കെ. സഹദേവന്‍
“Fifty shades of grey could never be the title of a book about Indian politics” മുമ്പൊരിക്കൽ ശശി തരൂർ എഴുതിയ ലേഖനത്തിലെ വരികളാണിത്.
രാഷ്ട്രീയത്തെ കറുപ്പിലും വെളുപ്പിലും മാത്രമായി ചുരുക്കിക്കാണുന്നതിനോടാണ് തരൂരിന്റെ രോഷം. കോണ്‍ഗ്രസ് ഭരണത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ മോദി സര്‍ക്കാര്‍ റദ്ദാക്കുന്നതിനെതിരെയും എല്‍ഡിഎഫ് കൊണ്ടുവരുന്ന പദ്ധതികളെ കോണ്‍ഗ്രസ് എതിര്‍ക്കുന്നതും ശരിയായ രാഷ്ട്രീയമല്ലെന്ന് ‘വിദ്യാസമ്പന്നനായ’ , ‘അന്താരാഷ്ട്ര പൗരനായ’ തരൂര്‍ പറയാൻ ശ്രമിക്കുന്നത്.
വികസനത്തില്‍ രാഷ്ട്രീയം പാടില്ലെന്ന ഇടത്-വലത് രാഷ്ട്രീയക്കാരന്റെ സ്ഥിരം പല്ലവിയാണ് ഇവിടെ തരൂര്‍ തന്റെ സ്വതസിദ്ധമായ വാക്ചാതുര്യത്തോടെ അവതരിപ്പിക്കുന്നതെന്ന് മാത്രം. വികസനത്തില്‍ രാഷ്ട്രീയം പാടില്ലെന്നത് വികസനത്തെ സംബന്ധിച്ച ‘ബ്ലാക് ആന്റ് വൈറ്റ്’ ബോദ്ധ്യമാണെന്നും വികസനത്തെ സംബന്ധിച്ച വിവിധങ്ങളായ അഭിപ്രായങ്ങള്‍ പുതിയ കാലത്ത് രൂപപ്പെടുന്നുണ്ടെന്നും അറിയാത്ത ആളല്ല തരൂര്‍. നാളിതുവരെ തുടര്‍ന്നുപോന്ന വികസന പ്രവര്‍ത്തനങ്ങള്‍ പ്രകൃതിയിലും സാധാരണ മനുഷ്യന്റെ ജീവിതത്തിലും ഉണ്ടാക്കിയിട്ടുള്ള അപരിഹാര്യമായ പ്രതിസന്ധികളെക്കുറിച്ചുള്ള ചര്‍ച്ചകളെ പൂര്‍ണ്ണമായും മറച്ചുപിടിച്ചുകൊണ്ട് വികസനത്തെ ബ്ലാക് ആന്റ് വൈറ്റില്‍ കാണുന്ന ശശി തരൂരാണ് ‘ഫിഫ്റ്റി ഷേഡ്‌സ് ഓഫ് ഗ്രേ’യെക്കുറിച്ച് വേവലാതിപ്പെടുന്നത്!
തന്റെ വാദങ്ങള്‍ ബലപ്പെടുത്താന്‍ അമര്‍ത്യാ സെന്നിനെയും കൂട്ടുപിടിക്കുന്നുണ്ട് തരൂര്‍. ജനാധിപത്യമെന്നത് deliberative reasoningലൂടെ വളര്‍ന്നുവരേണ്ട പ്രക്രിയയാണെന്ന അമര്‍ത്യാ സെന്നിന്റെ വാക്കുകളാണ് തരൂര്‍ ഇതിനായി ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ വികസനത്തെ സംബന്ധിച്ച് അമര്‍ത്യാ സെന്‍ മുന്നോട്ടുവെക്കുന്ന വാദമുഖങ്ങളാണ് ജനവിരുദ്ധങ്ങളായ വികസന പദ്ധതികളെ എതിര്‍ക്കുന്നവര്‍ ഉയര്‍ത്തിപ്പിടിക്കുന്നതെന്നറിയുക.
