‘ബംഗ്ലദേശി’ എന്ന വർഗ്ഗീകരണം: ഭരണഘടനയും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമവും നേരിടുന്ന ജനക്കൂട്ട ശിക്ഷ

ഭാഷയും മതവും വേഷവും നോക്കി മനുഷ്യരെബംഗ്ലദേശിയായി മുദ്രകുത്തി ശിക്ഷിക്കുന്ന സാമൂഹിക പ്രവണത ഇന്ത്യയുടെ ഭരണഘടനയെയും അന്താരാഷ്ട്ര മനുഷ്യാവകാശ ബാധ്യതകളെയും എങ്ങനെ ലംഘിക്കുന്നു എന്നതിന്റെ രാഷ്ട്രീയനിയമപരമായ വിശകലനം.

ഇന്ത്യയിൽ കുടിയേറ്റത്തെക്കുറിച്ചുള്ള പൊതുചർച്ചകൾ ഇന്ന് നിയമപരമായ ചട്ടക്കൂടിൽ നിന്നു മാറി സാമൂഹിക ശിക്ഷയുടെ ഭാഷയിലേക്കാണ് വഴിമാറിയിരിക്കുന്നത്. ‘ബംഗ്ലദേശി’ എന്ന പദം ഒരു ഭരണകൂട പൗരത്വ വർഗ്ഗീകരണമല്ലാതെ, ഭാഷയും മതവും വേഷവും ശരീരവും അടിസ്ഥാനമാക്കി മനുഷ്യരെ സംശയാസ്പദരാക്കുന്ന ഒരു സാമൂഹിക മുദ്രയായി പ്രവർത്തിക്കുന്നു. ഈ മുദ്രവൽക്കരണം രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിരപരാധികളുടെ കൊലപാതകങ്ങളിലേക്കും അനധികൃത പുഷ്‌ബാക്കുകളിലേക്കും നയിച്ചിട്ടുണ്ട്. കേരളത്തിൽ ഛത്തീസ്ഗഢിൽ നിന്നെത്തിയ ഒരു തൊഴിലാളിയെ ജനക്കൂട്ടം കൊലപ്പെടുത്തിയ സംഭവം, ഈ പ്രവണത എത്രമാത്രം സ്ഥാപനീകൃതമായ വെറുപ്പായി മാറിയെന്നതിന്റെ തെളിവാണ്.

ബംഗാളി ഭാഷ സംസാരിക്കുന്നതോ, മുസ്ലിം മതാചാരങ്ങൾ പാലിക്കുന്നതോ, ദരിദ്രമായ വസ്ത്രധാരണങ്ങളോ ഒരാളെ ‘ബംഗ്ലദേശി’യാക്കുന്ന നിയമപരമായ മാനദണ്ഡങ്ങളല്ല. എന്നിരുന്നാലും, സാമൂഹിക ബോധത്തിൽ ഇവയെല്ലാം അപകടകരമായ ഷോർട്ട്‌കട്ടുകളായി മാറിയിരിക്കുന്നു. ഇത് തെറ്റായ തിരിച്ചറിയൽ മാത്രമല്ല; അത് ഭരണഘടനാപരമായ അവകാശങ്ങളെയും അന്താരാഷ്ട്ര മനുഷ്യാവകാശ ബാധ്യതകളെയും ഒരുമിച്ച് റദ്ദാക്കുന്ന പ്രവൃത്തിയാണ്.

ചരിത്രപരമായി, ഇന്നത്തെ ബംഗ്ലദേശ് 1947 വരെ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്നു. വിഭജനാനന്തര കാലഘട്ടത്തിൽ നടന്ന കൂട്ടപ്പലായനങ്ങളാണ് ഇന്നത്തെ കുടിയേറ്റ ചർച്ചകളുടെ അടിത്തറ. ഈ പശ്ചാത്തലത്തിലാണ് അസം ആന്ദോളനവും തുടർന്ന് ഉണ്ടായ അസം അക്കോർഡും (1985) പ്രസക്തമാകുന്നത്. അസം അക്കോർഡ് അനുസരിച്ച് 1966 ജനുവരി ഒന്നിന് മുൻപ് ഇന്ത്യയിലെത്തിയവർ ഇന്ത്യൻ പൗരന്മാരാണ്; 1966 മുതൽ 1971 മാർച്ച് 24 വരെ എത്തിയവർക്ക് നിശ്ചിത കാലയളവിന് ശേഷം പൗരത്വം നൽകേണ്ടതുണ്ട്. ഇത് ഒരു രാഷ്ട്രീയപരമായ  concession അല്ല, നിയമപരമായ അംഗീകാരമാണ്.

