"രാജ്യം സാമ്പത്തിക തകര്‍ച്ചയെ നേരിടുമ്പോള്‍, പരിഹസിക്കാനല്ലാതെ മന്‍മോഹന്‍ സിംഗിനെ വീണ്ടുമൊന്ന് ഓർക്കണം"

 

ഹരി മോഹൻ

1) “”ഒരു ദുര്‍ബലനായ പ്രധാനമന്ത്രിയായിരുന്നു ഞാനെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല. അതു ചരിത്രകാരന്മാര്‍ തീരുമാനിക്കട്ടെ. ബി.ജെ.പിക്കും അവരുടെ സഖ്യകക്ഷികള്‍ക്കും ഇഷ്ടമുള്ളതു പറയാം. അഹമ്മദാബാദിലെ തെരുവുകളില്‍ നിരപരാധികളായ ജനങ്ങളെ കൂട്ടക്കൊല ചെയ്തതിനു കാര്‍മികത്വം വഹിച്ചതാണു ശക്തനായ പ്രധാനമന്ത്രി എന്നതുകൊണ്ടു നിങ്ങള്‍ അര്‍ഥമാക്കുന്നതെങ്കില്‍, കരുത്തിന്റെ അളവുകോല്‍ അതാണെങ്കില്‍, ഈ രാജ്യത്തിന് അത്തരത്തില്‍ ഒരു കരുത്ത് വേണമെന്നു ഞാന്‍ വിശ്വസിക്കുന്നില്ല. നരേന്ദ്രമോദി പ്രധാനമന്ത്രിയാകുന്നതു രാജ്യത്തിന്റെ ദുരന്തമായിരിക്കും. മാധ്യമങ്ങളേക്കാള്‍ കൂടുതല്‍, ചരിത്രം എന്നോടു ദയ കാണിക്കും.””

2) “”നോട്ടുനിരോധനം രാജ്യത്തെ കാര്‍ഷിക മേഖലയെ സാരമായി ബാധിക്കും. ചെറുകിട വ്യവസായങ്ങളെ പ്രതിസന്ധിയിലാഴ്ത്തും. ഗ്രാമീണ മേഖലയിലെ പണമിടപാടുകളെ തളര്‍ത്തും. ഇതുമൂലം നമ്മുടെ ജി.ഡി.പിയില്‍ 2 ശതമാനത്തിന്റെയെങ്കിലും ഇടിവുണ്ടാവും. ഇതൊട്ടും കൂടിയ ഒരു കണക്കല്ല, കുറഞ്ഞ കണക്കാണ്.””

ആദ്യത്തേതു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് 2014-ല്‍ “ദ ഹിന്ദു”വിനു നല്‍കിയ അഭിമുഖത്തിലേതാണ്. രണ്ടാമത്തേത് മന്‍മോഹന്‍ സിങ്, മോദി നോട്ടുനിരോധനം പ്രഖ്യാപിച്ച് 16-ാം ദിവസം രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തില്‍ നിന്നുള്ളതാണ്.
അഭിമുഖം കഴിഞ്ഞ് ആറുവര്‍ഷമായി. രാജ്യസഭയിലെ പ്രസംഗം കഴിഞ്ഞു നാലുവര്‍ഷവും.

ഇന്ത്യയുടെ “ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററി”നെ ഓര്‍മ വന്നത് രണ്ടു കാര്യങ്ങള്‍ കണ്ടതുകൊണ്ടാണ്. ഒന്ന്, ഇന്ത്യയുടെ ജി.ഡി.പി ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്കു നീങ്ങിയതു കണ്ടപ്പോള്‍ (ഇടിവുണ്ടായത് 23.9 ശതമാനം). രണ്ട്, മാധ്യമപ്രവര്‍ത്തക സാഗരിക ഘോഷിന്റെ ഒരു ലേഖനം വായിച്ചപ്പോള്‍. പ്രണബ് മുഖര്‍ജിയേക്കാള്‍ ഭാരതരത്‌നത്തിനു യോഗ്യന്‍ മന്‍മോഹനായിരുന്നു എന്നതാണ് സാഗരികയുടെ വാദം.

ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഗോഡ്‌സെയ്ക്കു വരെ മോദി കൊടുക്കുമായിരുന്ന ഭാരതരത്‌നം വിടാം. പക്ഷേ രാജ്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തകര്‍ച്ചയെ അഭിമുഖീകരിക്കുമ്പോള്‍ മന്‍മോഹന്‍ സിങ്ങെന്ന പ്രധാനമന്ത്രിയെയും ഡോ. മന്‍മോഹന്‍ സിങ്ങെന്ന ധനമന്ത്രിയെയും വീണ്ടുമൊന്നു നോക്കണം. ഇക്കുറിയെങ്കിലും അതു മൗനിബാബയെന്നു വിളിച്ചു പരിഹസിക്കാനാവരുത് അത്.

വര്‍ഷം 1991. ഇന്ത്യ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സമയം. വിദേശകടം ജി.ഡി.പിയുടെ 23 ശതമാനമായി. ജി.ഡി.പിയുടെ 55 ശതമാനത്തോളമെത്തി നില്‍ക്കുന്ന ആഭ്യന്തരകടവും. തൊഴിലില്ലായ്മ ഭീകരമായ അവസ്ഥയിലേക്കു പോകുന്നു. നിര്‍മാണ മേഖല മാന്ദ്യത്തിലേക്കു കൂപ്പുകുത്തി. ധനക്കമ്മി 8 ശതമാനം. കറന്റ് അക്കൗണ്ട് കമ്മി 2.5 ശതമാനവും. പണപ്പെരുപ്പം കൈവിട്ട അവസ്ഥയില്‍. മുന്‍ വര്‍ഷത്തേതിന്റെ പാതിയെക്കാള്‍ കുറഞ്ഞുനില്‍ക്കുന്ന വിദേശനാണ്യ ശേഖരം. ചുരുക്കത്തില്‍, തകരാന്‍ ബാക്കിയൊന്നുമില്ലാതെ നില്‍ക്കുന്ന, കഴുക്കോല്‍ ഊരിവില്‍ക്കേണ്ടുന്ന അവസ്ഥ. ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ അതികായന്മാരുടെ പട്ടികയിലൊന്നും ഇടമില്ലാതിരുന്ന ഒരു മനുഷ്യന്‍ അക്കൊല്ലം ബജറ്റവതരിപ്പിക്കുകയാണ്. അയാളിങ്ങനെ പറഞ്ഞു- “”എനിക്കു മുന്നിലുള്ള വെല്ലുവിളികളെ കുറച്ചുകാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നമ്മുടെ പ്രയാണം ക്ലേശകരമാണ്, സുദീര്‍ഘമാണ്. എന്നാല്‍ വിക്ടര്‍ ഹ്യൂഗോ ഒരിക്കല്‍ പറഞ്ഞത് ഓര്‍ത്തുപോവുകയാണ്. ഈ ഭൂമിയിലേക്കു പിറന്നുവീഴാന്‍ കാലമായ ഒരാശയത്തെയും തടഞ്ഞുനിര്‍ത്താന്‍ ആര്‍ക്കുമാവില്ല.””

