ഗോള്‍ഡന്‍ ഗ്ലോബ് റേസ്: ചരിത്രനേട്ടത്തിന് അരികിൽ അഭിലാഷ് ടോമി, മിന്നും കുതിപ്പോടെ ഒന്നാം സ്ഥാനത്ത്

ഗോള്‍ഡന്‍ ഗ്ലോബ് പായവഞ്ചിയോട്ട മത്സരത്തില്‍ പങ്കെടുക്കുന്ന മലയാളി നാവികന്‍ കമാന്‍ഡര്‍ അഭിലാഷ് ടോമി ഒന്നാം സ്ഥാനത്ത്. നേരത്തേ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ദക്ഷിണാഫ്രിക്കന്‍ വനിത കിഴ്സ്റ്റന്‍ നോയ്‌ഷെയ്ഫറിനെയാണ് അഭിലാഷ് പിന്നിലാക്കിയത്. മത്സരത്തിന്റെ ഫിനിഷിംഗ് പോയിന്റായ ഫ്രാന്‍സിലെ ലെ സാബ്ലെ ദെലോനിലേക്ക് അടുക്കവേയാണ് അഭിലാഷിന്റെ ഈ മിന്നല്‍ കുതിപ്പ്.

കിഴ്സ്റ്റന്റെ വഞ്ചിയെക്കാള്‍ 26 നോട്ടിക്കല്‍ മൈല്‍ മുന്നിലാണിപ്പോള്‍ അഭിലാഷുള്ളത്. എന്നാല്‍, മത്സരത്തില്‍ ജേതാവാകണമെങ്കില്‍ അഭിലാഷിന് ഇനിയും ലീഡ് വര്‍ദ്ധിപ്പിക്കേണ്ടതുണ്ട്. മുന്‍പ് അപകടത്തില്‍പെട്ട സഹനാവികനെ രക്ഷപ്പെടുത്തിയതിനു കിഴ്‌സറ്റണ് 24 മണിക്കൂര്‍ അധികസമയത്തിന്റെ ആനുകൂല്യമുണ്ട്. ഫിനിഷിംഗ് പോയിന്റിലേക്ക് അഭിലാഷിന് ഇനി ഏകദേശം 2000 കിലോമീറ്റര്‍ ദൂരം കൂടിയാണു ബാക്കിയുള്ളത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ നാലിന് ആരംഭിച്ച മത്സരം ഇന്നലെ 226 ദിവസം പിന്നിട്ടു. 14 നാവികരുമായി തുടങ്ങിയ മത്സരത്തില്‍ മൂന്ന് പേര്‍ മാത്രമാണ് ശേഷിക്കുന്നത്. മറ്റുള്ളവര്‍ വിവിധ കാരണങ്ങളാല്‍ മത്സരത്തില്‍ നിന്ന് പുറത്തായി.