ദ്യുതി ചന്ദിന് സര്‍ക്കാര്‍ ഇതുവരെ നല്‍കിയത് 4.09 കോടി രൂപ; കണക്കുകള്‍ പുറത്ത്

പരിശീലന ചെലവിന് പണം കണ്ടെത്താന്‍ പ്രശസ്ത അത്‌ലറ്റ് ദ്യുതി ചന്ദ് ആഡംബര കാര്‍ വില്‍ക്കുന്നുവെന്ന വാര്‍ത്ത ഏറെ ശ്രദ്ധ നേടിയിരുന്നു. ഈ വാര്‍ത്ത പിന്നീട് വിവാദമായതോടെ ആഡംബര കാര്‍ കൊണ്ടുനടക്കുന്നതിലെ സാമ്പത്തിക ബുദ്ധിമുട്ടു നിമിത്തമാണ് വില്‍ക്കാന്‍ ആലോചിക്കുന്നതെന്നും ദ്യുതി വിശദീകരിച്ചിരുന്നു. ഇപ്പോഴിതാ ദ്യുതിയ്ക്ക് നല്‍കിയ സാമ്പത്തിക സഹായങ്ങളുടെ കണക്ക് പുറത്തു വിട്ടിരിക്കുകയാണ് ഒഡിഷ സര്‍ക്കാര്‍.

കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ദ്യുതിക്ക് നല്‍കിയ സാമ്പത്തിക സഹായങ്ങളാന്ന് ഒഡിഷ സര്‍ക്കാര്‍ വെളിപ്പെടുത്തിയത്. ഇതുപ്രകാരം 2015 മുതല്‍ ഇതുവരെ ദ്യുതിക്ക് 4.09 കോടി രൂപയാണ് ഒഡിഷ സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. 2015-19 കാലയളവില്‍ പരിശീലനത്തിന് സഹായമെന്ന നിലയില്‍ 30 ലക്ഷം രൂപ നല്‍കി. ടോക്കിയോ ഒളിമ്പിക്‌സിനുള്ള ഒരുക്കത്തിനായി 50 ലക്ഷം രൂപ കൂടി രണ്ടു ഗഡുക്കളായി നല്‍കി.

Never expressed it was to fund my training: Dutee Chand clarifies ...

ഒഡിഷ മൈനിംഗ് കോര്‍പറേഷനില്‍ എ ലെവല്‍ ഓഫീസറായി ജോലിയുള്ള ദ്യുതിക്ക് നിലവില്‍ 84604 രൂപയാണ് മാസശമ്പളം. ജോലിസംബന്ധമായ ആവശ്യങ്ങള്‍ക്ക് ഓഫീസില്‍ വരാതിരുന്നാലും ദ്യുതിക്ക് പ്രശ്‌നമില്ല. ഒഡിഷ മൈനിംഗ് കോര്‍പറേഷന്‍ പരിശീലനത്തിനും മറ്റുമായി 29 ലക്ഷം രൂപ ദ്യുതിക്ക് ഇതുവരെ നല്‍കിയിട്ടുണ്ട്. ഒപ്പം ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷനും കേന്ദ്ര കായിക മന്ത്രാലയവും പലതവണ സഹായം നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു.

Dutee Chand: India

എന്നാല്‍ ഒഡീഷ മൈനിംഗ് കോര്‍പറേഷനില്‍ നിന്നുള്ള തന്റെ ശമ്പളം 60,000 രൂപയാണെന്നും വാര്‍ത്തകളില്‍ പറയുന്നതുപോലെ 80,000 രൂപയല്ലെന്നും ദ്യുതി ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. ഒഡിഷ സര്‍ക്കാരും കെഐഐടി സര്‍വകലാശാലയും എക്കാലവും തന്നെ പിന്തുണച്ചിട്ടുണ്ടെന്നും എന്നാല്‍ അതുകൊണ്ടു മാത്രം തന്റെ പരിശീലന ചെലവ് കുറവാണെന്ന് അര്‍ത്ഥമില്ലെന്നും കുറിപ്പില്‍ ദ്യുതി പറഞ്ഞിട്ടുണ്ട്.