൂട്ടത്തിനുമുന്നിൽ സൊഹ്റാൻ മംദാനി പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ, അത് ഒരു രാഷ്ട്രീയ ജയം പ്രഖ്യാപിച്ച പ്രസംഗമല്ലായിരുന്നു  മറിച്ച്, ഒരുനഗരത്തിന്റെ മറന്നുപോകപ്പെട്ടവരുടെ പേരിൽ ഉയർന്ന ആദ്യ ഔദ്യോഗിക ശബ്ദമായിരുന്നു. അദ്ദേഹം ആദ്യ വാചകം തന്നെ വ്യക്തമാക്കിയതു ഈ വിജയം വ്യക്തിഗത മഹത്വമല്ല എന്നുതന്നെ. ഈ നഗരം ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന, എന്നാൽ പൊതുവേ രാഷ്ട്രീയത്തിൽ സ്വരമില്ലാത്ത മനുഷ്യരുടെ വിജയമാണിതെന്നു. വെയർഹൗസുകൾക്കുള്ളിൽ പെട്ടികൾ ചുമക്കുന്നവരുടേയും, ഭക്ഷണം ഡെലിവറി ചെയ്യുന്നവർ മഴയിലും മഞ്ഞിലും ബൈക്കിൽ പായുന്നതും, റെസ്റ്റോറന്റുകളുടെ അടുക്കളയിൽ തീ പൊള്ളലേറ്റ കൈകളുമായി ശബ്ദമില്ലാതെ പണിയെടുക്കുന്നവരുടേയും, ടാക്സി ഓടിച്ച് പകലും രാത്രിയും തീരങ്ങളിലൂടെ യാത്ര ചെയ്യുന്നവരുടേയും; ന്യൂയോർക്ക് നഗരത്തെ ചുമലിൽ താങ്ങുന്ന, എന്നാൽ നഗരത്തിന്റെ വാടകയും ജീവിച്ചിരിക്കാനുള്ള കഴിവും താങ്ങാനാവാതെ അതിന്റെ അതിരുകൾക്കപ്പുറം താമസിക്കുന്ന തൊഴിലാളിവർഗ്ഗത്തിന്റെയും.

അദ്ദേഹത്തിന്റെ വാക്കുകൾ പൊതുവായി ഒരു മൗലിക ചോദ്യം ഉയർത്തി  ഒരു നഗരം ആരുടേതാണ്? സ്കൈസ്ക്രാപ്പറുകളുടെ നിഴലിൽ ഉയർന്നുണർന്ന നഗരമാണോ അത്, അല്ലെങ്കിൽ അസ്തമയത്തിനു ശേഷം സബ്‌വേ സ്റ്റേഷനുകളിലൂടെ പതുങ്ങി നടന്നു മടങ്ങുന്ന കഴിവതും തളർന്ന ശരീരങ്ങളുടെ രഹസ്യമായ ജീവിതമാണോ അതിന്റെ യഥാർഥ മതിലുകൾ? മംദാനിയുടെ മറുപടി വ്യക്തമായിരുന്നു: ന്യൂയോർക്ക് നഗരത്തെ ജീവിപ്പിക്കുന്നവരുടെ നഗരമാണിത്  ബാങ്ക് അക്കൗണ്ടുകൾ നിറയ്ക്കുന്നവരുടെയല്ല, ചുളിവുള്ള കൈകളും പൊട്ടിയ കാൽപ്പാദങ്ങളും കോർത്തിണക്കുന്നവരുടേതാണ്.

പ്രസംഗം മതവും വംശവും രാഷ്ട്രീയവുമെല്ലാം കടന്ന് മറ്റൊരു വലിയ ആശയത്തെ സ്പർശിച്ചു  ഉൾപ്പെടലിന്റെ ചിന്ത. ഒരു നഗരത്തിന്റെ ഭാവി രൂപപ്പെടുത്തുന്നത് മതത്തിന്റെ പേരിലുള്ള പേടികളാലോ, വംശത്തിന്റെ പേരിലുള്ള അതിരുകളാലോ അല്ല; ഓരോരുത്തനെയും “നീയും പൗരനാണ്, ഈ നഗരത്തിൽ നിനക്കും സ്ഥലമുണ്ട്” എന്ന് പറയുന്ന ധൈര്യത്തിനാലാണ്. അതുകൊണ്ടാണ് അദ്ദേഹം ഈ വിജയം മുസ്ലിംകൾക്കോ ഒരു പ്രത്യേക സമൂഹത്തിനോ മാത്രം എന്ന രീതിയിൽ അവതരിപ്പിക്കാത്തത്. മറിച്ച്, ഫലസ്തീനുകാരും, ലാറ്റിൻ അമേരിക്കൻ കുടിയേറ്റക്കാർക്കും, കറുത്ത വർഗ്ഗക്കാരും, ട്രാൻസ് ജെൻഡർ വ്യക്തികളും, ന്യൂനപക്ഷ മതവിഭാഗങ്ങളും, അതിലുപരി ദിനംപ്രതി അധ്വാനിക്കുന്ന തൊഴിലാളികളും — ഇവരുടെ ശബ്ദമാണ് ഈ നഗരം ഉയർത്തി പറഞ്ഞുകൊണ്ടിരിക്കുന്നത് എന്ന് ദൃഢമായി അവകാശപ്പെട്ടു.

