ഏറെ കോളിളക്കം ഉണ്ടാക്കിയ നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം. പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ എത്തിയിട്ടുണ്ട്. എറണാകുളം പ്രിന്‍സിപ്പൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുന്നത്. വിധി പ്രഖ്യാപിക്കുന്ന ജഡ്ജി ഹണി എം വര്‍ഗീസ് കോടതിയിലെത്തി. അതിവേഗം വിചാരണ തീര്‍ക്കണമെന്ന് സുപ്രീം കോടതി പറഞ്ഞ കേസില്‍ സംഭവംനടന്ന് എട്ടുവര്‍ഷത്തിനുശേഷമാണ് വിധി പറയുന്നത്.
കേസിലെ എട്ടാം പ്രതിയായ ദിലീപ് തന്‍റെ അഭിഭാഷകനായ അഡ്വ. രാമൻപിള്ളയുടെ ഓഫീസിലാണ് ആദ്യമെത്തിയത്. തുടര്‍ന്ന് ഓഫീസിൽ നിന്ന് അഭിഭാഷകര്‍ക്കൊപ്പം കോടതിയിലേക്ക് പോവുകയായിരുന്നു. അഡ്വ. രാമൻപിള്ളയുടെ ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ ദിലീപിൽ നിന്ന് മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും ഒന്നും പറഞ്ഞില്ല. തുടര്‍ന്ന് അഭിഭാഷകര്‍ക്കൊപ്പം ദിലീപ് കോടതിയിൽ പ്രവേശിക്കുകയായിരുന്നു.
അതിജീവിതയുടെ അഭിഭാഷക ടിബി മിനിയും കോടതിയിലെത്തി. കേസിലെ പത്തു പ്രതികളും കോടതിയിൽ നേരിട്ടെത്തണം. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ളവരും അഭിഭാഷകര്‍ക്കൊപ്പം കോടതിയിലെത്തി. പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ചാര്‍ലി തോമസും കേസിലെ പ്രതിയായ വടിവാള്‍ സലീം എന്ന സലീമും കോടതിയിലെത്തി. പ്രോസിക്യൂട്ടര്‍ അടക്കമുള്ള അഭിഭാഷകരും കോടതിക്കുള്ളിലെത്തി.







