ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണനേട്ടം: ഹരിയാന സര്‍ക്കാര്‍ കൊടുത്തത് മൂന്ന് കോടി, ഇവിടെ ഒരു പഞ്ചായത്ത് പ്രസിഡന്റ് പോലും കാണാന്‍ വന്നില്ല; സംസ്ഥാന സര്‍ക്കാരിനെതിരെ പി.ആര്‍ ശ്രീജേഷ്

ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയിട്ട് സ്വന്തം പഞ്ചായത്ത് പ്രസിഡന്റ് പോലും കാണാന്‍ വന്നില്ലെന്ന് ഹോക്കി താരം പി.ആര്‍ ശ്രീജേഷ്. ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസ് ശ്രീജേഷിനെ വീട്ടിലെത്തി അഭിനന്ദിച്ചശേഷമായിരുന്നു ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പറായ ശ്രീജേഷിന്റെ പ്രതികരണം. ഹരിയാന സര്‍ക്കാ മൂന്ന് കോടി രൂപയാണ് ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക് കൊടുക്കുന്നതെന്നും ഇവിടെ കടുത്ത അവഗണനയാണ് തങ്ങള്‍ ഏറ്റുവാങ്ങുന്നതെന്നും ശ്രീജേഷ് മാധ്യമങ്ങളോട് പറഞ്ഞു.

ബംഗാള്‍ ഗവര്‍ണറാണ് എന്നെ അഭിനന്ദിക്കാനായി ആദ്യമായി വീട്ടില്‍ എത്തുന്നത്. അദ്ദേഹം വന്നതില്‍ സന്തോഷമുണ്ട്. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടി തിരിച്ചെത്തിയിട്ട് മൂന്ന് നാല് ദിവസമായി. ഇതുവരെ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ല. ബംഗാള്‍ ഗവര്‍ണറോട് പറഞ്ഞതുപോലെ ഇവിടുത്തെ പഞ്ചായത്ത് പ്രസിഡന്റ് പോലും കാണാന്‍ വന്നില്ല. അപ്പോള്‍ അത്രമാത്രം പ്രതീക്ഷിച്ചാല്‍ മതിയല്ലോ.

ഹരിയാന സര്‍ക്കാരാണെങ്കില്‍ മൂന്ന് കോടി രൂപയാണ് ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാക്കള്‍ക്ക് കൊടുക്കുന്നത്. ഞങ്ങളൊക്കെ നേരിടുന്ന ഈ അവഗണന, നാളത്തെ തലമുറ കണ്ടുപഠിക്കുന്ന കാര്യമാണ്. അവര് നോക്കുമ്പോള്‍ ഏഷ്യന്‍ ഗെയിംസില്‍ മെഡില്‍ നേടിയാലും നാട്ടില്‍ വലിയ വിലയൊന്നുമില്ല എന്ന ചിന്താഗതി വരുമ്പോള്‍ കായിക രംഗത്തേക്ക് പോകുന്നതിനു പകരം പഠിച്ചാല്‍ മതി, ജോലി കിട്ടും എന്ന ചിന്ത അവരില്‍ വളരും. മറ്റ് സംസ്ഥാനങ്ങള്‍ കായികതാരങ്ങളെ നല്ല രീതിയിലാണ് പരിഗണിക്കുന്നത്

ഇന്ത്യന്‍ ഹോക്കി ടീമിലെ സഹതാരമായ അമിത് രോഹിദാസ് കഴിഞ്ഞ ദിവസം ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനെ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തിന് ഒന്നരകോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി അപ്പോള്‍ തന്നെ കൈയില്‍ കൊടുക്കുകയാണ് ചെയ്തത്. അതൊക്കെ ആണ് അവരുടെ പ്രചോദനം- ശ്രീജേഷ് പറഞ്ഞു.