അസമിൽ നടത്തിയ നാഷണൽ രജിസ്റ്റർ ഓഫ് സിറ്റിസൺസ് (NRC) പ്രക്രിയ, രേഖകളെ പൗരത്വത്തിന്റെ ഏക മാനദണ്ഡമാക്കുന്ന സമീപനത്തിന്റെ ഗുരുതര പരിമിതികൾ തുറന്നുകാട്ടി. NRCയിൽ നിന്ന് ഒഴിവാക്കപ്പെട്ട 19 ലക്ഷത്തിലധികം പേരിൽ ഭൂരിഭാഗവും മുസ്ലിംകളല്ല. സുപ്രീംകോടതി ആവർത്തിച്ച് വ്യക്തമാക്കിയതുപോലെ, NRCയിൽ പേര് ഇല്ല എന്നതിന്റെ പേരിൽ ഒരാളെ വിദേശിയാക്കാൻ കഴിയില്ല; Foreigners Tribunals വഴി കർശനമായ നിയമപ്രക്രിയകൾ പാലിച്ചായിരിക്കണം അത്തരം പ്രഖ്യാപനം.

ഇവിടെ ഭരണഘടനയ്‌ക്കൊപ്പം ഇന്ത്യ ഏറ്റെടുത്ത അന്താരാഷ്ട്ര ബാധ്യതകളും നിർണ്ണായകമാണ്. Universal Declaration of Human Rights (UDHR) Article 3 ജീവിക്കാനുള്ള അവകാശം ഉറപ്പുനൽകുന്നു; Article 7 നിയമത്തിനു മുമ്പിലുള്ള സമത്വം പ്രഖ്യാപിക്കുന്നു. International Covenant on Civil and Political Rights (ICCPR)  ഇന്ത്യ അംഗീകരിച്ച കരാർ  Article 6-ൽ ജീവനും Article 9-ൽ സ്വാതന്ത്ര്യവും Article 13-ൽ വിദേശികളെ പുറത്താക്കുന്ന നടപടികൾ നിയമപരവും നീതിപൂർവവുമായിരിക്കണം എന്നതും വ്യക്തമാക്കുന്നു. ഇവയൊന്നും പൗരന്മാർക്ക് മാത്രമായി പരിമിതമല്ല; രാജ്യത്തിന്റെ ഭൗമപരിധിക്കുള്ളിലെ എല്ലാ വ്യക്തികൾക്കും ബാധകമാണ്.

കൂടുതൽ നിർണായകമായത് non-refoulement എന്ന അന്താരാഷ്ട്ര നിയമതത്വമാണ്. പീഡനം, ക്രൂരത, ജീവന് ഭീഷണി എന്നിവ നേരിടാൻ സാധ്യതയുള്ള സ്ഥലങ്ങളിലേക്ക് ഒരാളെ ബലമായി തിരിച്ചയക്കരുതെന്നതാണ് ഈ തത്വത്തിന്റെ ഉള്ളടക്കം. ഇന്ത്യ 1951 Refugee Convention-ൽ ഒപ്പുവച്ചിട്ടില്ലെങ്കിലും, non-refoulement ഇന്ന് customary international law ആയി കണക്കാക്കപ്പെടുന്നു. അതിനാൽ അനൗപചാരിക പുഷ്‌ബാക്കുകളും ബലപ്രയോഗമുള്ള തിരിച്ചയക്കലുകളും അന്താരാഷ്ട്ര നിയമ ലംഘനങ്ങളാണ്.

ഗർഭിണിയായ സുനാലി ഖാത്തുമിനെ ബംഗ്ലദേശിലേക്ക് ബലമായി തിരിച്ചയച്ച സംഭവം ഈ ലംഘനത്തിന്റെ വ്യക്തമായ ഉദാഹരണമാണ്. നിയമപോരാട്ടത്തിലൂടെ അവർ തിരിച്ചെത്തിയെങ്കിലും, അവരുടെ കുടുംബത്തിലെ മറ്റ് അംഗങ്ങൾ ഇന്നും നിയമപരമായ അനിശ്ചിതത്വത്തിലാണ്. ഇത് ഒരു ഒറ്റപ്പെട്ട സംഭവം അല്ല; മനുഷ്യാവകാശങ്ങളെ സുരക്ഷാ പ്രശ്നമായി ചുരുക്കുന്ന ഒരു ഭരണരീതിയുടെ സൂചനയാണ്.

ബംഗ്ലദേശ് അതിർത്തിയുടെ സംരക്ഷണം Border Security Force-ന്റെ ചുമതലയാണ്. കുടിയേറ്റം നടക്കുന്നു എന്ന ആരോപണം ശരിയെങ്കിൽ, അതിന്റെ പ്രാഥമിക ഉത്തരവാദിത്വം അതിർത്തി സംരക്ഷണ സംവിധാനങ്ങൾക്കാണ്. അതിന്റെ പരാജയം ദരിദ്ര തൊഴിലാളികളുടെ മേൽ ചുമത്തുന്നത് ഭരണഘടനാപരവും അന്താരാഷ്ട്ര നിയമപരവും ആയ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറലാണ്.