തന്റെ പ്രസംഗത്തിൽ അദ്ദേഹം അധികാരത്തെക്കുറിച്ച് സംസാരിക്കുമ്പോഴും അത് കൈവശപ്പെടുത്തേണ്ട വ്യക്തിഗത നേട്ടമെന്ന നിലയിൽ പറഞ്ഞില്ല. അധികാരം നഗരം നിയന്ത്രിക്കുന്നതിനല്ല, നഗരം സേവിക്കുന്നതിനാണ് വേണ്ടതെന്ന് അദ്ദേഹം ആവർത്തിച്ചു. ഭരണകൂടങ്ങളുടെ അടിസ്ഥാന ധർമ്മം എല്ലോർ‍ക്കും ‘ഗൗരവമുള്ള ജീവിതം’ ഉറപ്പാക്കുക എന്നതാണ് എന്ന് അദ്ദേഹം പതിയെ വിഭാഗിച്ചു. “ദൈനംദിന ജീവിതത്തിൻ്റെ മാന്യത ഏതാനും ഭാഗ്യവാന്മാർക്കുള്ള പ്രത്യേകാവകാശമാകരുത്; അത് ഓരോ പൗരന്റെയും അവകാശമാക്കുന്ന നഗരമാണ് ഞാൻ കാണുന്നത്,” എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

വാടകയുടെയും താമസത്തിന്റെയും പ്രതിസന്ധി അദ്ദേഹം തുറന്നുപറഞ്ഞു. “ഈ നഗരം കെട്ടിടങ്ങൾ കൊണ്ട് നിർമ്മിച്ചതല്ല; സ്വപ്നങ്ങളും വേദനകളും ഒളിച്ചു നിൽക്കുന്ന ജീവിതങ്ങളാലാണ് രൂപപ്പെട്ടത്. ഒരാൾക്ക് ഇവിടെ ജോലി ചെയ്യാൻ കഴിയും, പക്ഷേ ഇവിടെ ജീവിക്കാൻ കഴിയുന്നില്ലെങ്കിൽ  ഈ നഗരം പരാജയപ്പെട്ടതാണ്.” അതോടൊപ്പം പൊതുഗതാഗതം പണമുള്ളവർക്കുള്ള സൗകര്യം അല്ല; അതിനിൽ ആശ്രയിക്കുന്ന ഓരോ തൊഴിലാളിയുടെ അവകാശമാണെന്ന് അദ്ദേഹം പറഞ്ഞു. പൊതു സേവനങ്ങൾ  വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം  ഇവയെല്ലാം ചിലരോർക്കുള്ള ലാഭത്തിന്റെ വഴിയല്ല, ഓരോരുത്തർക്കും ലഭിക്കേണ്ട അവകാശമെന്ന് അവൻ പ്രഖ്യാപിച്ചു.

തന്റെ പ്രസംഗത്തിൽ അദ്ദേഹം “മാറ്റം” എന്ന വാക്ക് ഉപയോഗിച്ചില്ല; പകരം “തുടർച്ചയായ പോരാട്ടം” എന്ന നിലയിലാണ് അവൻ കാണിച്ചത്. ഇങ്ങനെയൊരു ഭരണരീതി എളുപ്പമല്ലെന്ന് അവന് ബോധമുണ്ടായിരുന്നു; ബാഹ്യ സമ്മർദ്ദങ്ങളും രാഷ്ട്രീയ എതിർപ്പുകളും ഉണ്ടാവും. പക്ഷേ, നഗരത്തെ ഭയത്താൽ നിയന്ത്രിക്കാനാവില്ല എന്ന വിശ്വാസത്തിലായിരുന്നു അദ്ദേഹം ഉറച്ച് നിൽക്കുന്നത്. ഭയത്തെ മറികടക്കുകയും പ്രതീക്ഷയെ ഭരണത്തിന്റെ കേന്ദ്രമാക്കുകയും ചെയ്യുന്ന നിമിഷമാണ് ജനാധിപത്യം എന്ന് അദ്ദേഹം പറഞ്ഞു.

പ്രസംഗത്തിൽ ഒടുവിൽ ഉയർന്നത് ഒരു വ്യക്തിയുടെ നാമം അല്ല, മറിച്ച് ഒരു ചൊല്ലായിരുന്നു  ജനങ്ങളുടെ നാമത്തിൽ ഉയർന്നൊരു വാഗ്ദാനം: “ഞാൻ ഈ നഗരത്തിലെ ഓരോരുത്തർക്കും വേണ്ടി നിൽക്കും. എന്നെ തെരഞ്ഞെടുത്തവർക്കു മാത്രമല്ല, എന്നെ തിരഞ്ഞെടുക്കാത്തവർക്കും.” അതായിരുന്നു പ്രസംഗം കേട്ടവരുടെ കണ്ണുകളിൽ തെളിഞ്ഞ പ്രതീക്ഷയുടെ ജ്വാല. അദ്ദേഹം വിജയത്തെ ആഘോഷിക്കാൻ ആവർത്തിക്കാത്തത്രയ്ക്ക് വ്യക്തമായിരുന്നു ഇത് ഒരു തുടക്കമാണ്, ലക്ഷ്യം അല്ല എന്നുറപ്പോടെ. സൊഹ്റാന്റെ പ്രസംഗം ന്യൂയോർക്കിനോട് മാത്രമല്ല, ലോകത്തോട് കൂടിയാണ് സംസാരിക്കുന്നത്:

Read more

 “ഇന്ന് നാം പഴയതിൽ നിന്ന് പുതുതിലേക്കാണ് കടക്കുന്നത്. ഈ പുതിയ യുഗം എന്ത് നൽകും, ആർക്ക് വേണ്ടി നൽകും എന്ന് നമ്മൾ വ്യക്തമായി പറയേണ്ട സമയമാണിത്.”