അതിഗംഭീരമായ ഉച്ഛാരണത്തില്‍, അതിലും കനമുള്ള ശബ്ദത്തില്‍ സംസാരിക്കേണ്ടുന്ന വാക്കുകള്‍. പക്ഷേ തണുത്തുറഞ്ഞ പോലൊരു ശബ്ദത്തില്‍, നിര്‍വികാരത നിറഞ്ഞുനിന്ന ഒരു മുഖത്തുനിന്നാണ് ഇതു വന്നത്. പക്ഷേ വിക്ടര്‍ ഹ്യൂഗോ പറഞ്ഞതുപോലെ സംഭവിച്ചു. പിറന്നുവീഴാന്‍ കാലമായിട്ടാവണം, ഉദാരീകരണം ഇന്ത്യയിലേക്കെത്തുന്നതു തടയാന്‍ ആര്‍ക്കുമാകാതിരുന്നത്. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ചെറുതായെങ്കിലും മുന്നോട്ടു ചലിപ്പിക്കാന്‍ റാവു കൊണ്ടുവന്ന മന്‍മോഹന്‍ സിങ് എന്ന ധനമന്ത്രി, സ്ഥാനമേറ്റെടുത്ത് ഒരുമാസത്തിനുള്ളില്‍ അവതരിപ്പിച്ച ബജറ്റില്‍ ഉദാരീകരണം പിറന്നു. വിപണികള്‍ ഉദാരവത്കരിച്ച്, പ്രത്യാഘാതങ്ങള്‍ക്കു മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തി, ലൈസന്‍സ് രാജിന് അറുതിവരുത്തിയ സാമ്പത്തിക ശാസ്ത്രജ്ഞന്‍. അതോടെ രൂപയുടെ മൂല്യം കുറച്ച് അന്താരാഷ്ട്ര വ്യാപാര വിനിമയം മെച്ചപ്പെടുത്താനായി. റിസര്‍വ്ബാങ്കിന്റെ പക്കലുണ്ടായിരുന്ന സ്വര്‍ണ്ണശേഖരത്തിന്റെ ഒരു ഭാഗം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നാല് ബ്രാഞ്ചുകളിലായി പണയം വെച്ചുകൊണ്ട് അത്യാവശ്യം വേണ്ട കരുതല്‍ധനം സംഭരിച്ചു. ഇന്ത്യന്‍ മൂലധനവിപണിയിലേക്ക് ആദ്യമായി വിദേശ നിക്ഷേപങ്ങളെ ക്ഷണിക്കുന്ന രീതിയിലുള്ള നയപരിഷ്‌കാരം നടപ്പാക്കി. ഇറക്കുമതിയെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ ലൈസന്‍സിങ്ങ് സംവിധാനത്തില്‍ ഉടച്ചുവാര്‍ക്കലുകള്‍ നടത്തി. സെബിക്ക് ഇന്ത്യന്‍ ഓഹരി വിപണിയുടെ സമ്പൂര്‍ണ്ണ നിയന്ത്രണം കൈമാറി. അടിയന്തര പ്രശ്‌നങ്ങള്‍ക്ക് പണം കണ്ടെത്താന്‍ അന്താരാഷ്ട്ര നാണ്യനിധിയില്‍ നിന്ന് കടമെടുത്തു. ദയനീയമായൊരു കൂപ്പുകുത്തലില്‍ നിന്ന് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ പിടിച്ചുനിര്‍ത്തിയത് ഇവിടെയാണ്, ഇയാളാണ്.

“Sonia Appointee” എന്ന ബ്രാന്‍ഡ് മന്‍മോഹനു ചാര്‍ത്തിക്കിട്ടിയത് 2004-ലാണല്ലോ. ഇലക്ടറല്‍ പൊളിറ്റിക്‌സില്‍ പരിചയമില്ലാത്ത മന്‍മോഹന്‍ സിങ് ഇന്ത്യയുടെ പ്രധാനമന്ത്രിയായി. ഒരുവട്ടം പോലും ജനങ്ങളുടെ വോട്ടുകൊണ്ട് നിയമസഭയിലോ പാര്‍ലമെന്റിലെത്താത്ത പ്രധാനമന്ത്രിയെന്നു പലരും പരിഹസിച്ചു. പക്ഷേ ശ്രദ്ധിക്കുക. 2006-2016 കാലത്തെ കണക്കാണ്. അതായത് സിങ് പ്രധാനമന്ത്രിയായിരുന്ന കാലവും ആ പദവിയില്‍ നിന്നിറങ്ങി രണ്ടുവര്‍ഷത്തിനുള്ളിലെ തന്നെയും കണക്കാണ്. ഇന്ത്യ 27.1 കോടിയാളുകളെ ദാരിദ്ര്യത്തില്‍ നിന്നു മോചിപ്പിച്ചുവെന്നാണു കണക്ക്. ഐക്യരാഷ്ട്ര സഭയുടേതാണ് ഈ കണക്ക്. അതിനായി തൊഴിലുറപ്പ് പോലുള്ള പദ്ധതികളുടെ ജനനവും മന്‍മോഹന്റെ കാലത്താണ്.