അസം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ബംഗാളി സംസാരിക്കുന്ന മുസ്ലിംകളെ ‘മിയ മുസ്ലിംകൾ’ എന്ന പേരിൽ ലക്ഷ്യമിടുന്ന വിവേചനം, യഥാർത്ഥ സാമൂഹിക–സാംസ്‌കാരിക ആശങ്കകളെ വംശീയ വെറുപ്പായി മാറ്റിയ രാഷ്ട്രീയത്തിന്റെ ഫലമാണ്. ഈ ആശങ്കകൾ ഫെഡറൽ ഭരണഘടനാ രാഷ്ട്രീയത്തിലൂടെയും ഭൂമി ഭാഷാ അവകാശങ്ങളുടെ സംരക്ഷണത്തിലൂടെയുമാണ് പരിഹരിക്കേണ്ടത് ജനക്കൂട്ട ശിക്ഷയിലൂടെയല്ല.

Article 14, 19, 21 എന്നിവ ഉറപ്പുനൽകുന്ന അവകാശങ്ങൾക്കും UDHR, ICCPR എന്നിവ ഉറപ്പുനൽകുന്ന മനുഷ്യാവകാശങ്ങൾക്കും തെരുവ് വോട്ടോ റദ്ദാക്കാൻ കഴിയില്ല. ഒരാളെ വിദേശിയെന്ന് പ്രഖ്യാപിക്കാനുള്ള അധികാരം നിയമത്തിനും കോടതികൾക്കുമാണ്. ആ അധികാരം ജനക്കൂട്ടങ്ങൾ കൈയേറുന്ന നിമിഷമാണ് ഒരു രാജ്യം ഭരണഘടനാപരമായ റിപ്പബ്ലിക്കായി നിലനിൽക്കുന്നത് അവസാനിക്കുന്നത്.

‘ബംഗ്ലദേശി’ എന്ന വർഗ്ഗീകരണം ഇന്ന് ഇന്ത്യയിൽ നിയമപരമായ ഒരു കാറ്റഗറിയല്ല; അത് വിചാരണയില്ലാത്ത ശിക്ഷയാണ്. കുടിയേറ്റം ഒരു കുറ്റകൃത്യമല്ല; പീഡനവും ദാരിദ്ര്യവും മനുഷ്യരെ അതിർത്തികൾ കടക്കാൻ നിർബന്ധിക്കുന്ന ഒരു ചരിത്ര യാഥാർത്ഥ്യമാണ്. അത് ഭരണഘടനയുടെയും അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന്റെയും ചട്ടക്കൂടിനുള്ളിൽ കൈകാര്യം ചെയ്യാൻ കഴിയാത്ത ഒരു രാഷ്ട്രം, ഒടുവിൽ സ്വന്തം നിയമാധിപത്യത്തെയും മനുഷ്യാവകാശ പ്രതിബദ്ധതകളെയും തന്നെയാണ് തകർക്കുന്നത്.

Read more

ഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അതിർത്തിക്കപ്പുറത്ത് നിന്നല്ല  നിയമവും മനുഷ്യാവകാശവും തമ്മിലുള്ള ഈ അപകടകരമായ വേർപിരിയലിലാണ്.Article 14 സമത്വം ഉറപ്പുനൽകുമ്പോൾ, Article 19 സ്വതന്ത്ര സഞ്ചാരവും Article 21 ജീവനും വ്യക്തിസ്വാതന്ത്ര്യവും ഉറപ്പുനൽകുന്നു. ഈ മൂന്നു അവകാശങ്ങളും ഒരുമിച്ച് തെരുവിൽ സസ്പെൻഡ് ചെയ്യപ്പെടുന്ന നിമിഷമാണ് ‘ബംഗ്ലദേശി’ എന്ന മുദ്ര ഭരണകൂട വർഗ്ഗീകരണമല്ലാതെ ജനക്കൂട്ട ശിക്ഷയായി മാറുന്നത്. ഒരാളെ വിദേശിയെന്ന് പ്രഖ്യാപിക്കാനുള്ള അധികാരം നിയമത്തിനും കോടതികൾക്കുമാണ്; അത് ജനക്കൂട്ടങ്ങൾ കൈയേറുന്നിടത്ത് ഇന്ത്യ ഭരണഘടനാപരമായ റിപ്പബ്ലിക്കാകുന്നത് അവസാനിക്കുന്നു. അതിർത്തി കാക്കാൻ പരാജയപ്പെട്ട ഭരണകൂടം തന്റെ വീഴ്ച ദരിദ്ര ശരീരങ്ങളിൽ എഴുതുമ്പോൾ, അത് ദേശസുരക്ഷയല്ല നിയമാധിപത്യത്തിന്റെ തുറന്ന തകർച്ചയാണ്. Article 21 ലംഘിച്ച് നടക്കുന്ന ഓരോ കൊലപാതകവും ഇന്ത്യയുടെ ഭരണഘടനാ പ്രതിജ്ഞയുടെ ശവക്കല്ലായി മാറുകയാണ്.