പി.എസ്.ജിയില്‍ കാര്യങ്ങള്‍ അത്ര സുഖകരമല്ല ; ബാഴ്‌സിലോണയിലേക്ക് തിരിച്ചു പോകാന്‍ കൊതിച്ച് മെസ്സി

സ്പാനിഷ് ക്ലബ്ബ് ബാഴ്‌സിയോണയുമായുള്ള അര്‍ജന്റീന ഇതിഹാസതാരം ലിയോണേല്‍ മെസ്സിയുടെ ആത്മബന്ധം ചെറുതല്ല. ആജീവനാന്തം ബാഴ്‌സയ്ക്ക് വേണ്ടി കളിക്കാന്‍ ആഗ്രഹിച്ച താരത്തിന് ക്ഷേ ശമ്പളം പകുതിയായി കുറയ്ക്കാമെന്ന് സമ്മതിച്ചിട്ടും ക്ലബ്ബ് വിടേണ്ടി വന്നു. എന്നാല്‍ താരം കുടിയേറിയ ഫ്രഞ്ച് ക്ലബ്ബില്‍ അത്ര സുഖകരമായ അന്തരീക്ഷത്തിലല്ല താരമെന്നും തിരിച്ചു ബാഴ്‌സിലോണയിലേക്ക് തന്നെ മടങ്ങാന്‍ കൊതിക്കുന്നതായും മുന്‍ ബാഴ്‌സിലോണ വിംഗര്‍ ലോബോ കരാസകോയാണ് വ്യക്തമാക്കിയിരിക്കുന്നത്.

ഫ്രാന്‍സിലെ താമസം കുടുംബത്തിനും അത്ര സന്തോഷകരമാകുന്നില്ല. അതിന് പുറമേ ടീമില്‍ ഇഴുകിച്ചേരാന്‍ മെസ്സിയ്ക്ക് പറ്റുന്നുമില്ല. പിഎസ്ജിയിലെ അര്‍ജന്റീന താരങ്ങള്‍ക്കൊപ്പമാണ് താരം കൂടുതല്‍ സമയവും ചെലവഴിക്കുന്നത്. ടീമില്‍ എയ്ഞ്ചല്‍ ഡി മരിയ, ലിയനാര്‍ഡോ പാരഡസ്, മൗറോ ഇക്കാര്‍ഡി എന്നിവര്‍ക്കൊപ്പമാണ് താരം കൂടുതല്‍ സമയവും ചെലവഴിക്കുന്നത്. പാരീസില്‍ അസന്തുഷ്ടനായ താരം ഉടനടി ബാഴ്‌സയിലേക്ക് തിരികെയെത്താന്‍ സാധ്യതയുണ്ടെന്നാണ് കരാസ്‌കോ പറയുന്നത്.

കഴിഞ്ഞയാഴ്ച മുന്‍ സഹതാരവും ബാഴ്‌സയുടെ നിലവിലെ പരിശീലകനുമായ സാവി ഹെര്‍ണാണ്ടസിന്റെ ജന്മദിനാഘോഷത്തിനായി മെസ്സി ബാഴ്‌സിലോണയില്‍ എത്തിയിരുന്നു. ബാഴ്‌സയുടെ പുതിയ പരിശീലകനായ സാവിയുമായുള്ള ആത്മബന്ധവും താരത്തിന് തിരികെ വരാന്‍ അവസരമായേക്കും. ലാലിഗാ ക്ലബ്ബിന്റെ അക്കാദമി മുതല്‍ ഒരുമിച്ചുള്ളവരാണ് മെസ്സിയും സാവിയും ഇനിയേസ്റ്റയും. അതേസമയം മെസ്സിയെ തിരികെ വാങ്ങാനുള്ള സാഹചര്യത്തിലല്ല ബാഴ്‌സിലോണ ഇപ്പോള്‍. പിഎസ്ജി താരത്തെ വിടാന്‍ തയ്യാറായാല്‍ പോലും അവര്‍ ചോദിക്കുന്ന കൈമാറ്റത്തുക നല്‍കാന്‍ ബാഴ്‌സയ്ക്ക് കഴിഞ്ഞേക്കില്ല. എസി മിലാന്‍ മദ്ധ്യനിരക്കാരന്‍ ഫ്രാങ്ക് കെസ്സിയെ ടീമില്‍ എത്തിക്കാനുള്ള നീക്കത്തിലാണ് ബാഴ്‌സ.