ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നര്‍ അദ്ദേഹം തന്നെ; ടീമില്‍ കളിപ്പിക്കാന്‍ വഴിയുണ്ടാക്കണമെന്ന് കുംബ്ലൈ

നിലവില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ ആണെന്ന് ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലൈ. രവിചന്ദ്രന്‍ അശ്വിനെ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ ടീം മാനേജ്‌മെന്റ് വഴികള്‍ കണ്ടെത്തണമെന്നും കുംബ്ലൈ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

‘രവിചന്ദ്രന്‍ അശ്വിനാണ് നിലവില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നര്‍ പരിക്ക്മൂലമാണ് കഴിവിനൊത്ത പ്രകടനം പുറത്തെടുക്കാന്‍ ഇടക്ക് കഴിയാതിരുന്നത്. എങ്കിലും ഇന്ത്യയുടെ നമ്പര്‍ വണ്‍ സ്പിന്നറായ അദ്ദേഹം എപ്പോളും ടീമില്‍ വേണം. പ്ലേയിങ് ഇലവനിലും അശ്വിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ടീം മാനേജ്‌മെന്റ് എന്തെങ്കിലും വഴി ഉണ്ടാക്കണം’ എന്നാണ് കുംബ്ലൈയുടെ വാക്കുകള്‍.

കൂടാതെ മികച്ച ബാറ്റിങ് റെക്കോര്‍ഡുള്ള താരങ്ങളായതിനാല്‍ അശ്വിനേയും രവീന്ദ്ര ജഡേജയേയും ഒരുമിച്ച് ഇന്ത്യന്‍ ടീമില്‍ കളിപ്പിക്കാന്‍ കഴിയുമെന്നും കുംബ്ലൈ പറഞ്ഞു. അശ്വിന് നാല് ടെസ്റ്റ് സെഞ്ചുറികളുണ്ട്. ബാറ്റിംഗില്‍ സ്ഥിരതയുള്ള താരമാണ് ജഡേജ. അശ്വിന്‍ ടീമിലില്ലാത്തത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്നും കുബ്ലൈ കൂട്ടിച്ചേര്‍ത്തു.