വിംബിള്‍ഡണ്‍ ഉപേക്ഷിച്ചതോടെ സംഘാടകര്‍ കൊയ്യുക 1000 കോടി, ഐപിഎല്ലിന് വട്ടപൂജ്യം, കനത്ത തിരിച്ചടി

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന പ്രധാന ടെന്നിസ് ടൂര്‍ണമെന്റായ വിംബിള്‍ഡന്‍ റദ്ദാക്കിയതോടെ സംഘാടകര്‍ക്ക് കോളടിച്ചു. ഇന്‍ഷുറന്‍സ് തുകയായി 141 ദശലക്ഷം യുഎസ് ഡോളര്‍ ആണ് (ഏതാണ്ട് 1075 കോടി രൂപ) വെറുതെ ലഭിക്കുക.

പകര്‍ച്ചവ്യാധി ഇന്‍ഷുറന്‍സ് തുകയെന്ന നിലയിലാണ് ഇത്രയധികം രൂപ വിംബിള്‍ഡന്‍ സംഘാടകര്‍ക്കു ലഭിക്കുക. വിംബിള്‍ഡന്‍ സംഘാടകരുടെ ദീര്‍ഘവീക്ഷമാണ് ഇത്തരത്തിലൊരു സൗഭാഗ്യം വിംബിള്‍ഡണിനെ തേടിയെത്തിയത്.

2003ലെ സാര്‍സ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് വിംബിള്‍ഡന്‍ സംഘാടകര്‍ ഇന്‍ഷുറന്‍സ് പരിധിയില്‍ ‘പകര്‍ച്ചവ്യാധി’ കൂടി കൂട്ടിച്ചേര്‍ത്തത്. ആ വര്‍ഷത്തെ വിംബിള്‍ഡന്‍ ടൂര്‍ണമെന്റിനെ സാര്‍സ് ബാധിച്ചില്ലെങ്കിലും ഇത്തരം പ്രതിസന്ധി ഭാവിയിലുണ്ടാക്കിയേക്കാവുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് സംഘാടകരായ ‘ദ ഓള്‍ ഇംഗ്ലണ്ട് ലോണ്‍ ടെന്നിസ് ക്ലബ്’ പകര്‍ച്ചവ്യാധി ഇന്‍ഷുറന്‍സ് പരിരക്ഷ കൂടി ടൂര്‍ണമെന്റിന് നല്‍കിയത്.

എന്നാല്‍ ഇതൊന്നും ടൂര്‍ണമെന്റിന്റെ വരുമാനത്തിന്റെ അടുത്തെത്തില്ല. ഏതാണ്ട് 300 മില്യന്‍ ഡോളറാണ് ഇത്തവണ വരുമാനമായി ലഭിക്കേണ്ടിയിരുന്നതെന്നാണ് ‘ദ ഗാര്‍ഡിയന്‍’ കണക്കാക്കുന്നത്. അതായത് 2280 കോടിയിലധികം രൂപ! ഇന്‍ഷുറന്‍സ് തുകകൊണ്ട് വരുമാന നഷ്ടം നികത്താനാകില്ലെന്ന് അര്‍ഥം.

അതേസമയം, ഐപിഎല്‍ റദ്ദാക്കിയാല്‍ ബിസിസിഐയ്ക്ക് ലഭിക്കുക വട്ടപൂജ്യമായിരിക്കും. കാരണം ഐപിഎല്‍ ഇന്‍ഷുറന്‍സ് പരിധിയിലാണെങ്കിലും യുദ്ധം, ഭീകരവാദം തുടങ്ങിയ കാരണങ്ങള്‍ക്കൊണ്ട് ടൂര്‍ണമെന്റ് റദ്ദാക്കിയാല്‍ മാത്രമേ ഇന്‍ഷുറന്‍സ് ലഭിക്കൂ. ഇത്തവണ ഐപിഎല്‍ റദ്ദാക്കിയാല്‍ ബിസിസിഐയ്ക്കും അനുബന്ധ ടീമുകള്‍ക്കുമെല്ലാം കൂടി ഏതാണ്ട് 3,800 കോടിയിലധികം രൂപ നഷ്ടം വരുമെന്ന കണക്കാക്കുന്നത്.