ഭരണകാലയളവില്‍ അഴിമതിയാരോപണങ്ങള്‍ രണ്ടാം യു.പി.എ സര്‍ക്കാരിനെ ബാധിച്ചതു പ്രത്യേകം പറയേണ്ടല്ലോ. പക്ഷേ ഹീനമായ തന്ത്രങ്ങളില്‍ തത്പരരായ എതിരാളികള്‍ പോലും പ്രധാനമന്ത്രിയെ ടാര്‍ഗറ്റ് ചെയ്തിട്ടുണ്ടോ? വ്യക്തിപരമായി അദ്ദേഹം ഇതുവരെ ആരോപണ വിധേയനായിട്ടില്ല. തന്റെ കുടുംബത്തെ പോലും അദ്ദേഹം തന്റെ രാഷ്ട്രീയ ജീവിതത്തില്‍ നിന്നു മാറ്റിനിര്‍ത്തിയിരുന്നു അക്കാലത്ത്.

അതിനുംമുന്‍പും അങ്ങനെതന്നെയാണ്. ഇന്ത്യയിലെ ധനമന്ത്രിമാര്‍ സ്ഥിരമായി കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി നിലകൊള്ളുന്നുവെന്ന ആരോപണം സ്ഥിരമായി ഉയരാറുണ്ട്. ഇതുവരെ റാവു മന്ത്രിസഭയിലെ ധനവകുപ്പ് കൈകാര്യം ചെയ്ത മന്‍മോഹന്‍ സിങ്ങിന്റെ പേരും ക്രോണി കാപ്പിറ്റലിസവും കൂട്ടിച്ചേര്‍ത്ത് ഇന്നുവരെ ആരോപണം ഉയര്‍ന്നിട്ടുള്ളതായി അറിവില്ല.

ഏറ്റവുമൊടുവില്‍ ലോക്ഡൗണ്‍ കാലത്തുപോലും മന്‍മോഹന്‍ സിങ്ങിലെ സാമ്പത്തിക ശാസ്ത്രജ്ഞന്‍ സജീവമായിരുന്നു. സമ്പദ് വ്യവസ്ഥയെ താങ്ങിനിര്‍ത്താന്‍ മൂന്ന് ആശയങ്ങള്‍ അദ്ദേഹം മുന്നോട്ടുവെച്ചു.

1) നേരിട്ടുള്ള ധനസഹായത്തിലൂടെ, ജനങ്ങളുടെ ചെലവിടല്‍ ശേഷി സര്‍ക്കാര്‍ ഉറപ്പുവരുത്തണം.
2) സര്‍ക്കാര്‍ പിന്തുണയുള്ള ക്രെഡിറ്റ്പദ്ധതികള്‍ വഴി വ്യവസായങ്ങള്‍ക്ക് അനുയോജ്യമായ മൂലധനം ഒരുക്കണം.
3) സാമ്പത്തിക സ്ഥാപനങ്ങളുടെ സ്വയംഭരണം അടക്കമുള്ള പ്രക്രിയകളിലൂടെയും രാജ്യത്തെ സാമ്പത്തിക മേഖലയെ കരകയറ്റണം.

ഇതിനേക്കാള്‍ മികച്ചതു പാത്രം കൊട്ടലും ടോര്‍ച്ചടിക്കലുമായതിനാല്‍ ശ്രദ്ധ കിട്ടിയില്ല. ബി.ജെ.പിയേക്കാള്‍ നമ്മളില്‍ ഭൂരിപക്ഷത്തിനും അയാളപ്പോഴും ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററായിരുന്നു, മൗനിബാബയായിരുന്നു. സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയെക്കുറിച്ചും ജി.ഡി.പിയുടെ ഇടിവിനെക്കുറിച്ചും ഇപ്പോള്‍ നമ്മള്‍ സംസാരിക്കുമ്പോഴൊക്കെ അയാള്‍ പതിവുശൈലിയില്‍ പുഞ്ചിരിക്കുന്നുണ്ടാവും.

(ലേഖകൻ ഏഷ്യൻ ന്യൂസ് ഇന്റർനാഷണലിൽ (ANI) റിപ്പോർട്ടറാണ്)