'ഒളിമ്പിക്സ് മെഡല്‍ സ്വീകരിച്ചപ്പോള്‍ പോലും ഇങ്ങനെ വിറച്ചിട്ടില്ല'; മമ്മൂട്ടിയുടെ സന്ദര്‍ശനത്തെ കുറിച്ച് ശ്രീജേഷ്

നടന്‍ മമ്മൂട്ടി അപ്രതീക്ഷിതമായി വീട്ടിലെത്തിയ ഞെട്ടലില്‍ പി.ആര്‍ ശ്രീജേഷ്. വ്യാഴാഴ്ച രാവിലെയാണ് മമ്മൂട്ടി ശ്രീജേഷിന്റെ കിഴക്കമ്പലം പള്ളിക്കരയിലെ വീട്ടില്‍ നേരിട്ടെത്തി അഭിനന്ദനം അറിയിച്ചത്. ഒളിമ്പിക്സ് മെഡല്‍ സ്വീകരിച്ചപ്പോള്‍ പോലും കൈ ഇങ്ങനെ വിറച്ചിട്ടില്ലെന്നായിരുന്നു മമ്മൂട്ടിയില്‍ നിന്ന് ബൊക്കെ ഏറ്റുവാങ്ങുമ്പോള്‍ ശ്രീജേഷിന്റെ പ്രതികരണം.

‘മമ്മൂക്ക വരുന്ന വിവരം പറഞ്ഞിരുന്നില്ല. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രതിനിധികള്‍ വരുന്നു എന്നാണ് അറിയിച്ചിരുന്നത്. മമ്മുക്കയെ കണ്ടപ്പോള്‍ ശരിക്കും ഞെട്ടി. വീട്ടിനകത്തേക്ക് വന്നപ്പോള്‍ വിശ്വസിക്കാനായില്ല. ടെന്‍ഷന്‍ കൊണ്ട് കൈ ഒക്കെ വിറയ്ക്കുന്നുണ്ടായിരുന്നു’ ശ്രീജേഷ് പറഞ്ഞു.

കഴിഞ്ഞ 5-ാം തിയതി നടന്ന മത്സരത്തിലാണ് ശ്രീജേഷ് ഉള്‍പ്പെടുന്ന ഇന്ത്യന്‍ ഹോക്കി ടീമിനു വെങ്കല മെഡല്‍ ലഭിച്ചത്. വെങ്കല മെഡല്‍ പോരാട്ടത്തില്‍ ജര്‍മ്മനിയെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത ഇന്ത്യന്‍ ടീമിന് പലപ്പോഴും രക്ഷയായത് ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകളായിരുന്നു. ടൂര്‍ണമെന്റിലുടനീളം ശ്രീജേഷിന്റെ ഗോള്‍കീപ്പിംഗ് മികവാണ് പലപ്പോഴും ഇന്ത്യന്‍ ടീമിന് തുണയായത്. ഈ മികവിന്റെ ബലത്തിലായിരുന്നു ഇന്ത്യയുടെ സെമിപ്രവേശം. ഇതില്‍ ബ്രിട്ടനെതിരായ ക്വാര്‍ട്ടര്‍ മത്സരത്തില്‍ എട്ടോളം രക്ഷപ്പെടുത്തലുകളാണ് താരം നടത്തിയത്.