”ജനങ്ങള്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുന്ന തരത്തില്‍ യഥാര്‍ത്ഥ സ്വാതന്ത്ര്യം വികസിതമാകുന്ന പ്രക്രിയയായിരിക്കണം വികസനം” എന്ന് അമര്‍ത്യാസെന്‍ ‘ഡവലപ്പ്‌മെന്റ് ഈസ് ഫ്രീഡം’ എന്ന തന്റെ പുസ്തകത്തില്‍ വികസനത്തെ നിര്‍വ്വചിക്കുന്നുണ്ട്. ജനങ്ങളുടെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒരു പ്രവൃത്തിയെയും ‘വികസനം’ എന്ന് വിശേഷിപ്പിക്കാന്‍ സാധ്യമല്ല. വികസനത്തെ സംബന്ധിച്ച ഏറ്റവും യുക്തിഭദ്രമായ ഈ വാദമുഖങ്ങളെ തിരസ്‌കരിച്ചുകൊണ്ട്, വികസനത്തില്‍ രാഷ്ട്രീയം പാടില്ലെന്ന സാമ്പ്രദായിക കുയുക്തികളെ കൂട്ടിപിടിച്ചുകൊണ്ടാണ് തരൂര്‍ തന്റെ നിലപാട് ഉറപ്പിക്കുന്നത്.
മനുഷ്യന്റെ വിവേചനബുദ്ധിയെ പരിപോഷിപ്പിക്കുന്ന, അവന്റെ ചോദ്യം ചെയ്യാനുള്ള കഴിവിനെ ഉത്തേജിപ്പിക്കുന്ന, അവന്റെ തിരഞ്ഞെടുക്കാനുള്ള അവകാശത്തെ മാനിക്കുന്ന, ലോകത്തുള്ള എല്ലാവിഭാഗം ജനങ്ങളുടെയും പുരോഗതി ലക്ഷ്യമിടുന്ന, മനുഷ്യന്റെയും പ്രകൃതിയുടെയും സുസ്ഥിരതയെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒന്നായിരിക്കണം വികസനം എന്നതാണ് ഇത് സംബന്ധിച്ച പുതിയ കാല ബോദ്ധ്യം. അതിന് കൃത്യവും വ്യക്തവുമായ രാഷ്ട്രീയമുണ്ട്.
വിഴിഞ്ഞം പദ്ധതി അദാനി ഏറ്റെടുക്കുമ്പോള്‍, തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിയപ്പോള്‍ കയ്യടിച്ച് പ്രോത്സാഹിപ്പിച്ച, കോണ്‍ഗ്രസ്സിന്റെ എതിര്‍പ്പിനെ മറികടന്ന് അദാനിയുടെ പ്രത്യേക ക്ഷണമനുസരിച്ച് ഗുജറാത്ത് മുണ്ട്ര തുറമുഖം സന്ദര്‍ശിച്ച ശശി തരൂര്‍, ‘കക്ഷി രാഷ്ട്രീയത്തിനപ്പുറം നില്‍ക്കുന്നയാളെന്ന’ നാട്യത്തില്‍, ആരുടെ താല്‍പ്പര്യങ്ങള്‍ക്കാണ് കുട പിടിക്കുന്നതെന്ന് ജനങ്ങള്‍ക്കറിയാത്തതല്ല.
‘ജനാധിപത്യത്തില്‍ രാഷ്ട്രീയക്കാര്‍ പാവ്‌ലോവിന്റെ നായ്ക്കളാകരുതെന്ന്’ തരൂര്‍ രാഷ്ട്രീയക്കാരെ ഓര്‍മ്മിപ്പിക്കുന്നുണ്ട് തന്റെ ലേഖനത്തില്‍. വികസനമെന്ന് വാക്കുകേള്‍ക്കുമ്പോള്‍ വായില്‍ വെള്ളമൊലിപ്പിച്ച് അദാനിക്കും അംബാനിക്കും ജയ് വിളിക്കുന്ന ശശി തരൂരിനായിരിക്കും അദ്ദേഹം സൂചിപ്പിച്ച പാവ്‌ലോവിന്റെ പട്ടിയുടെ സ്ഥാനം നന്നായി ചേരുകയെന്ന് ഓര്‍ക്കുക.
Read more
വികസനത്തെ സംബന്ധിച്ച, ഒരു നൂറ്റാണ്ടുകാലമായെങ്കിലും തുടര്‍ന്നപോരുന്ന, വ്യവസ്ഥാപിത യുക്തികളെ (conditioned logic) അതേപടി പിന്തുടരുക മാത്രമാണ് ശശി തരൂര്‍ ചെയ്യുന്നതെന്നോര്‍ക്കുക. പാവ്‌ലോവിയന്‍ നായ്ക്കളെപ്പോലെ ‘വികസന’ മണിയടി കേള്‍ക്കുമ്പോള്‍ ഉമിനീരൊലിപ്പിച്ച് വാലാട്ടി നില്‍ക്കാന്‍ തരൂരാദികളെ പ്രേരിപ്പിക്കുന്നതും ഈ conditioned logic തന്നെയാണ്.