നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

നടിയെ ആക്രമിച്ച കേസിൽ വിധിപ്രസ്താവം തുടരുന്നു. ബലാത്സംഗം തെളിഞ്ഞതായി കോടതി കണ്ടെത്തി. പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ ആണെന്ന് കോടതി അറിയിച്ചു. ഏഴാം പ്രതിയും എട്ടാം പ്രതിയും കുറ്റവിമുക്തർ. ഗൂഢാലോചനയിലും ബാലസംഗത്തിലും ദിലീപിന് പങ്കില്ലെന്ന് കോടതി കണ്ടെത്തി. ഏഴാം പ്രതി ശരത്തിനും കേസിൽ പങ്കില്ലെന്ന് കണ്ടെത്തിയതിനാൽ ഇയാളെ കുറ്റവിമുക്തനാക്കി.

രാജ്യം ഉറ്റുനോക്കുന്ന നടിയെ ആക്രമിച്ച കേസിലാണിപ്പോള്‍ അന്തിമ വിധി വന്നിരിക്കുന്നത്. കേസിലെ വിചാരണക്കിടെ 28 സാക്ഷികളാണ് കേസില്‍ കൂറുമാറിയത്. 2017 ഫെബ്രുവരിയിലാണ് കൊച്ചിയിൽ വെച്ച് ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ നടി ക്രൂരമായി ആക്രമിക്കപ്പെടുന്നത്. കേസിൽ നേരത്തെ ജയിലിലായിരുന്ന ദിലീപും പള്‍സര്‍ സുനിയുമടക്കമുള്ള പ്രതികള്‍ ജാമ്യത്തിൽ പുറത്തിറങ്ങുകയായിരുന്നു.

2017 ജൂലൈ പത്തിനാണ് കേസിൽ നടൻ ദിലീപ് പിടിയിലാകുന്നത്. 2017 ഒക്ടോബറിൽ 85 ദിവസത്തിനുശേഷമാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. 2017 ഫെബ്രുവരിയിൽ അറസ്റ്റിലായ ഒന്നാം പ്രതി പള്‍സര്‍ സുനി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് സുപ്രീം കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നത്.

2019ലാണ് കേസിലെ വിചാരണ നടപടികളാരംഭിക്കുന്നത്. 261 സാക്ഷികളെയാണ് വിസ്തരിച്ചത്. 1700 രേഖകളാണ് കോടതി പരിഗണിച്ചത്. കേസിലെ മൂന്നു പ്രതികളെ മാപ്പു സാക്ഷികളാക്കി. പൊലീസ് ഉദ്യോസ്ഥനായ അനീഷ്, വിപിൻ ലാൽ, വിഷ്ണു എന്നിവരെയാണ് മാപ്പു സാക്ഷികളാക്കിയത്. കേസിലെ രണ്ടു പ്രതികളായ അഭിഭാഷകൻ രാജു ജോസപ്, അഭിഭാഷകൻ പ്രതീഷ് ചാക്കോ എന്നിവരെ ജില്ലാ കോടതി വിട്ടയച്ചിരുന്നു.

Read more